2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പള്ളി വികാരിക്കെതിരേ ലൈംഗിക ആരോപണവുമായി വീട്ടമ്മ

കോഴിക്കോട്: നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയിലെ വികാരിയായ ടി. എ ജെയിന്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി വിശ്വാസിയായ സ്ത്രീ. സി.എസ്. ഐ പള്ളി വികാരിക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും വിധവയും രണ്ട് കുട്ടികളുടെ മാതാവുമായ തന്നെ വികാരി അപമാനിച്ചതായി കാണിച്ച് കഴിഞ്ഞ നാലിന് നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എഫ്.ഐ. ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
നേരത്തെ വികാരിക്കെതിരേ പള്ളിയില്‍ പരാതി നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. ബിഷപ്പ് റോയിസ് വിക്ടറിനെ നേരിട്ട് കണ്ടും പരാതി നല്‍കി. പിന്നീട് ഇ മെയിലിലും പരാതി നല്‍കി.
നടപടിയൊന്നും സ്വീകരിക്കാതിരുന്ന സഭാ അധികൃതര്‍, സംഭവം വിവാദമായതോടെ പുറത്തു പറയരുതെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. സംഭവത്തില്‍ നടപടി ഉറപ്പു നല്‍കി ബിഷപ്പ് തനിക്ക് മെയില്‍ അയച്ചിരുന്നു. ഇതിനുശേഷം വികാരിയെ സപ്തംബര്‍ 29ന് നിലമ്പൂര്‍ സി.എസ്.ഐ സെന്റ് മാത്യൂസ് പള്ളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ 33 ദിവസത്തിനുശേഷം ഇദ്ദേഹം ഇംഗ്ലീഷ് പള്ളിയിലേക്ക് തിരിച്ചെത്തി.
വിശ്വാസിയായ തനിക്ക് പ്രാര്‍ഥിക്കാന്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്. പള്ളി ഖജാന്‍ജി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിക്ക് മാപ്പുനല്‍കണമെന്നും തന്നോട് വേറെ ഏതെങ്കിലും പള്ളിയില്‍ പോയി പ്രാര്‍ഥിക്കാനുമാണ് ക്ലെര്‍ജി സെക്രട്ടറി ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരേ കേസു കൊടുക്കൂഎന്നും പരിഹസിച്ചു.
ടി.എ ജെയിന്‍ മൊബൈല്‍ ഫോണിലൂടെയും മെയില്‍ ചാറ്റിലൂടെയും നടത്തിയ അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളുടെ പകര്‍പ്പുകള്‍ വരെ പോലിസിന് കൈമാറിയതായി പരാതിക്കാരി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അന്വേഷി പ്രസിഡന്റ് കെ അജിത, വിക്ടോറിയ, തങ്കം പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.