2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പറമ്പിക്കുളം-ആളിയാര്‍ പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ജലവിനിയോഗ കാര്യത്തില്‍ നിലവിലുള്ള അന്തര്‍ സംസ്ഥാന കരാറുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും കരാറിലേര്‍പ്പെടുന്ന കക്ഷികളെല്ലാം വ്യവസ്ഥകള്‍ മാനിച്ചാലേ സഹവര്‍ത്തിത്വം സുഗമമാകുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു. മാനുഷിക പരിഗണനയോടെ തമിഴ്‌നാടിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുകയാണ് കേരളം ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പറമ്പിക്കുളം- ആളിയാര്‍ കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നത്, സംസ്ഥാനത്തെ വരള്‍ച്ചയുടെ സാഹചര്യത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. പാലക്കാട് മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി അര്‍ഹിക്കുന്ന ജലം വിട്ടുതന്നേ മതിയാകൂവെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജലവര്‍ഷത്തില്‍ (2016-17) ചിറ്റൂര്‍പ്പുഴ പ്രദേശങ്ങളില്‍ 6,350 ദശലക്ഷം ക്യുബിക് അടി വെള്ളം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 3,762 ദശലക്ഷം ക്യുബിക് അടി മാത്രമാണ് കേരളത്തിന് തമിഴ്‌നാട് ലഭ്യമാക്കിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യത്തിനു മാത്രമാണ് ഈ ജലം വിനിയോഗിക്കപ്പെടുന്നത്. വരള്‍ച്ച രൂക്ഷമാകുന്ന പ്രദേശങ്ങളിലും ഘട്ടങ്ങളിലും ജലവിനിയോഗത്തില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളുണ്ട്. കൃഷിക്കു പോലും കുടിവെള്ളാവശ്യം കഴിഞ്ഞേ ജലം ഉപയോഗിക്കാവൂ. സംസ്ഥാനം ഇതു കൃത്യമായി പാലിക്കുമ്പോഴാണ് തമിഴ്‌നാട് ആളിയാറിന്റെ ഉയര്‍ന്ന ഭാഗത്തും കാടമ്പറായിലുമുള്ള അണക്കെട്ടുകളിലായി കേരളത്തിന് അര്‍ഹമായ ആയിരത്തോളം ദശലക്ഷം വെള്ളം കരുതല്‍ ശേഖരമായി തടഞ്ഞുവച്ചിരിക്കുന്നത്. ജനുവരിയില്‍ ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ ചിറ്റൂര്‍ പുഴ നദീതട പ്രദേശത്തെ രൂക്ഷമായ വരള്‍ച്ച കണക്കിലെടുത്ത് ജലം വിട്ടുനല്‍കുന്നതിനു ധാരണയായിരുന്നു. അതു പാലിക്കാനും തമിഴ്‌നാട് തയാറാകുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് അവലോകന പദ്ധതി തയാറാക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രിയേയും സംഘത്തെയും കേരളത്തിലേക്കു ക്ഷണിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.