2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

പരീക്ഷയില്‍ രക്ഷിതാക്കളുടെ പങ്ക്

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ തുടങ്ങുകയാണിന്ന്. ഫൈനല്‍ പരീക്ഷക്കു മുന്‍പുള്ള അവസാന ബെല്ലാണിത്. മറ്റു പരീക്ഷകളും പിന്നാലെ വരും. എങ്ങനെയൊക്കെയാകണം പഠനത്തില്‍ രക്ഷിതാക്കള്‍ സഹായിക്കേണ്ടത്?

ഡോ.പി.എന്‍.സുരേഷ്‌കുമാര്‍

പഠനം എന്നു കേള്‍ക്കുമ്പോള്‍തന്നെ പലര്‍ക്കും ഉത്കണ്ഠയാണ്. പഠനത്തോട് അനുബന്ധിച്ചുള്ള പരീക്ഷയാണ് മുഖ്യകാരണം. ഏതു രംഗത്തും കടുത്ത മത്സരം നേരിടേണ്ടിവരുന്ന കാലഘട്ടത്തില്‍ പഠനവും പരീക്ഷയും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പേടിയുളവാക്കുന്ന കാര്യമാണ്. പഠനവും പരീക്ഷയും കുട്ടികള്‍ക്കുള്ളതാണെങ്കിലും ഇവ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കള്‍ക്കും സഹായിക്കാന്‍ കഴിയും. കുട്ടികളുടെ മികച്ച പ്രകടനം പരീക്ഷയില്‍ പ്രതിഫലിക്കാന്‍ രക്ഷിതാക്കള്‍ അവരുടെ പങ്ക് അനിവാര്യമായും നിര്‍വഹിക്കണം. മക്കളുടെ പഠനത്തില്‍ രക്ഷിതാക്കള്‍ ചെയ്യേണ്ട ലളിതമായ ചില മാര്‍ഗങ്ങളാണ് താഴെ.

 

ബുദ്ധി വളര്‍ച്ചക്കനുസരിച്ച് പഠിപ്പിന്റെ നിലവാരം നിശ്ചയിക്കണം

കുട്ടികളുടെ പ്രായത്തിനും കഴിവിനും അനുസൃതമായി പഠിപ്പിനും പെരുമാറ്റങ്ങള്‍ക്കും ഒരു നിലവാരം നിശ്ചയിക്കേണ്ടതുണ്ട്. നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടി ഒരു വീടിന്റെ ചിത്രം വരച്ചെന്നിരിക്കട്ടെ. ചിത്രം മോശമായാല്‍പോലും പരിമിതമായ കഴിവുകള്‍ ഉപയോഗിച്ച് ചെയ്ത ഈ പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കണം. ചില രക്ഷിതാക്കള്‍ ഇതൊന്നും വലിയ കാര്യമല്ല എന്ന രീതിയില്‍ കഴിവിനെ കുറച്ച് സംസാരിക്കാറുണ്ട്. ഇത്തരം പെരുമാറ്റം കുട്ടിയില്‍ താന്‍ കഴിവ് കുറഞ്ഞവനാണ് എന്ന അപകര്‍ഷതാബോധം ഉണ്ടാക്കാം. പ്രായത്തിനൊത്ത കഴിവും വിവേകവുമില്ലാത്ത കുട്ടിയാണെങ്കില്‍പോലും അവന്‍ ചെയ്യുന്ന കാര്യങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്താനും ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ തരണം ചെയ്യാനും ഉത്തേജനം നല്‍കും.
കുട്ടിയോട് പഠിപ്പിനെക്കുറിച്ച് മാതാപിതാക്കള്‍ ഇടയ്‌ക്കെല്ലാം ചര്‍ച്ച ചെയ്യുന്നത് പഠിപ്പിലുള്ള താല്‍പര്യം വര്‍ധിപ്പിക്കും. പഠനത്തില്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ട് എന്ന് കുട്ടിക്ക് ബോധ്യമായാലേ പഠനം മെച്ചപ്പെടൂ.

 

പഠനത്തിന് കൃത്യമായ സമയം

പല കുട്ടികളും വ്യത്യസ്ത സമയങ്ങളാണ് പഠനത്തിനായി തിരഞ്ഞടുക്കുന്നത്. ചിലര്‍ ഇടവേള സമയത്തുപോലും, സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ ഉടനേയും പഠിക്കാന്‍ ആരംഭിക്കും. സമയം വളരെ പ്രയോജനകരമായി ഉപയോഗിക്കുന്ന ഇത്തരം മിടുക്കന്മാര്‍ താരതമ്യേന കുറവാണ്. മിക്കവാറും കുട്ടികളും വീട്ടില്‍ എത്തി ഭക്ഷണം കഴിച്ച് അല്‍പം വിശ്രമിക്കുകയോ കളിക്കുകയോ ചെയ്തശേഷമാണ് പഠിക്കാന്‍ തുടങ്ങുക. ചിലരാകട്ടെ പഠിപ്പ്, ഗൃഹപാഠം എന്നിവ സ്‌കൂളില്‍ എത്തി ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് ചെയ്യാം എന്ന് പറയാറുണ്ട്. ഇത് ഗൃഹപാഠം ധൃതി പിടിച്ച് ചെയ്യുന്നതിനും, മറ്റുള്ളവര്‍ ചെയ്തത് പകര്‍ത്തി എഴുതുന്നതിനും വഴിയൊരുക്കും. മാത്രമല്ല ഇതുമൂലം കുട്ടിയുടെ പഠനശൈലിയെക്കുറിച്ച് രക്ഷിതാവിന് മനസിലാക്കാനും സാധിക്കില്ല.

ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നതിന് താല്‍പര്യം കാണിക്കാറുണ്ട്. ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ പുലര്‍ച്ചേ എഴുന്നേറ്റ് പഠിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പഠനത്തിന് ടൈം ടേബിള്‍ ഉണ്ടാക്കുമ്പോള്‍ കുട്ടിക്ക് കളിക്കാനും, വിശ്രമിക്കാനും, ടി.വി, പാട്ട് എന്നിവ ആസ്വദിക്കാനും വേണ്ടത്ര സമയം ഉള്‍പ്പെടുത്തണം.

 

എത്രനേരം പഠിക്കണം?

കുട്ടി എത്രനേരം പഠിക്കണം എന്നത് കുട്ടിയുടെ ബുദ്ധിവളര്‍ച്ചയേയും പഠിക്കാനുള്ള താല്‍പര്യത്തേയും ആശ്രയിച്ചിരിക്കുന്നു. നല്ല ശ്രദ്ധയും, ഓര്‍മശക്തിയും ഉള്ള കുട്ടിയാണെങ്കില്‍ ഒരുപ്രാവശ്യം വായിക്കുമ്പോഴേക്കും അവന്‍ കാര്യങ്ങള്‍ ഗ്രഹിച്ചിരിക്കും. ബുദ്ധിയുണ്ടെങ്കിലും പഠിക്കാന്‍ താല്‍പര്യമില്ലാതെ മറ്റ് കാര്യങ്ങള്‍ ഓര്‍ത്ത് വായിക്കുമ്പോള്‍ കുട്ടിക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനാവില്ല. പഠനത്തില്‍ പിന്നോക്കം പോകുകയാണെങ്കില്‍ കുട്ടിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുകയാണെങ്കില്‍ അധ്യാപകരുമായി ബന്ധപ്പെട്ട് പ്രതിവിധികള്‍ ആരായണം.

 

നന്നായി പഠിക്കുന്നുണ്ടെന്ന് എങ്ങനെ മനസിലാക്കാം?

ചില കുട്ടികള്‍ മണിക്കൂറുകളോളം പഠിച്ചാലും പരീക്ഷയില്‍ വേണ്ടത്ര വിജയിക്കാറില്ല. ഇവര്‍ ചെയ്ത ഗൃഹപാഠങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നിരവധി അക്ഷരത്തെറ്റും വ്യാകരണപിശകും കാണാന്‍ കഴിയും. ഇത്തരക്കാര്‍ വായിക്കുമ്പോള്‍ അക്ഷരങ്ങളിലേക്ക് നോക്കുകയല്ലാതെ വാചകങ്ങളുടെ അര്‍ഥം മനസിലാക്കാറില്ല. വായിച്ച പാഠഭാഗത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഇവര്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല.
ചില കുട്ടികള്‍ക്ക് പഠിച്ച കാര്യങ്ങള്‍ വീട്ടില്‍വച്ച് ചോദിച്ചാല്‍ ഭംഗിയായി ഉത്തരം പറയാന്‍ കഴിയും. എന്നാല്‍ ക്ലാസ് റൂമില്‍ ചോദിക്കുമ്പോഴോ, പരീക്ഷ എഴുതുമ്പോഴോ ഉത്തരം നല്‍കാന്‍ കഴിയാറില്ല. ഒരുപക്ഷേ അധ്യാപകനോടോ പരീക്ഷയോടോ ഉള്ള അമിതമായ ഭയമാകാം ഇത്തരം മോശം പ്രകടനത്തിന് കാരണം. ഇത്തരം കുട്ടികളെ അധ്യാപകന്‍ ഒറ്റക്ക് വിളിച്ച് ചോദ്യം ചോദിക്കുകയും പരീക്ഷ എഴുതിക്കുകയും ചെയ്ത് കുട്ടിയുടെ ഭയം മാറ്റിയാല്‍ കഴിവിനനുസരിച്ച് ഉത്തരം നല്‍കാന്‍ സാധിക്കും. ഇപ്രകാരം കുട്ടിക്ക് ധൈര്യം വന്നാല്‍ മറ്റു കുട്ടികളുടെ കൂടെ ഇരുത്തിതന്നെ ചോദ്യങ്ങള്‍ ചോദിക്കുകയും പരീക്ഷ നടത്തിക്കുകയും ചെയ്യാം.

 

ഗൃഹപാഠവും രക്ഷിതാവും

ഗൃഹപാഠങ്ങള്‍ ചെയ്യുമ്പോള്‍ അത് മനസിലാക്കി ചെയ്യാന്‍ കുട്ടിയെ പരിശീലിപ്പിക്കണം. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഗൃഹപാഠം ചെയ്യുന്നതിനായി ഒരു നിശ്ചിതസമയം നല്‍കുകയും ഈ സമയത്ത് കുട്ടി അത് വൃത്തിയായും പൂര്‍ണമായും ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണം. ചിലപ്പോഴൊക്കെ ബുദ്ധിമുട്ടേറിയ ഗൃഹപാഠങ്ങള്‍ ചെയ്യാന്‍ കുട്ടി രക്ഷിതാവിന്റെ സഹായം ആവശ്യപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാവ് കുട്ടിക്കുവേണ്ടി ഗൃഹപാഠം സ്വയം ചെയ്യാതെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കുട്ടിയെക്കൊണ്ടു ചെയ്യിപ്പിക്കണം. കുട്ടിക്ക് താങ്ങാവുന്നതിലധികം ഗൃഹപാഠം അധ്യാപകര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ കുട്ടിയുടെ മുന്‍പില്‍വച്ച് അധ്യാപകനെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക. ഇത്തരം പെരുമാറ്റം കുട്ടിയില്‍ അധ്യാപകരെക്കുറിച്ചുള്ള മതിപ്പ് കുറയാന്‍ ഇടയാകും.

 

ഗൃഹപാഠം ചെയ്യുന്നുണ്ടെന്ന് എങ്ങനെ മനസിലാക്കാം?

ചെറിയ ക്ലാസ് മുതല്‍ തന്നെ കുട്ടിയെ ക്ലാസില്‍ കുറിച്ചെടുക്കുന്ന നോട്‌സുകള്‍ മറ്റൊരു പുസ്തകത്തിലേക്ക് പകര്‍ത്തി എഴുതാന്‍ പരിശീലിപ്പിക്കുക. കുട്ടി ഇത് ശരിയായവിധം ചെയ്യുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഇടക്കിടക്ക് പരിശോധിക്കണം. പകര്‍ത്തി എഴുതിയ നോട്ട്‌സ് രക്ഷിതാവിന് മനസിലാകുന്നില്ലെങ്കില്‍ കുട്ടിയോട് ചോദിച്ച് അത് എത്രകണ്ട് മനസിലാക്കി എന്ന് പരിശോധിക്കണം. വൃത്തിയായി എഴുതിയിട്ടില്ലെങ്കില്‍ അതും കുട്ടിയെ പറഞ്ഞു മനസിലാക്കി ശരിയാക്കിയെടുക്കേണ്ടതാണ്.
കുട്ടികള്‍ വീട്ടില്‍ വന്നാല്‍ നാളത്തെ ഗൃഹപാഠങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ അടിക്കടി മറ്റു കുട്ടികളെ ഫോണ്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനര്‍ഥം കുട്ടി ക്ലാസില്‍ അധ്യാപകര്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ല എന്നാണ്. ഇത്തരം കുട്ടികള്‍ അവസരം കിട്ടിയാല്‍ മറ്റു കുട്ടികളുടെ ഗൃഹപാഠം, പരീക്ഷ എന്നിവ കോപ്പിയടിക്കാനും സാധ്യതയുണ്ട്. കുട്ടിക്ക് ഗൃഹപാഠം ചെയ്യുന്നതിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും അധ്യാപകരില്‍ നിന്നാണ് രക്ഷിതാവിന് അറിയാന്‍ കഴിയുക. അതുകൊണ്ട് തന്നെ രക്ഷിതാവും അധ്യാപകരും തമ്മില്‍ ഒരു സമ്പര്‍ക്കം ഉണ്ടാകുന്നത് നല്ലതാണ്.

പഠിക്കാനുള്ള അന്തരീക്ഷം എങ്ങനെ ആയിരിക്കണം?

വൃത്തിയും, ശാന്തവും, ശബ്ദ ശല്യങ്ങളുമില്ലാത്ത പ്രകാശമുള്ള അന്തരീക്ഷമായിരിക്കണം കുട്ടികളുടെ പഠനമുറി. മുറിയില്‍ എഴുതാനുള്ള മേശ, പേന, പുസ്തകങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. പഠനമുറിയില്‍ കട്ടില്‍, കിടക്ക എന്നിവ ഉണ്ടായാല്‍ കിടന്ന് വായിക്കാനുള്ള പ്രവണത ഉണ്ടണ്ടാകും. ഇത് പഠനത്തിലുള്ള ഏകാഗ്രത കുറയ്ക്കും, പഠനമുറിയിലോ, മുറിയുടെ അടുത്തോ ടി.വി, വീഡിയോ, ടേപ്പ് റെക്കോര്‍ഡര്‍ എന്നിവ വയ്ക്കുന്നത് പഠനക്ഷമത കുറയ്ക്കും.

 

അധ്യാപക-രക്ഷാകര്‍തൃ യോഗങ്ങളില്‍ പങ്കെടുക്കുക

അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ സംഘടിപ്പിക്കാറുള്ള അധ്യാപക-രക്ഷാകര്‍തൃ സംഗമങ്ങളില്‍ കുട്ടികള്‍ ആ വര്‍ഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകര്‍ വിശദീകരിക്കാറുണ്ട്. രക്ഷിതാക്കള്‍ ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ മെനക്കെടാറില്ല. ഇത്തരം സംഗമങ്ങളില്‍ പങ്കെടുക്കുന്നത് രക്ഷിതാവിന് തന്റെ പഠിപ്പില്‍ ശ്രദ്ധയുണ്ട് എന്ന് കുട്ടിയെ ബോധ്യപ്പെടുത്താന്‍ സഹായമാകും. മാത്രമല്ല ഇത്തരം സംഗമങ്ങളാണ് പഠിപ്പിനെക്കുറിച്ചും പെരുമാറ്റങ്ങളെക്കുറിച്ചും അധ്യാപകരുമായി ചര്‍ച്ച ചെയ്യാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും അവസരമൊരുക്കുക.പല സ്‌കൂളുകളും മൂന്നോ നാലോ മാസം കൂടുമ്പോള്‍ ഇത്തരം മീറ്റിംഗുകള്‍ സംഘടിപ്പിക്കാറുണ്ട്.

 

മറവി എങ്ങനെ കുറയ്ക്കാം ?

ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ വലിയ തെറ്റുകള്‍ കൂടാതെ മിക്ക കുട്ടികള്‍ക്കും ഉടന്‍തന്നെ പറയാന്‍ കഴിയും. ദിവസങ്ങള്‍ കഴിയുന്തോറും ഇവ കുട്ടിയുടെ ഓര്‍മയില്‍നിന്നും മാഞ്ഞുപോകും. ഇതിനുള്ള പ്രതിവിധി എല്ലാ ദിവസവും അന്നന്ന് പഠിച്ച കാര്യങ്ങള്‍ അന്നന്ന് വായിക്കുകയും ആഴ്ചാവസാനം ഒരു പ്രാവശ്യം കൂടി വായിക്കുകയുമാണ്. ഇപ്രകാരം വായിച്ചാല്‍ വസ്തുതകള്‍ ദീര്‍ഘകാലം ഓര്‍മയില്‍ നില്‍ക്കും. ഈ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്.

 

പഠനസഹായികള്‍

പഠനം മെച്ചപ്പെടുത്തുന്നതിനും പഠനപ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ഒട്ടേറെ ഉപാധികള്‍ ഇന്ന് ലഭ്യമാണ്. ചെറിയ കുട്ടികള്‍ക്ക് അക്ഷരമാല പഠിക്കുന്നത് മുതല്‍ വാക്കുകളും വാചകങ്ങളും പഠിക്കാനുള്ള കംപ്യൂട്ടറുകള്‍ സോഫ്റ്റ് വെയറുകള്‍ വളരെ ചുരുങ്ങിയ വിലക്ക് ഇന്ന് വിപണിയില്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആവര്‍ത്തിച്ച് പഠിക്കുന്നതിനും ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനും ടേപ്പ് റെക്കാര്‍ഡര്‍ സഹായകമാണ്. മുതിര്‍ന്ന കുട്ടികള്‍ക്ക് ചിത്രങ്ങള്‍, ഗ്രാഫുകള്‍, സെമിനാര്‍, പ്രോജക്ട് എന്നിവ തയാറാക്കാന്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാം.

 

പഠനത്തില്‍ രക്ഷിതാക്കള്‍ എത്രത്തോളം സഹായിക്കണം?

പഠനത്തില്‍ രക്ഷിതാക്കള്‍ സഹായിക്കുക എന്നതിനര്‍ഥം കുട്ടിക്ക് വേണ്ടി പാഠം വായിക്കുകയോ, ഗൃഹപാഠം ചെയ്യുകയോ അല്ല. ശരിയായ രീതിയില്‍ കുട്ടിയെ പഠിക്കാന്‍ സഹായിക്കുക, വസ്തുതകള്‍ കുട്ടിക്ക് മനസിലാക്കി കൊടുക്കുക, പഠനം ആസ്വാദ്യകരമായ ഒരുഅനുഭവമാക്കി മാറ്റുക എന്നിവയാണ്. രക്ഷിതാവ് കുട്ടിക്കുവേണ്ടി ഒരു പ്രബന്ധം ഉണ്ടാക്കി കൊടുത്തെന്നിരിക്കട്ടെ. അവന്റെ നിലവാരം വച്ച് ഇത് അവന്‍ തയാറാക്കിയതല്ല എന്ന് അധ്യാപകന് മനസിലായാല്‍ അത് കുട്ടിയെക്കുറിച്ച് അധ്യാപകന് മോശമായ ധാരണ രൂപപ്പെടാന്‍ ഇടയാക്കും.

 

ട്യൂഷന്‍ ആവശ്യമുണ്ടോ?

പഠനത്തിലോ, പരീക്ഷയിലോ, ഗൃഹപാഠങ്ങള്‍ ചെയ്യുന്നതിലോ കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അധ്യാപകനുമായി സംസാരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുക. പിന്നെയും കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ കുട്ടിക്ക് ട്യൂഷന്‍ കൊടുക്കുന്നത് നല്ലതായിരിക്കും. നിരവധി വിഷയങ്ങള്‍ക്ക് ട്യൂഷന്‍ കൊടുത്ത് കുട്ടിക്ക് കളിക്കാനും, വിശ്രമിക്കാനുമുള്ള സമയം അപഹരിക്കുന്നതും നല്ലതല്ല. ട്യൂഷന്‍ മാസ്റ്ററും സ്‌കൂള്‍ അധ്യാപകരും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

 

വായന രസകരമായ അനുഭവമാക്കുക

നിങ്ങളുടെ കുട്ടി പാഠങ്ങളെല്ലാം പെട്ടെന്ന് മനസിലാക്കുന്നവനാണെങ്കില്‍ ബാക്കി സമയം അവനെ പത്രം, കഥാപുസ്തകങ്ങള്‍, പൊതുവിജ്ഞാനം എന്നിവ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ചെറിയക്ലാസ് മുതല്‍ക്ക് തന്നെ കുട്ടികളെ ഇങ്ങനെ വായനാ ശീലമുള്ളവരാക്കി മാറ്റാം. ചെറിയ പ്രായം മുതല്‍ തന്നെ കുട്ടികളെ മനസില്‍ വായിക്കാന്‍ പരിശീലിപ്പിക്കണം. ഭാവിയില്‍ നിരവധി കാര്യങ്ങള്‍ വായിച്ചെടുക്കാനും, ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോഴും ഇത്തരത്തിലുള്ള നിശബ്ദ വായന സഹായകമാണ്. ഒഴിവ് സമയം കുട്ടികളെ കംപ്യൂട്ടര്‍ ഉപയോഗിക്കാനും പരിശീലിപ്പിക്കുക.

 

പരീക്ഷയില്‍ എങ്ങനെ സഹായിക്കാം?

പരീക്ഷ കുട്ടികള്‍ക്കുള്ളതാണെങ്കിലും പഠനത്തിലെന്നപോലെ പരീക്ഷയിലും രക്ഷിതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ട്. പരീക്ഷക്ക് തയാറെടുക്കുന്ന ഘട്ടത്തില്‍ സിഡി പ്ലെയര്‍, ടി.വി എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. ഈ വേളയില്‍ കുറ്റപ്പെടുത്താതെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതെ കുട്ടിക്ക് ഒരു താങ്ങായി മാതാപിതാക്കള്‍ പെരുമാറണം.
പഠനത്തിനുള്ള ടൈംടേബിള്‍ കുട്ടി കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പഠിച്ചെന്ന് പറയുന്ന കാര്യങ്ങള്‍ കുട്ടിക്ക് ഹൃദിസ്ഥമായോ എന്നും രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. പരീക്ഷാസമയത്ത് കുട്ടികളുടെ ആരോഗ്യം, ഭക്ഷണം, വസ്ത്രധാരണം എന്നിവയുടെ കാര്യത്തിലും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.