2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പരിഗണന ലഭിക്കാതെ ആള്‍ട്ടര്‍നേറ്റിവ് സ്‌കൂള്‍ അധ്യാപകര്‍

സി.എം അബൂതാഹിര്‍

 

സുല്‍ത്താന്‍ ബത്തേരി: ഓരോവര്‍ഷവും അധ്യാപകദിനങ്ങള്‍ വന്നുപോകുമ്പോഴും സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കൂട്ടരാണ്് ആള്‍ട്ടര്‍നേറ്റിവ് സ്‌കൂള്‍ അധ്യാപകര്‍.
വനാന്തര ഗ്രാമങ്ങളിലും വനയോരങ്ങളിലുമായി കഴിയുന്നവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1997ലാണ് സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 21വര്‍ഷം പിന്നിടുമ്പോഴും ഇവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന മാറിമാറിവരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. സംസ്ഥാനത്ത് 305 ഏകാധ്യാപക വിദ്യാലയങ്ങളിലായി 307 അധ്യാപകരാണ് ജോലിചെയ്യുന്നത്.
വയനാട്ടില്‍ ഇത്തരത്തിലുള്ള 37 സ്‌കൂളാണുള്ളത്. ഇതില്‍ നാല് അധ്യാപകര്‍ തുടക്കകാലം മുതല്‍ ആള്‍ട്ടര്‍നേറ്റിവ് സ്‌കൂളില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. പലരും മറ്റുജോലികള്‍ തേടിപ്പോയപ്പോഴും ഇവര്‍ ഇതില്‍ ഉറച്ചുനിന്നു. ഈ ജോലിയിലേക്ക് പലരും പുതുതായി കടന്നുവന്നു. എന്നാല്‍ ഇവരുടെ ജോലിക്ക് ഒരു സ്ഥിരതയോ,സുരക്ഷയോ ഇല്ല എന്നതാണ് വാസ്തവം. അതിനാല്‍തന്നെ മറ്റ് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പക്ഷേ ഒരു സ്‌കൂളില്‍ ചെയ്യേണ്ടുന്ന എല്ലാ ജോലിയും ഇവര്‍ ഒറ്റക്കാണ് ഈ സ്‌കൂളുകളില്‍ ചെയ്യുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ ഇവര്‍ നല്ലനിലവാരത്തില്‍ പഠിപ്പിക്കുമ്പോള്‍ ഇവര്‍ക്ക് വര്‍ഷത്തില്‍ ആകെ ലഭിക്കുന്നത് ഒരു ക്ലാസിലേക്കുള്ള അധ്യാപക പരിശീലനമാണ്. കൂടാതെ പാഠ്യേതര രംഗത്തും വിദ്യാര്‍ഥികളുടെ കഴിവു വളര്‍ത്തുവാന്‍ ഇവര്‍ കഠിനശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരത്തില്‍ ഒരു തലമുറയുടെ വിജയത്തിന് അടിത്തറ പാകാന്‍ അത്യധ്വാനം ചെയ്യുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരും തയാറാകാത്തതില്‍ തങ്ങള്‍ക്ക് വിഷമമണ്ടെന്നും ഈ മേഖലയില്‍ കഴിഞ്ഞ 21 വര്‍ഷമായി അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലീന പറയുന്നു. 1997ലാണ് സംസ്ഥാനത്ത് വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലായി പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ഡി.പി.ഇ.പിക്ക് കീഴില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്.
പിന്നീട് 2003മുതല്‍ 2011വരെ എസ്.എസ്.എക്ക് കീഴിലായി. തുടര്‍ന്നിങ്ങോട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് വല്ലപ്പോഴും മാത്രം ലഭിച്ചിരുന്ന തുച്ചമായ വരുമാനത്തിന് ജോലി ചെയ്തിരുന്നവരാണ് ഏകാധ്യാപക വിദ്യാല്യയത്തിലെ അധ്യാപകര്‍. ഇപ്പോള്‍ പുറത്തുപറയാന്‍പറ്റുന്ന ശമ്പളമുണ്ടെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ ഇപ്പോഴും പടിക്ക് പുറത്താണ്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേക്ക് അധ്യാപനം നടത്തുന്ന ഇക്കൂട്ടര്‍ക്ക് മാത്രം പ്രത്യേകമായി അധ്യാപക പരിശീലനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
വേനലവധിക്കാലത്ത് ഒന്നുമുതല്‍ നാലുവരെയുള്ള അധ്യാപകര്‍ക്ക് ഒരുസമയത്ത് പരിശീലനം നല്‍കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്ലാസിലെ പരിശീലനത്തില്‍ മാത്രമാണ് ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നുള്ളു. അതുകൊണ്ടുതന്നെ ഇവര്‍ ഏറെ ത്യാഗംസഹിച്ചാണ് ക്ലാസുകള്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകന്നത്. തുടക്കകാലത്ത് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായസാമഗ്രികള്‍ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ അതുമില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകുന്ന ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ അധ്യാപകരെ വേണ്ടവിധത്തില്‍ പരിഗണിച്ച് ജോലിക്ക് സ്ഥിരതയും സുരക്ഷയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News