2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

പനിക്കിടക്കയില്‍ കേരളം; സമരച്ചൂടില്‍ നഴ്‌സുമാര്‍

  • 27ന് ചര്‍ച്ച പരാജയപ്പെട്ടാല്‍ ആരോഗ്യമേഖല അവതാളത്തിലാകും
വിജിന്‍ വിജയപ്പന്‍

തിരുവനന്തപുരം: കേരളം പനിച്ചുവിറയ്ക്കുമ്പോള്‍ സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ സമരച്ചൂടില്‍. അര്‍ഹമായ വേതനം നേടിയെടുക്കാന്‍ നഴ്‌സുമാര്‍ ആരംഭിക്കുന്ന സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പേരില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടയിലാണ് നഴ്‌സുമാരും സമരം ശക്തമാക്കുന്നത്. രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ സമരം രോഗികളെ ദുരിതത്തിലാക്കും. പനിബാധിതരെയാകും പ്രശ്‌നം കൂടുതല്‍ ബാധിക്കുക.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി 27ന് നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ആരോഗ്യമേഖല അവതാളത്തിലാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിധിയിലധികം രോഗികള്‍ നിലവിലുണ്ട്. എന്നാല്‍ രോഗികള്‍ക്ക് ആനുപാതികമായി ജീവനക്കാരുമില്ല. നീണ്ട ക്യൂവാണ് എല്ലാ ദിവസങ്ങളിലും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഉണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യനഴ്‌സുമാരുടെ സമരം ശക്തമായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകും. ഇത് മതിയായ ചികിത്സ കിട്ടുന്നതിന് തടസമാകും.
ചര്‍ച്ചയില്‍ സമവായമുണ്ടായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. നാളിതുവരെ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് മുഖംതിരിച്ച് നില്‍ക്കുകയായിരുന്നു. അര്‍ഹമായ വേതനം പോലുംലഭിക്കാതെ നഴ്‌സുമാര്‍ ജോലി ചെയ്യുമ്പോള്‍ കൊള്ള ലാഭം കൊയ്യുകയാണ് ആശുപത്രി മാനേജ്‌മെന്റുകള്‍. ദിവസം 300 രൂപ ദിവസ വേതനം ലഭിക്കുന്ന മേഖല വേറെയേതുണ്ടെന്നും അദ്ദേഹം ചോദിച്ചു.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന വിശ്വാസത്തിലാണ് തങ്ങള്‍. ദിവസക്കൂലി ആയിരം രൂപയാക്കണമെന്നതായിരുന്നു അസോസിയേഷന്റെ ആദ്യ വ്യവസ്ഥ. എന്നാല്‍ ഞങ്ങള്‍ വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടുണ്ട്. മാസം 20000 രൂപ ശമ്പളം ഇനത്തില്‍ നല്‍കിയാല്‍ മതിയെന്ന നിലപാട് അസോസിയേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍ പറഞ്ഞു. ബലരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപോലും നിലവില്‍ നടപ്പാക്കാത്ത ആശുപത്രി മാനേജ്‌മെന്റ് നിലവിലെ ആവശ്യം അംഗീകരിക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. മാനേജ്‌മെന്റുകള്‍ പിടിവാശി അവസാനിപ്പിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ആവശ്യം അംഗീകരിക്കാമെന്ന് ചില മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: നഴ്‌സുമാര്‍ വേതന വ്യവസ്ഥയില്‍ മുന്‍പോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായി ചില മാനേജ്‌മെന്റുകള്‍ രംഗത്തെത്തി.
തൃശൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ പത്തിലധികം ആശുപത്രി മാനേജ്‌മെന്റുകള്‍ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ആശുപത്രികളുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം വെളിപ്പെടുത്തൂ.
ഇത്തരത്തില്‍ സമവായത്തിന് തയാറാകുന്ന ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കിയേക്കും.
സ്ഥലത്തെ യൂനിറ്റ് ഭാരവാഹികളുടെ അഭിപ്രായപ്രകാരമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് തൊഴില്‍ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം മനസിലാക്കി നഴ്‌സിങ് സംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാവുമ്പോള്‍ അവശ്യ സര്‍വിസായ ആശുപത്രി മേഖലയില്‍ പണിമുടക്കാരംഭിക്കാനുള്ള തീരുമാനം പൊതുജീവിതത്തെയും രോഗികളെയും വല്ലാതെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ രോഗികളുടെ ജീവന്റെ വിലയറിയുന്നവരാണ്. സാഹചര്യങ്ങള്‍ മനസിലാക്കി പണിമുടക്കാഹ്വാനത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറും എന്ന വിശ്വാസമാണ് തനിക്കുള്ളത്. ജീവനക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ന്യായമായ പരിഹാരമുണ്ടാകണമെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനും തൊഴില്‍ വകുപ്പിനുമുള്ളത്.
അതിനുള്ള നടപടികള്‍ സ്വീകരിക്കും. വേതന പരിഷ്‌കരണം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി ഇതിനകം തെളിവെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പണിമുടക്ക് മാറ്റിവയ്ക്കണമെന്ന അഭ്യര്‍ഥന തൊഴിലാളി സംഘടനകള്‍ മാനിക്കാന്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഭയാനകമായ സ്ഥിതിവിശേഷമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പനി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ട്. പനി മരണം ഉത്കണ്ഠ ഉളവാക്കുന്നതാണ്. പകര്‍ച്ചപ്പനി നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണസജ്ജമാണ്. പനിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനു നീക്കം നടക്കുന്നുണ്ട്. പനി ഒരു രാഷ്ട്രീയ പ്രശ്‌നമല്ല. ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിക്കണം എന്ന രീതിയിലും ചിലര്‍ പ്രചാരണം നടത്തുന്നു. അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പനി തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണ് എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ ചെറിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി മരണങ്ങളില്ലാത്ത കേരളം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള ശക്തമായ ഇടപെടലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെയാകെ പിന്തുണയുണ്ടെങ്കിലേ ഇത് വിജയത്തിലെത്തിക്കാന്‍ കഴിയൂ. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും മറ്റുംകൊണ്ട് 2017 ല്‍ പകര്‍ച്ചപ്പനി കൂടുന്ന സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേത്തുടര്‍ന്ന് ജനുവരിയില്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. കൊതുക് നശീകരണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി. എങ്കിലും സാധരണത്തേതില്‍നിന്ന് കൂടുതല്‍ ഭീകരമായ സ്ഥിതിയുണ്ടായി.
സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കിടക്ക സൗകര്യമില്ലാതെ രോഗികള്‍ നിലത്ത് കിടക്കേണ്ട അവസ്ഥയുമുണ്ട്. ജീവനക്കാരുടെ കുറവുമുണ്ട്. എന്നാല്‍, രോഗികള്‍ക്ക് ചികിത്സ കിട്ടാതെ നോക്കാനില്ലാത്ത അവസ്ഥയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പനിവാര്‍ഡുകള്‍ ആരംഭിച്ചു. 3200 പുതിയ തസ്തികയുണ്ടാക്കി നിയമനം നടത്തി യെന്നും മന്ത്രി പറഞ്ഞു.

പനി: ഇത്തവണ മരിച്ചത് 115 പേര്‍

കൊച്ചി: പനിമൂലം ഈ വര്‍ഷം ഇതുവരെ 115 പേര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇതുവരെ 6808 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 13 മരണം റിപ്പോര്‍ട്ട് ചെയ്തു.
11,624,62 സാധാരണ പനി കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. 764 പേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു. 51 മരണം റിപ്പോര്‍ട്ട് ചെയ്തു. 631 പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ഏഴു പേര്‍ മരണപ്പെട്ടു. പനി ബാധിച്ച് മരിച്ചതില്‍ ഹൃദ്‌രോഗം അടക്കം മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രായമായവരും ഉള്‍പ്പെടും.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്വകാര്യ ആശുപത്രികളിലുണ്ടാകുന്ന പനിമരണങ്ങളുടെ കണക്കും കര്‍ശനമായി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ കണക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
മാലിന്യനീക്കത്തില്‍ ചില തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ വകുപ്പിനെയാകെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
മാലിന്യസംസ്‌കരണം നല്ല രീതിയില്‍ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യ വകുപ്പും മന്ത്രിയും പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പനി നിയന്ത്രിക്കുന്നതില്‍ മന്ത്രിയും വകുപ്പും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പനി വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.