2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

പള്ളിദര്‍സില്‍ നിന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രസംഗവേദിയിലേക്ക്

കൊണ്ടോട്ടി: ഐക്യരാഷ്ട്ര സഭയെ അഭിമുഖീകരിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ച് മലയാളി യുവപണ്ഡിതന്‍. കോടങ്ങാട് ബഹ്ജത്തുല്‍ ഹുദാ ദര്‍സ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ശരീഫ് നിസാമിക്കാണ് ഈ അത്യപൂര്‍വ നേട്ടം. ഒരു ലോകം, വിവിധ ഭാഷകള്‍ എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള യു.എന്‍ അക്കാദമിക് ഇംപാക്ട് സംഘടിപ്പിച്ച രാജ്യാന്തര പ്രബന്ധ മത്സരത്തില്‍ വിജയം നേടിയാണ് മുഹമ്മദ് ശരീഫ് നിസാമി ഈ നേട്ടം കൈവരിച്ചത്.
യു. എന്‍ അംഗീകരിച്ച 6 ഭാഷകളില്‍ 170 രാഷ്ട്രങ്ങളില്‍ നിന്നായി 6000 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. നാളെ മുതല്‍ 26 വരെ അമേരിക്കയിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഗ്ലോബല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാനും യു. എന്‍ പൊതു സഭയില്‍ പ്രസംഗിക്കാനുമുള്ള അവസരമാണ് ഈ തിരുവനന്തപുരം സ്വദേശിക്ക് കൈവന്നിരിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറബി ഭാഷയിലായിരിക്കും ശരീഫ് നിസാമി പൊതുസഭയെ അഭിമുഖീകരിച്ചു സംസാരിക്കുക.
കേരളത്തിലെ പ്രമുഖ പള്ളി ദര്‍സായ കോടങ്ങാട് ബഹ്ജത്തുല്‍ ഹുദാ ദര്‍സില്‍ നിന്ന് ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍വരിയുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ശരീഫ് നിസാമി തിരുവനന്തപുരം വെള്ളൂര്‍ ഇസ്മാഈല്‍ റാഹില ദമ്പതികളുടെ മകനാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.