2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

‘പരാതിക്കാരിയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുധ്യം’

 

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസയച്ചതായും അദ്ദേഹം ഹാജരാകുമെന്നും ഐ.ജി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോട്ടയം എസ്.പി ഹരിശങ്കറും വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷും ബിഷപ്പിനെ ചോദ്യം ചെയ്യും. കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ഐ.ജി പറഞ്ഞു.
അന്വേഷണ പുരോഗതി വിലയിരുത്തിയതില്‍ കേസില്‍ വൈരുധ്യങ്ങളുള്ളതായി കണ്ടെത്തിയതായും ഐ.ജി പറഞ്ഞു. പരാതിക്കാരിയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുധ്യമുണ്ട്. വളരെ പഴക്കമുള്ള കേസായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ട്.
മൊഴികളിലുള്ള വൈരുധ്യം തന്നെയാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ 11ന് ആരംഭിച്ച യോഗം വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്. അവലോകന യോഗത്തില്‍ കോട്ടയം എസ്.പി ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
അതേസമയം, അന്വേഷണ സംഘം ഫ്രാങ്കോയ്ക്ക് സാവകാശം നല്‍കുകയാണെന്ന് സിസ്റ്റര്‍ അനുപമ ആരോപിച്ചു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നു. ചോദ്യം ചെയ്യല്‍ 19 വരെ നീട്ടിക്കൊണ്ടുപോയി കേസ് നടപടി മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.