2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പറന്ന് പിടിക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി ഹെലികോപ്ടറുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാവോയിസ്റ്റ് വേട്ടക്കു പുറമേ പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുകൂടി എന്നുപറഞ്ഞാണ് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ വാടക നല്‍കി ഹെലികോപ്ടര്‍ സംസ്ഥാന പൊലിസ് വാടകയ്‌ക്കെടുക്കുന്നത്. നക്‌സല്‍ നടപടികള്‍ക്കും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് എന്നാണ് പറയുന്നതെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും യാത്രക്കായി ഇത് ഉപയോഗിക്കുമോയെന്ന കാര്യം വ്യക്തമല്ല.
ഡല്‍ഹി ആസ്ഥാനമായ പവന്‍ ഹാന്‍സ് എന്ന കമ്പനിയുമായി ഈ മാസം പത്തിന് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കേരള പൊലിസ് ഒപ്പുവയ്ക്കും. മാസവാടക സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും കരാറിലെ മറ്റു വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 20 മണിക്കൂറാണ് ഒരു മാസം പറക്കാവുന്ന പരമാവധി സമയം. ഇരുപത് മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോ മണിക്കൂറിനും 60,000 രൂപ വീതം അധികമായി നല്‍കേണ്ടിവരും. വാടക ഇനത്തില്‍ വരുന്ന ഈ തുക കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഫണ്ടില്‍നിന്ന് നല്‍കാമെന്നാണ് തീരുമാനമെന്ന് ആഭ്യന്തരവകുപ്പിലെ ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ഈ മാസം 15ന് ഹെലികോര്‍പ്ടര്‍ സംസ്ഥാനത്തെത്തും.
മഹാപ്രളയത്തെ തുടര്‍ന്നുതന്നെ ഹെലികോപ്ടര്‍ എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ദുര്‍ഘടമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകളും നടത്തിയിരുന്നു. മാത്രമല്ല മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി, മോവോയിസ്റ്റുകള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കാനെന്ന പേരില്‍കൂടിയാണ് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. രണ്ടു വര്‍ഷത്തിനിടെ ഏഴ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇത്തരത്തില്‍ ഫണ്ട് കേന്ദ്രത്തില്‍നിന്ന് ലഭിക്കുമെന്നതും ഹെലികോപ്ടര്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിനു സഹായകമായി. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറയുന്ന വടക്കന്‍ ജില്ലകളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയെക്കരുതി കുഴിബോംബുകള്‍ കണ്ടെത്താനുള്ള സെന്‍സറുകളും സ്‌കാനറുമുള്‍പ്പെടെ ആധുനിക സംവിധാനങ്ങളുള്ള മൈന്‍ പ്രൊട്ടക്ടര്‍ ഒന്നരക്കോടി രൂപ മുടക്കി പൊലിസ് വാങ്ങാന്‍ ആലോചിക്കുന്നതിനു പുറമേയാണ് ഹെലികോപ്ടറുകള്‍ വാടകയ്‌ക്കെടുക്കുന്നത്.
ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതില്‍ തീരുമാനമായത്. സര്‍ക്കാര്‍ നേരിട്ട് വാടകയ്‌ക്കെടുക്കണോ അതോ പൊലിസ് മുഖേന വേണോ എന്നതായിരുന്നു പ്രധാന തര്‍ക്കം.
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്താല്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ ആഭ്യന്തര വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ചിപ്‌സണ്‍ ഏവിയേഷന്‍, പവന്‍ ഹാന്‍സ് എന്നീ കമ്പനികളാണ് ഹെലികോപ്ടര്‍ സംസ്ഥാനത്തിന് വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News