2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പള്ളുരുത്തിയില്‍ വീടുകയറി ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

പള്ളുരുത്തി: ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. പള്ളുരുത്തി എരേകാട് വീട്ടില്‍ മജീദിന്റെ വീടുനു നേരെയാണ് അക്രമണം ഉണ്ടായത്. സംഭവത്തില്‍ മജീദിനും ഭാര്യ സബിത, മകനും വിദ്യാര്‍ഥിയുമായ മുനീര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച്ച രാത്രി ഒമ്പതര മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പള്ളുരുത്തി കമ്പത്തോടത്ത് വീട്ടില്‍ നിവിന്‍ (26) നെ പൊലിസ് അറസ്റ്റ് ചെയ്തു. പത്തോളം പേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ് അറിയിച്ചു. ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സംഭവമറിഞ്ഞ് മജീദിന്റെ വീട്ടിലേക്ക് എത്തിയ അയല്‍വാസികളായ നൗഷാദ്, മണ്‍സൂര്‍, മുനീര്‍ എന്നിവര്‍ക്കും സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മജീദിന്റെ കാലിനും അക്രമിസംഘം വീടിന്റെ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ മജീദിന്റെ ഭാര്യ സബിതയുടെ കൈക്കും പരുക്കേറ്റു. വീടിന്റെ ജനല്‍ചില്ലുകളും ഗേറ്റും സംഘം തല്ലി തകര്‍ത്തു. മജീദിന്റെ മകനും അയല്‍വാസിയും ഇരുചക്രവാഹനത്തിന്‍ യാത്ര ചെയ്യവേ അക്രമിസംഘത്തില്‍പ്പെട്ട യുവാവിനോട് വണ്ടി ഹെഡ് ലൈറ്റ് ഇടാതെ ഓടിച്ചു വന്നതിനെ ചോദ്യം ചെയ്തതാണ് അക്രമണത്തില്‍ കലാശിച്ചത്. വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് ഇവര്‍ വീട്ടിലേക്ക് പോന്നെങ്കിലും പുറകെ തന്നെ സംഘം വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിനു ശേഷം പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. പള്ളുരുത്തി വിളക്കുംപാടം എന്ന പ്രദേശം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ച നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിലേക്ക് വിളക്കുംപാടത്തെ സംഘം കയറുകയും ജോലിക്കാരെ ചുറ്റിക കൊണ്ട് മുതുകില്‍ ഇടിക്കുകയും ചെയ്തതായി പൊലിസിന് പരാതി ലഭിച്ചിരുന്നെങ്കിലും പള്ളുരുത്തിയിലെ ഒരു ഗുണ്ടാ നേതാവ് ഇടപെട്ട് പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. ഏറെ നാളുകളായി ശാന്തമായിരുന്ന പള്ളുരുത്തി പ്രദേശം വീണ്ടും ഇത്തരം ഗുണ്ടാ സംഘങ്ങളുടെ ആക്രമപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ സൈര്യ ജീവിതം തകര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.