2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

പമ്പിങ് നിയന്ത്രണം; മധ്യകേരളം കുടിവെള്ളക്ഷാമത്തിലേക്ക്

കൊച്ചി: ചെറുതോണി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ മധ്യകേരളം കുടിവെള്ളക്ഷാമത്തിലേക്ക്. വെള്ളത്തില്‍ ചെളി നിറഞ്ഞതാണ് വിവിധ കേന്ദ്രങ്ങളില്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

കലങ്ങിമറിഞ്ഞാണ് പെരിയാര്‍ ഒഴുകുന്നത്. ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുന്നതിനേക്കാള്‍ ചെളിയാണ് വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത്. ആലുവയില്‍നിന്നുള്ള പമ്പിങ് ഭാഗികമായി തടസപ്പെട്ടതിനാല്‍ പശ്ചിമ കൊച്ചി ഒഴികെയുള്ള കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളിലും ആലുവ, ഏലൂര്‍, കളമശേരി, തൃക്കാക്കര, ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട് എന്നിവിടങ്ങളിലും കുടിവെള്ള വിതരണത്തെ ബാധിക്കും.

പ്രതിദിനം 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആലുവയില്‍നിന്നു വിതരണം ചെയ്യുന്നത്. ഇതിപ്പോള്‍ 238 ദശലക്ഷം ലിറ്ററായി കുറച്ചിരിക്കുകയാണ്. ചെളിയുടെ അളവ് വര്‍ധിച്ചാല്‍ പമ്പിങ് പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ടിവരും. പമ്പിങ് നിര്‍ത്തിവച്ചതിനു പുറമേ വൈദ്യുതാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് കറകുറ്റി, പുത്തന്‍വേലിക്കര എന്നീ പമ്പിങ് സ്റ്റേഷനുകളിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചിട്ടുമുണ്ട്. ചെളിയുടെ അളവ് മൂവാറ്റുപുഴയാറ്റിലും വര്‍ധിച്ചതിനെ തുടര്‍ന്ന് ഇവിടെനിന്നുള്ള കുടിവെള്ള പമ്പിങ്ങിനും നിയന്ത്രണമുണ്ട്. ഇതു കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടിവെള്ള വിതരണത്തെ ബാധിക്കും.

നിലവിലെ അവസ്ഥയില്‍ വെള്ളത്തിലെ ചെളിയുടെ അളവ് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ മധ്യകേരളത്തില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാകും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.