2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പറത്തോട്-പുത്തന്‍പാടം കോളനിയിലേക്ക് ആദിവാസികള്‍ പാത വെട്ടിത്തുടങ്ങി

കൊല്ലങ്കോട്: എഴുപത് വര്‍ഷത്തോളമായി കോളനികളിലേക്ക്്് വഴിയുണ്ടാക്കാന്‍ സര്‍ക്കാറോ രാഷ്ട്രീയക്കാരോ തയ്യാറാകാത്ത സാഹചര്യത്തില്‍ രണ്ടു ഊരുവാസികളും പ്രതിഷേധങ്ങളെ വകവയ്ക്കാതെ രണ്ടും കല്‍പ്പിച്ച് പാത വെട്ടിത്തുടങ്ങി. ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊല്ലങ്കോട് പഞ്ചായത്തിലെ പറത്തോട്, പുത്തന്‍പാടം ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് സ്വന്തം ചെലവിലും അധ്വാനത്തിലും പാതയുണ്ടാക്കാന്‍ തീരുമാനിച്ചത്.  ഒരു കിലോമീറ്ററില്‍ താഴെമാത്രം ദൂരമുള്ള ഏഴുപതിറ്റാണ്ടിലധികമായി ഉപയോഗിക്കുന്ന പാടവരമ്പിലൂടെ അസൂഖം ബാധിച്ചവരെയും മുളകൊണ്ടുണ്ടാക്കിയ മഞ്ചലില്‍ കിടത്തിയാണ് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. പലപ്പോഴും കൃത്യമായ സമയത്ത് തൂക്കിനടക്കാന്‍ ആളില്ലാത്തതിനാല്‍ പെട്ടെന്ന് ചികിത്സ കിട്ടാത്തതും പതിവാണ്. രാവിലെ പണിക്കുപോയി വൈകീട്ട് മടങ്ങുന്ന ആണുങ്ങള്‍ എത്തിയിട്ടുവേണം ക്ഷീണിച്ച് അവശരായ വൃദ്ധരെയും സ്ത്രീകളെയുംആശുപത്രിയിലെത്തിക്കാന്‍എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ വിദ്യാലയ പ്രവേശം തുടങ്ങുന്നതോടെ വിദ്യാര്‍ഥികള്‍ക്കാണ് എറെ ദുരിതം. പാടവരമ്പിലൂടെ സ്‌കൂളില്‍ യാത്രയില്‍ തെന്നിവീണ് പരുക്കുപറ്റുന്നത് പതിവാണ്. മലയോര പ്രദേശമായ പുത്തന്‍പാടം, പറത്തോട് കോളനികളില്‍ നിന്നും വിദ്യാലയങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ഇവരെ വാഹനങ്ങളിലെത്തിക്കാന്‍ പാതയില്ലാത്തതിനാല്‍ പുത്തന്‍പാടം, പറത്തോട് കോളനികളിലെ വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കഴിഞ്ഞദിവസം പറത്തോട് കോളനിവാസിയായ സജീവന്‍ പെട്ടെന്ന് തളര്‍ന്നുപോയപ്പോള്‍ കോളനിയില്‍ നിന്നും പാടവരമ്പത്തുകൂടി പ്രധാന റോഡുവരെ മുളയില്‍കെട്ടിയാണ് കൊണ്ടുപോയത്. കൊല്ലങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തി എന്നാല്‍ വിദഗ്ദ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്് മാറ്റിയതായാണ് അറിവ്. ആദിവാസി കോളനിയിലേക്ക് പാതയുണ്ടാക്കാന്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടങ്ങളിലൂടെ ആറുമീറ്റര്‍ വീതിയിലെങ്കിലും സ്ഥലം വിട്ടുനല്‍കണം. എന്നാല്‍ സ്ഥലമുടമകളില്‍ ചിലര്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്തത് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ വൈകാന്‍ തടസ്സമായി. രാഷ്ട്രീയക്കാര്‍ സ്ഥലമുടമകളോടൊപ്പം നില്‍ക്കുന്നതിനാലാണ് പാത നടപ്പിലാകാത്തതെന്നു കോളനിവാസികള്‍ ആരോപിച്ചു. ഇപ്പോള്‍ നിയമപ്രശ്‌നം എന്തുതന്നെയുണ്ടായാലും സ്ഥലമുടമകളെ നേരില്‍ അറിയിച്ച് ജനകീയമായിത്തന്നെ പാതനിര്‍മ്മാണം തുടങ്ങി. സ്ഥലം ഉടമകള്‍ സ്ഥലം നല്‍കിയില്ലെങ്കില്‍ സ്ഥലം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് തുക നിശ്ചയിച്ച് ആദിവാസി കോളനിക്കായി വാങ്ങി നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്ന് പട്ടികജാതിവര്‍ഗ്ഗ സംഘടന പ്രതിനിധികളും പറഞ്ഞു. ജാതി നിര്‍ണയത്തിനും, റോഡ് വികസനത്തിനും ബന്ധമില്ലെങ്കിലും റോഡ് വികസനം പറത്തോട്, പുത്തന്‍പാടം കോളനിയിലേക്ക് എത്തിക്കാത്തതിനു ഉത്തരവാദികള്‍ മാറിമാറിവരുന്ന ജനപ്രതിനിധികളാണെന്നും ഇവര്‍ പറയുന്നു.ഈ തിരഞ്ഞെടുപ്പില്‍ കൊല്ലങ്കോട് മേഖലയില്‍ ഇടതിന് പ്രാമുഖ്യമുള്ള ഈ കോളനികള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വലിയ രാഷ്ട്രീയ വിഷയമാകുന്നുണ്ട്. വാര്‍ഡ്‌മെമ്പറും, പഞ്ചായത്ത് ഭരണവും, ബ്ലോക്ക് മെമ്പറും, ബ്ലോക്ക് ഭരണവും, ജില്ലാപഞ്ചായത്ത് മെമ്പറും, ജില്ലാ പഞ്ചായത്ത് ഭരണവും ഇടതുപക്ഷത്തിനാണ്. കൂടാതെ എം.എല്‍.എയും എം.പിയും ഇടതുപക്ഷ ജനപ്രതിനിധികളാണ്. ഇപ്പോള്‍ കേരളം ഭരിക്കുന്നതും ഇടതുപക്ഷസര്‍ക്കാരാണ് ഇവിടെത്തെ വോട്ടര്‍മാരില്‍ അധികവും ഇടതിനോട് പ്രമുഖ്യമുള്ളവരാണ് എന്നിട്ടും വികസനം എത്താത്തത് രാഷ്ട്രീയ നിരീക്ഷകരുടെ പഠനവിഷയമാകുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.