2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

പയ്യന്നൂരിലെ ‘മോദി’ക്ക് ഇനി താടിയില്ല

കണ്ണൂര്‍: താടിവടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പയ്യന്നൂരിലെ മോദി. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ചിത്രം വൈറലായപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖസാദൃശ്യമുള്ള പയ്യന്നൂരിനടുത്തെ മാത്തില്‍ കുറുവേലിറോഡിലെ പടിഞ്ഞാറെ കൊഴുമ്മല്‍ രാമചന്ദ്രന്‍ ഈ തീരുമാനമെടുത്തത്.

രാമചന്ദ്രന്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍കാത്തു നില്‍ക്കുമ്പോള്‍ ഏതോ വിരുതനാണ് ‘ഇതാ പ്രധാനമന്ത്രി നരേന്ദ്രമോദി പയ്യന്നൂരില്‍’ എന്ന കുറിപ്പോടെ ഫോട്ടോ വാട്‌സ് അപ്പിലിട്ടത്. ഇതോടെ ചിത്രം വൈറലായി. ചിത്രം കണ്ട പലരും സംഭവമറിയാതെ അമ്പരന്നു. ബംഗളൂരുവിലെ മകന്റെ അടുത്തേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു രാമചന്ദ്രന്‍.

ചിത്രം ലഭിച്ച പലരും തങ്ങള്‍ക്ക് തോന്നിയ റെയില്‍വേ സ്റ്റേഷന്റെ പേരു ചേര്‍ത്ത് കോട്ടയത്തും തൃശൂരും എറണാകുളത്തും വരെ മോദിയെത്തിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. ഒടുവില്‍നാട്ടുകാര്‍ ഇതുകാണുകയും രാമചന്ദ്രനെ തിരിച്ചറിയുകയുമായിരുന്നു.
മുംബൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ പിന്നീട് ഏറെക്കാലം സഊദിയിലായിരുന്നു. ഏറെക്കുറെ നരേന്ദ്രമോദിയുമായി സാമ്യം തോന്നുന്ന ആകാരവും അത്ഭുതമുളവാക്കുന്ന മുഖസാദൃശ്യവും തനിക്കുണ്ടെന്ന് നേരത്തെ രാമചന്ദ്രന്‍ തിരിച്ചറിഞ്ഞിരുന്നു.

ഹരിദ്വാറിലും കാശിയിലും തീര്‍ഥാടനത്തിന് പോയപ്പോള്‍ പലരും മോദിജീയെന്നു വിളിച്ച് അടുത്തുകൂടി. അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നുവെങ്കിലും ഇപ്പോള്‍ വാട്‌സ് അപ്പില്‍ ചിത്രം വൈറലായപ്പോഴാണ് തനിക്ക് ലഭിച്ച പ്രശസ്തി രാമചന്ദ്രന് പോലും മനസിലായത്. ഇത്രമാത്രം രൂപസാദൃശ്യം അപൂര്‍വമാണെന്ന് പറയുന്നവരോട് മറുപടി ചെറുചിരിയിലൊതുക്കുകയാണ് പയ്യന്നൂരിലെ ഈ മോദി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.