2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പരിമളവും വര്‍ണവും വിതറി ഓണപ്പൂവിപണി സജീവം

കോഴിക്കോട്: ഓണത്തിന് ഏഴുനാള്‍ ശേഷിക്കേ പരിമളവും വര്‍ണവും വിതറി നഗരത്തിലെ പൂവിപണി സജീവമായി. പാളയത്താണ് പൂക്കച്ചവടം പൊടിപൊടിക്കുന്നത്. ഇവിടെ മാത്രം ഇരുപതോളം സ്റ്റാളുകളുണ്ട്. കൂടാതെ നൂറുകണക്കിനു  ചെറുകിട കച്ചവടക്കാരും വിപണിയില്‍ സജീവമായുണ്ട്. വിവിധയിനം ചെത്തിയും റോസും ജമന്തിയും വാടാമല്ലിയും അരളിയും പിച്ചിയും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഓണപ്പൂക്കളാണ് ഇത്തവണയും വിപണിയിലുള്ളത്. ഗുണ്ടല്‍പേട്ട, തോവാള, സേലം, ശങ്കരന്‍കോവില്‍, ബംഗളൂരു, ഉസൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാമാണ് ഇത്തവണയും കോഴിക്കോട്ടേക്ക് പൂവെത്തിയിട്ടുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ പൂക്കള്‍ക്ക് വില കുറവാണ്. ചുവന്ന ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 30 മുതല്‍ 50 രൂപ വരെയും മഞ്ഞ ചെണ്ടുമല്ലിക്ക് 40 മുതല്‍ 60 രൂപ വരെയുമാണ് വില. കഴിഞ്ഞ വര്‍ഷം ചെണ്ടുമല്ലിക്ക് നൂറുരൂപ വരെ വിലയുണ്ടായിരുന്നു. അരളിയ്ക്ക് കിലോ 100 മുതല്‍ 140 വരെ വിലയുണ്ട്. വാടാര്‍മല്ലിക്ക് 80 രൂപ മുതല്‍ 100 രൂപ വരെയാണ് വില. വെള്ള ജമന്തിക്ക് 120 രൂപയും നീല ജമന്തിക്ക് 150 രൂപയുമാണ് വില. റോസിന് 160 രൂപ വരെ വിലയുണ്ട്. കഴിഞ്ഞ വര്‍ഷം വെള്ള ജമന്തി കിലോയ്ക്ക് വില 300 വരെ എത്തിയിരുന്നു. അരളിയ്ക്ക് 200 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വില.
 മുല്ലപ്പൂ വിലയാണ് വിപണിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. കിലോയ്ക്ക് 600 രൂപ വരെയാണ് മുല്ലപ്പൂവിന്റെ വില. വിപണിയില്‍ ഏറ്റവും ആകര്‍ഷകമായതു വാടാമുല്ലയാണ്. തോവാളയില്‍ നിന്നുമെത്തുന്ന വാടാമുല്ലയ്ക്കു മാത്രമാണു നല്ല കടുത്ത നിറമുള്ളതെന്നു വില്‍പനക്കാര്‍ പറയുന്നു. അരളിയ്ക്കാണ് പിന്നെ ആവശ്യക്കാര്‍ ഏറെയുള്ളത്. മൂന്നു നിറങ്ങളില്‍ അരളി ലഭ്യമാണ്. ചുവപ്പ് നിറത്തില്‍ മാത്രം പരിചിതമുള്ള റോസപ്പൂ മാത്രമല്ല വിപണിയിലുള്ളത്. വിവിധ വര്‍ണങ്ങളില്‍ ഒരുമിച്ചെത്തുന്ന മെറാപ്പൂള്‍ ആണ് കൂട്ടത്തില്‍ സുന്ദരി. കിലോയ്ക്ക് 400 രൂപയാണ് വില.
കേരളത്തില്‍ നിന്ന് ആകെ വിപണിയില്‍ എത്തുന്നത് വെള്ളായണിയില്‍ നിന്നുള്ള താമരയും അതിന്റെ ഇലയും മാത്രമാണ്. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെയാണ് ഒരു താമരയ്ക്ക് ഈടാക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവരുടെ ആഭിമുഖ്യത്തിലുള്ള അത്തപ്പൂക്കള മത്സരങ്ങള്‍ തകൃതിയാകുന്നതോടെ രാപ്പകല്‍ ഭേദമന്യേ നഗരത്തിലെ കച്ചവടം വര്‍ധിക്കും. മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനെത്തുന്നവരുടെ തിരക്കേറും കൂടും. ഉത്രാടമെത്തിയാല്‍ കിട്ടുന്ന വിലയ്ക്ക് പൂക്കള്‍ വാങ്ങിപ്പോകുന്നവരാണ് കൂടുതലും. വരും നാളുകളില്‍ വിപണിക്ക് കൂടുതല്‍ ചൂടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.