2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പന്നിയാറില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങാന്‍ മാസങ്ങളെടുക്കും

 

തൊടുപുഴ: പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍ ജലവൈദ്യുതി നിലയം പ്രവര്‍ത്തനക്ഷമമാകാന്‍ മാസങ്ങളെടുക്കും. ലോവര്‍ പെരിയാര്‍ നിലയം രണ്ടാഴ്ചക്കകം പ്രവര്‍ത്തനക്ഷമമാക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. പ്രളയത്തില്‍ പന്നിയാര്‍ നിലയത്തിന് വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ടര്‍ബൈനും പാനല്‍ ബോര്‍ഡും അടക്കമുള്ളവ വെള്ളംകയറി നശിച്ചു. കോയിലിനകത്ത് വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകും.
ടര്‍ബൈനുകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരുമെന്നും സൂചനയുണ്ട്. 2007 സെപ്റ്റംബര്‍ 17നുണ്ടായ പെന്‍സ്റ്റോക്ക് ദുരന്തത്തില്‍ എട്ട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞതുള്‍പ്പെടെ 200 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. രണ്ടുവര്‍ഷത്തിന് ശേഷമാണ് പുനരുദ്ധാരണം നടത്തി പന്നിയാറില്‍ ഉല്‍പാദനം പുനരാരംഭിക്കാനായത്. ഇടുക്കി അണക്കെട്ടില്‍നിന്ന് കുത്തിയൊഴുകിവന്ന മണലും ചെളിയും കല്ലും ലോവര്‍ പെരിയാര്‍ നിലയത്തിന്റെ ടണല്‍ ഇന്‍ടേക്കില്‍ അടിയുകയായിരുന്നു. ടണല്‍വഴി ടര്‍ബൈനുകളിലേക്ക് എത്തിയതായും സൂചനയുണ്ട്. ടണല്‍ വറ്റിച്ചുള്ള പരിശോധനകള്‍ക്ക് ഇന്നലെ തുടക്കംകുറിച്ചു. പൊരിങ്ങല്‍കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ക്ക് ഗുരുതര തകരാറാണ് സംഭവിച്ചിരിക്കുന്നത്.
വൈദ്യുതി നിലയങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യക്ഷമമായി ഇടപെടാന്‍ ജനറേഷന്‍, ഡാം സേഫ്റ്റി വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാനം ഗുരുതര ഊര്‍ജ പ്രതിസന്ധി നേരിടവെ, വെള്ളമുണ്ടായിട്ടും ഉല്‍പാദനം നടത്താന്‍ കഴിയാത്ത ഗതികേടിലാണ് കെ.എസ്.ഇ.ബി. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി പ്രസരണ, വിതരണ വിഭാഗങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ചപ്പോഴാണ് ജനറേഷന്‍, ഡാം സേഫ്റ്റി വിഭാഗങ്ങളുടെ വീഴ്ച.

 

23 ചെറുകിട പദ്ധതികളില്‍ 16ഉം തകരാറില്‍

 

തൊടുപുഴ: പ്രളയം സംസ്ഥാനത്തെ ചെറുകിട വൈദ്യുത പദ്ധതികള്‍ക്ക് വരുത്തിവച്ചത് വന്‍ നാശം. മൊത്തം 12 മെഗാവാട്ട് ശേഷിയുള്ള 23 ചെറുകിട പദ്ധതികളില്‍ 16 ഉം തകരാറിലാണ്. മണ്ണും കല്ലും അടിഞ്ഞതും ചെളിവെള്ളം കയറിയതുമാണ് തകരാറുകളില്‍ അധികവും. ഇവ പഴയ സ്ഥിതിയിലെത്താന്‍ മാസങ്ങളെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
അള്ളുകല്‍, ഇരുട്ടുകാനം, വെള്ളത്തൂവല്‍, പെരുന്തേനരുവി, ആഢ്യന്‍പാറ, കരിക്കേയം, റാന്നി- പെരുന്നാട് തുടങ്ങിയ ചെറുകിട പദ്ധതികളാണ് തകരാറിലായിരിക്കുന്നത്. ഇവയില്‍ പലതും പൂര്‍ണമായും പുനരുദ്ധരിക്കേണ്ട അവസ്ഥയിലാണ്. വെള്ളത്തൂവലില്‍ മൂന്നുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയുടെ ഒരു ജനറേറ്റര്‍ തകരാറിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.