
മാവൂര്‍: ഒടുവില്‍ പരേതര്‍ സംഗമിച്ചു, തങ്ങല് മരിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. വായിക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ..?എന്നാല്‍ സംഗതി സത്യമാണ്.
കോഴിക്കോട് ജില്ലയിലെ പെരുവയല്‍ പഞ്ചായത്തിലെ പെരുവയല്‍ വാര്‍ഡിലെ പരേതരാണ് ഇന്നലെ ഒത്തൊരുമിച്ചത്. പെന്ഷന് പദ്ധതിയില്‍നിന്ന് വെട്ടിമാറ്റാന്‍ ഇവരെ സര്‍ക്കാര്‍ പരേതരെന്ന് മുദ്രകുത്തുകയായിരുന്നു. എന്നാല്‍ അവരെല്ലാം ജീവനോടെയുണ്ട്. പക്ഷേ രേഖകളില്‍ ഇവര്‍ മരിച്ചവരാണ്.
പുതുതായി സര്‍ക്കാര്‍ പുറത്തിറക്കിയ പെന്ഷന് രേഖയിലൊന്നും ഇവരുടെ പേരില്ല. കാരണമായി പറയുന്ന് ഇവര്‍ മരിച്ചുപോയെന്നാണ്. അതിനാല്‍ തന്നെ തങ്ങള്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ സര്‍ക്കാര്‍ പരേതര്‍.
പെരുവയലിലെ മായങ്കോട്ട് ചാലില്‍ മുഹമ്മദ്, മഠത്തില്‍ ടി.എം മുഹമ്മദ്, നെരോത്ത് കെ. മുഹമ്മദ് എന്നിവരാണ് മരിച്ചെന്ന് മുദ്രകുത്തി വാര്‍ധക്യകാല പെന്ഷന് ലിസ്റ്റില്‍നിന്ന് വെട്ടിമാറ്റപ്പെട്ടത്. പെരുവയല്‍ അങ്ങാടിയിലായിരുന്നു ഒത്തുകൂടല്‍. ഞങ്ങള്‍ മരിച്ചിട്ടില്ലെന്നും തുടര്‍ന്നും പെന്ഷന് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
കോഴിക്കാട് ജില്ലയില്‍ മാത്രം നൂറുകണക്കിനാളുകള്‍ മരിച്ചെന്ന പേരുപറഞ്ഞ് വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ പെന്ഷന് സൈറ്റില്‍നിന്ന് ലഭിച്ച വിവരം. വീട്ടില്‍ ഇരുചക്രവാഹനം പോലുമില്ലാത്ത നൂറിലധികം ആളുകളെ നാലുചക്ര വാഹനത്തിന്റെ ഉടമസ്ഥരായി ചിത്രീകരിച്ചതും വാര്‍ധക്യകാല-വിധവാ, വികലാംഗ-കര്‍ഷക തൊഴിലാളി പെന്ഷന് എന്നിവ തടസപ്പെടാന്‍ കാരണമായി. നിത്യജീവിതത്തിനുപോലും വകയില്ലാതെ പ്രയാസപ്പെടുന്നവരാണ് ഇവരില്‍ മിക്കവരും.