2018 May 22 Tuesday
എന്താണോ നമ്മള്‍ ചിന്തിക്കുന്നത്; നമ്മള്‍ അതായിത്തീരും
-ശ്രീ ബുദ്ധന്‍

പറമ്പിക്കുളം ആളിയാര്‍ കരാര്‍പുതുക്കല്‍: കിട്ടിയ അവസരം കേരളം പാഴാക്കി

വിഎം.ഷണ്‍മുഖദാസ്

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ ഒപ്പുവെച്ച് 59 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ കരാര്‍ പുതുക്കാന്‍ തയാറാവാതെ കേരളത്തിലെ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. പകരം, ഒരു മാസം വെള്ളം നല്‍കാന്‍ മാത്രമുള്ള ചര്‍ച്ചനടത്തി പിരിയുകയാണുണ്ടായത്. കരാര്‍ പുതുക്കല്‍ ചര്‍ച്ച അടുത്തമാസം 10ന് ചെന്നൈയില്‍ നടക്കും. ഈ ചര്‍ച്ചയില്‍ ആവശ്യം ഉന്നയിക്കുമെന്നാണ് കേരളത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഈ വിഷയം അവിടെ ഉന്നയിക്കാന്‍ പോലും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സമ്മതിക്കില്ലെന്നാണ് അറിയുന്നത്.
കരാര്‍ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷം വരെ കേരളത്തിന് അവകാശപ്പെട്ട വെള്ളം കൃത്യമായി നല്‍കിയിരുന്ന തമിഴ്‌നാട് ഇപ്പോള്‍ കേരളത്തിന് അവകാശപ്പെട്ട വെള്ളം പലതവണ സമ്മര്‍ദ്ദ ചര്‍ച്ച നടത്തിയാലേ വെള്ളം നല്‍കുവെന്ന കടുത്ത നിലപാട് എടുത്തിരിക്കുകയാണ്. ഈ അവസ്ഥയില്‍ 30 വര്‍ഷത്തിലൊരിക്കല്‍ പുനരവലോകനം ചെയ്യണ്ട കരാര്‍ 59 വര്‍ഷമായിട്ടും പുനരവലോകനം നടത്തണമെന്നാവശ്യപ്പെടാന്‍ കേരളം മടിക്കുകയാണ്. ഇക്കാര്യത്തില്‍ ദുരൂഹതയുമുണ്ട്. ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും കരാര്‍ പുതുക്കാതിരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ ഫെബ്രുവരി അവസാനം വരെ വെള്ളം ആവശ്യപ്പെട്ടിട്ടും അവര്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
പിന്നീട് ശിരുവാണി വെള്ളം വിടാന്‍ ആലോചിക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോഴാണ് 15 ദിവസത്തേക്ക് വെള്ളം നല്‍കാന്‍ അവര്‍ സമ്മതിച്ചത്. എന്നാല്‍ കരാര്‍ ലംഘനങ്ങള്‍ സ്ഥിരമായി നടത്തുന്ന തമിഴ്‌നാടിനോട് അക്കാര്യം ധൈര്യത്തോടെ പറയാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നതും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ കഴിവുകേടാണ് കാണിക്കുന്നത്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം മുതലാക്കാന്‍ കഴിഞ്ഞ ദിവസം തിരുവന്തപുരത്തു നടത്തിയ ചര്‍ച്ചയില്‍ക ഴിയുമായിരുന്നുവെങ്കിലും, അവസരം മുതലാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
ഇതില്‍നിന്നും മനസിലാവുന്നത് കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും തമിഴ്‌നാടിനോട്് കൂറ് പുലര്‍ത്തുന്നുവെന്നാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇനി കരാര്‍ പുനരവലോകനം നടത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള ഒരുസംഘം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫെബ്രുവരി 28 വരെ വെള്ളം നല്‍കിയത് കൊണ്ട് പാലക്കാട് ജില്ലയിലെ കൃഷി കൊയ്‌തെടുക്കാന്‍ പറ്റുമെങ്കിലും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഭാരതപ്പുഴയില്‍ മാര്‍ച്ചുവരെയെങ്കിലും വെള്ളം ലഭിക്കണം. എങ്കില്‍ മാത്രമേ ഇത്തവണത്തെ കുടിവെള്ളക്ഷാമത്തിന്പരിഹാരമാവുകയുള്ളൂ.
ഇപ്പോള്‍ത്തന്നെ തമിഴ്‌നാട് പറമ്പിക്കുളം ഡാമില്‍ നിന്നും കോണ്ടൂര്‍ കനാല്‍ മാര്‍ഗം തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കടത്തുന്നുണ്ട്. ഒരുമാസം ഇതു തുടര്‍ന്നാല്‍ മാര്‍ച്ചില്‍ കേരളത്തിലേക്ക് ഒരു തുള്ളിവെള്ളം പോലുംവിടാന്‍ കഴിയാത്ത അവസ്ഥ അവിടെയുണ്ടാകും. വെള്ളമില്ലെന്ന കാരണം പറഞ്ഞു കേരളത്തിന് കരാര്‍ പ്രകാരം നല്‍കേണ്ട വെള്ളവും ഇല്ലാതാക്കും.
ഇതിനു പരിഹാരമായി കേരളം അടുത്ത ചര്‍ച്ചയില്‍ കരാര്‍ പുതുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും, അവര്‍ വിസമ്മതിച്ചാല്‍ എതിരഭിപ്രായം രേഖപ്പെടുത്തി ഒരു ട്രൈബ്യൂണലിനെ വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.