2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസിലന്‍ഡിനെതിരേ കൂറ്റന്‍ വിജയം

  • വിജയം 321 റണ്‍സിന്
  • അശ്വിന് 13 വിക്കറ്റ്
  • മാന്‍ ഓഫ് ദ സീരിസ് അശ്വിന്‍

 

ഇന്‍ഡോര്‍: മൂന്നു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരി ടീം ഇന്ത്യ. ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞതോടെ കളം വ്യക്തമായിരുന്നു. എന്നാല്‍, അത് എത്ര റണ്‍സിനായിരിക്കും എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ 474 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിനെ അശ്വിന്റെ നേതൃത്വത്തില്‍ ചുരുട്ടിക്കൂട്ടി. 44.5 ഓവറില്‍ 153 റണ്‍സിനുള്ളി കിവികള്‍ പവലിയനിലെത്തി. 321 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പര 3-0 സ്വന്തമാക്കി.

ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും (211) അജിങ്ക്യരഹാനെയുടെയും (188) മികവില്‍ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ ഇന്ത്യ 299 റണ്‍സിനാണ് കിവികളെ തളച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുമാണ് ആശ്വിന്‍ സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റില്‍ 13 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ പരമ്പരയില്‍ 27 വിക്കറ്റ് പോക്കറ്റിലാക്കി. ആദ്യ ഇന്നിങ്‌സില്‍ 81 റണ്‍സ് വിട്ടുനല്‍കി ആറു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 59 റണ്‍സ് വിട്ടുനല്‍കി ഏഴു വിക്കറ്റുമാണ് അശ്വിന്‍ വീഴ്ത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പൂജാരയുടെ സെഞ്ച്വറി(101)യുടെയും ഗംഭീറിന്റെ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം 474 ആക്കി ഉയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറയ്ക്കും മുന്‍പേ അശ്വിനും കൂട്ടരും മടക്കി. രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സ് മാത്രമാണ് കിവികള്‍ക്ക് നേടാനായത്. 32 ണ്‍സ് നേടിയ ടെയ്‌ലര്‍ ആണ് കിവി നിരയിലെ ടോപ് സ്‌കോറര്‍.

കാണികള്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കിയ മല്‍സരമായിരുന്നു ഇന്‍ഡോറിലേത്. ഒരുപിടി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്നു ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയത്.
നായകനായിരിക്കെ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. നാലാം വിക്കറ്റില്‍ പിരിയാതെ കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് അടിച്ചുകൂട്ടിയ 365 റണ്‍സ് ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 2004ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വി.വി.എസ് ലക്ഷ്മണും ചേര്‍ന്ന് ആസ്‌ത്രേലിയക്കെതിരേ സിഡ്‌നിയില്‍ നേടിയ 353 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ന്യൂസിലന്‍ഡിനെതിരേ ഒരു ഇന്ത്യന്‍ സഖ്യം സ്വന്തമാക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടും കോഹ്‌ലി രഹാനെ സഖ്യത്തിന്റെ 365 റണ്‍സ് തന്നെ. തീര്‍ന്നില്ല, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏഴാമത്തെ കൂട്ടുകെട്ടെന്ന പെരുമയും ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടും ഈ ഇന്നിങ്‌സ് സ്വന്തമാക്കി. ഇന്ത്യയുടെ നാല്, അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ 150 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ഇതു രണ്ടാം തവണയാണ്. നേരത്തെ സച്ചിനും ലക്ഷ്മണുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇത് ബാറ്റിങ്ങിലാണെങ്കില്‍ ബൗളിങ്ങില്‍ അശ്വിന്റെ മേധമായിരുന്നു നടമാടിയത്. മൂന്നാം ടെസ്റ്റില്‍ മൊത്തം 13 വിക്കറ്റ് വീഴത്തിയ അശ്വിന്‍ കരിയറിലെ ആറാം പത്ത് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റ് കൊയ്ത അശ്വിന്‍, ഹര്‍ഭജന് ശേഷം ഒരു പരമ്പരയില്‍ 10 വിക്കറ്റ് രണ്ടു തവണ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.