2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പറമ്പിക്കുളം-നെന്മാറ-കുഴല്‍മന്ദം സൗരോര്‍ജ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജം

പാലക്കാട്: ജില്ലയെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിനായി കെ.എസ്.ഇ.ബിയും മറ്റ് വകുപ്പുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്റ്ററേറ്റില്‍ മന്ത്രി അവലോകനം ചെയ്യും. രാവിലെ 11ന് കുഴല്‍മന്ദം അനെര്‍ട്ട് പ്രൊജക്റ്റ് സൈറ്റില്‍ രണ്ട് മെഗാവാട്ട് സൗരോര്‍ജ പവര്‍പ്ലാന്റ് വൈദ്യുതിമന്ത്രി നാടിന് സമര്‍പ്പിക്കും. അനെര്‍ട്ടിന്റെ ‘സോളാര്‍ സ്മാര്‍ട്ട്’ പദ്ധതി യുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. എട്ട് ഏക്കര്‍ സ്ഥലത്ത് 13 കോടി ചെലവിട്ടാണ് അനെര്‍ട്ട് പവര്‍പ്ലാന്റ് നിര്‍മിച്ചത്. 260 വാട്ട് ഉത്പാദനശേഷിയുള്ള 7704 പാനലുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഗ്രിഡിലേക്ക് കടത്തിവിടും. ഓരോ വര്‍ഷവും 30ലക്ഷം യൂനിറ്റ് വൈദ്യുതി നിര്‍മിക്കാനാകും. ഉദ്ഘാടന പരിപാടിയില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനാകും, പി.കെ.ബിജു എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജനപ്രതിനിധികള്‍ വകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് മൂന്നിന് പറമ്പിക്കുളം ആദിവാസികോളനികളിലെ സൗരോര്‍ജ വൈദ്യുതീകരണം മന്ത്രി ഉദ്ഘാടനം ചെയ്യും. പറമ്പിക്കുളം ഒറവമ്പാടി, കച്ചിത്തോട്, കുരിയാര്‍കുറ്റി, തേക്കടി മുപ്പതേക്കര്‍, തേക്കടി അല്ലിമൂപ്പന്‍ എന്നീ ആദിവാസി കോളനികളിലാണ് സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് 242 വീടുകളില്‍ വൈദ്യുതിയെത്തിക്കുന്നത്. ഓരോ വീടിനും 100 വാട്ട് വൈദ്യുതിയാണ് നല്‍കുക. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫണ്ടുപയോഗിച്ച് കെ.എസ്.ഇ.ബി വീടുകളില്‍ വയറിങ് നടത്തിയിട്ടുണ്ട്. മൂന്ന് എല്‍.ഇ.ഡി ബള്‍ബുകാളും സൗജന്യമായി നല്‍കും. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനാണ് പദ്ധതിക്കാവശ്യമായ തുക നല്‍കന്നത്. 250 വാട്ട് ശേഷിയുള്ള 268 സോളാര്‍ പാനലുകളും 272 ബാറ്ററികളും അഞ്ച് ഇന്‍വെര്‍ട്ടറും സ്ഥാപിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയിലെ രണ്ട് കോളനികളിലെ 114 വീടുകളിലേക്കുള്ള സൗരോര്‍ജ വൈദ്യുതീകരണം അവസാനഘട്ടത്തിലാണ്. പറമ്പിക്കുളം തേക്കടയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനാകും. പട്ടികജാതി-വര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക വകുപ്പ്മന്ത്രി എ.കെ.ബാലന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും.പി.കെ ബിജു എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്റ്റര്‍ പി.പുകഴേന്തി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
നെന്മാറ 1.5 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 5.30ന് മന്ത്രി നിര്‍വഹിക്കും. ജില്ലയിലെ അഞ്ചാമത്തെ സൗരോര്‍ജ നിലയമാണ് നെന്മാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിസരത്ത് നിര്‍മിച്ചത്. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. പി.കെ. ബിജു എം.പി, കെ.ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്റ്റര്‍ ഡോ.വി. ശിവദാസന്‍, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.