2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പരിസ്ഥിതി : ലോകരാജ്യങ്ങളുടെ പ്രതിജ്ഞ ഫലപ്രദമോ?

ഡോ: ഗിന്നസ് മാടസ്വാമി

ഉയരുന്ന അഗോള താപനത്തിന് വേണ്ടി ഒടുവില്‍ ഒരു പ്രമേയം കൂടി. താപനില കുറച്ചു കൊണ്ടുവരാന്‍ അഗോള തലത്തില്‍ ഫലപ്രദമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം യു.എന്‍ ജനറല്‍ അസംബ്ലി ഹാളില്‍ കൂടിയ ചടങ്ങില്‍ സമ്മതിച്ചിരിക്കയാണ്.

കാലോചിതമായ ഈ നടപടി എന്തു കൊണ്ടും ഉയരുന്ന താപനിലയ്ക്ക് ഒരു പരിധിവരെ അന്ത്യം കുറിക്കും. കഴിഞ്ഞ ഡിസംബറില്‍ പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ വ്യതിയാന കണ്‍വന്‍ഷനില്‍ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. നമ്മുടെ രാജ്യം ഉള്‍പ്പെടെ 150 ലേറെ രാജ്യങ്ങള്‍ ഈ പ്രമേയത്തില്‍ ഒപ്പുവച്ചു. ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കുമെന്നാണ് പ്രതിജ്ഞ. കാര്‍ബന്‍ പുറന്തള്ളുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന രാജ്യങ്ങളായ ചൈന, യു.എസ്, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഇതില്‍ ഒപ്പുവച്ചത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ അദ്യമായി ഉണ്ടായ ഈ തീരുമാനം മുഖേന കരാറില്‍ ഒപ്പുവച്ച് 30ാം ദിവസം മുതല്‍ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കും. ആഗോളതാപനം കാരണം മനുഷ്യ ജീവിതം തന്നെ അപകടത്തിലേക്ക് എടുത്തു എറിയപ്പെടുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ലോകത്ത് നടക്കുന്ന 90ശതമാനം ദുരന്തങ്ങളും പ്രകൃതിയുടെ അഴിഞ്ഞാട്ടമാണ്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ് എന്നിവ ഭീഷണി ഉയര്‍ത്തുന്നത് ആഗോള താപനത്തിന്റെ പരിണിതഫലമാണ്. 2010ല്‍ ഹെയ്ത്തില്‍ ഉണ്ടായ ഭൂമിക്കുലുക്കത്തില്‍ രണ്ട് ലക്ഷം പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ 9000 പേര്‍ മരിക്കുകയും 21000പേര്‍ പരുക്കുകളോടെ രക്ഷപ്പെടുകയുചെയ്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 500ലേറേ പേര്‍ മരിച്ചത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് എറ്റ തിരിച്ചടിയാണ്.
താപനില ഡിഗ്രി കുറയ്ക്കാനായില്ലെങ്കില്‍ ലോകം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഒന്നും വിജയം കാണിലെന്നാണ് ഐക്യരാഷ്ട്ര വിലയിരുത്തുന്നത്. ഈ വിലയിരുത്തല്‍ നമ്മുടെ ലോക രാജ്യങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ഭാവി പരിപാടിയിലേക്ക് വിരല്‍ ചുണ്ടുന്നു.
ലോകത്ത് മൊത്തം പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് പരിശോധിക്കുമ്പോള്‍ ചൈനയാണ് മുമ്പില്‍ ഉള്ളത്. യു.എസും, റഷ്യയും തൊട്ടടുത്ത സ്ഥാനത്ത് ഉണ്ട്. ‘കാലാവസ്ഥ നീതി’ എന്ന വിഷയത്തില്‍ ഇന്ത്യ ഉന്നയിച്ച കാര്യങ്ങള്‍ യു.എന്‍ അംഗീകരിക്കുകയും സുസ്ഥിര ജീവിതശൈലിക്കും സുസ്ഥിര ഉപഭോക്ത മാതൃകയ്ക്കുമുള്ള പ്രസക്തി യു.എന്‍. മനസിലാക്കി ഉടമ്പടിയിലെ വ്യവസ്തകള്‍ എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയും ചെയ്യണം.
ഊര്‍ജക്ഷമതയുള്ള പദ്ധതികള്‍ക്കു രൂപം നല്‍കുകയും ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങള്‍ക്ക് എതിരേ ശക്തമായ നടപടികള്‍ കൈകൊള്ളുകയും കാര്‍ബന്‍ ബഹിര്‍ഗമണം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആദ്യമായി നടപ്പിലാക്കുന്ന രാജ്യങ്ങളെ ആദരിക്കുന്നത് ആഗോളതാപനില കുറയ്ക്കുവാന്‍ സഹായിക്കുമെന്നത് ഉറപ്പാണ്.
കേവലം കരാറുകള്‍ മന്യഷ്യജീവിതത്തെ മെച്ചപ്പെടുത്തില്ല. മറിച്ചു ഒപ്പുവച്ച കരാറുകള്‍ നടപ്പിലാക്കി അവയുടെ ലക്ഷ്യങ്ങള്‍ നൂറു ശതമാനവും വിജയം കാണുവാന്‍ പ്രവര്‍ത്തിക്കുകയും വേണം.
എന്തു തന്നെയായാലും ആഗോളതാപനം ഒരു ആഗോള പ്രശ്‌നം തന്നെയാണ്. നമുക്ക് ഒരുമിച്ചു ഈ വിഷയത്തില്‍ ചിന്തിക്കാം, അതിനായ് പ്രവര്‍ത്തിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.