2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാകുമ്പോള്‍

പാര്‍ട്ടിപത്രപ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍

BY ടി. സി. മുഹമ്മദ്

ഗ്രെയിസ് ബുക്‌സ്
വില    120.00 രൂപ

 

വി. അബ്ദുല്‍ മജീദ്

കാല്‍ നൂറ്റാണ്ടുമുന്‍പ് ഇതെഴുതുന്നയാള്‍ ജനയുഗം ദിനപത്രത്തില്‍ ട്രെയിനിയായി പത്രപ്രവര്‍ത്തന രംഗത്തു പ്രവേശിച്ച കാലം. ചന്ദ്രികയില്‍നിന്നു വിരമിക്കുന്ന മാനുസാഹിബിന് (പി.കെ മുഹമ്മദ്) യാത്രയയപ്പു നല്‍കുന്ന ചടങ്ങ് കാലിക്കറ്റ് പ്രസ് ക്ലബില്‍ നടക്കുന്നു. ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ മാനുസാഹിബ് താന്‍ പത്രപ്രവര്‍ത്തകനാവാനിടയായ സാഹചര്യം വിവരിച്ചതിങ്ങനെ:
”ചെറുപ്പം മുതല്‍ മുസ്‌ലിം ലീഗ് എന്റെ ആവേശമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയാറായിരുന്നു. പത്രപ്രവര്‍ത്തനം പോലും. അങ്ങനെയാണ് ഞാന്‍ പത്രപ്രവര്‍ത്തകനായത് ”.
ദീര്‍ഘകാലം ചന്ദ്രികയുടെ ഉയര്‍ന്ന പദവിയിലുണ്ടായിരുന്നയാളും എന്റെ സഹപ്രവര്‍ത്തകനുമായിരുന്ന ടി.സി മുഹമ്മദിന്റെ ‘പാര്‍ട്ടി പത്രപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത് ഇതാണ്. സമാനമാണ് ടി.സിയുടെയും പത്രപ്രവര്‍ത്തന ജീവിതം. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാതിരുന്ന ടി.സി അക്കൂട്ടത്തില്‍ പത്രപ്രവര്‍ത്തനവും നടത്തി. എം.എസ്.എഫ് പ്രവര്‍ത്തകനായി തുടങ്ങി പാര്‍ട്ടി പ്രഭാഷകനായി പാര്‍ട്ടി പത്രത്തിലേക്കു നടന്നുകയറിയ ടി.സിയുടെ ജീവിതം പാര്‍ട്ടി പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ഇഴചേര്‍ന്നതാണ്. ഒന്ന് മറ്റൊന്നില്‍നിന്നു വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നു കിടക്കുന്നതായി ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
പത്രപ്രവര്‍ത്തനത്തെക്കാളധികം കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ഊന്നുന്നതാണ് ഈ പുസ്തകം. പ്രമുഖരായ പല മുന്‍കാല ലീഗ് നേതാക്കളുടെയും അധികമാരും കണ്ടറിയാത്ത ജീവിതചിത്രങ്ങള്‍ ഇതിലുണ്ട്. മുന്‍ എം.എല്‍.എയും മുന്‍ എം.എല്‍.സിയും രാജാജിയുടെ പ്രിയസുഹൃത്തുമൊക്കെയായിരുന്ന ഉപ്പി സാഹിബില്‍നിന്ന് അതു തുടങ്ങുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.എം സീതിസാഹിബ്, സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇ. അഹമ്മദ്, സീതി ഹാജി, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ ജീവിതത്തിലെ ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലേക്കു വെളിച്ചം വീശുന്നു ഈ പുസ്തകം.
കഴിഞ്ഞ നാലഞ്ചു ദശകങ്ങളിലെ കേരള രാഷ്ട്രീയ ചരിത്രത്തെ സ്പര്‍ശിച്ചു കടന്നുപോകുന്ന ഏടുകളില്‍ മുസ്‌ലിം ലീഗിലുണ്ടായ പിളര്‍പ്പിന്റെയും തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ കടുത്ത ശത്രുതയുടെയും ഒടുവിലുണ്ടായ ലയനത്തിന്റെയുമൊക്കെ കാലഘട്ടങ്ങളില്‍ അധികമാരുമറിയാത്ത കൗതുകകരവും വിജ്ഞാനപ്രദവുമായ സംഭവവികാസങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. അക്കാലത്തെ പത്രവാര്‍ത്തകളില്‍ ഇടംനേടാത്ത നിരവധി രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ അതിലളിതമായ ഭാഷയില്‍ ടി.സി ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഗ്രന്ഥമാണിത്.
ടി.സിയുടെ പത്രപ്രവര്‍ത്തന കാലത്തിനിടയില്‍ പത്രപ്രര്‍ത്തനമേഖലയില്‍ സംഭവിച്ച സാങ്കേതിക വിദ്യകളുടെയും ശൈലികളുടെയും രീതികളുടെയുമൊക്കെ വാങ്മയ ചിത്രങ്ങളും ഇതിലുണ്ട്. പഴയ ഹാന്‍ഡ് കംപോസിങ്ങും റോട്ടറി പ്രസും ചടപട ശബ്ദത്തോടെ ലോകത്തെങ്ങുമുള്ള വാര്‍ത്തകള്‍ ന്യൂസ് ഡസ്‌കുകളിലെത്തിക്കുന്ന പഴയ മോഡല്‍ ടെലിപ്രിന്ററുമൊക്കെ ഗൃഹാതുര സ്മരണകളുണര്‍ത്തി പുസ്തകത്തിന്റെ പേജുകളിലൂടെ കടന്നുപോകുന്നു. പത്രപ്രവര്‍ത്തനത്തില്‍നിന്ന് ടി.സി ആര്‍ജിച്ചെടുത്ത ലളിതമായ ഭാഷയില്‍ തികച്ചും വിജ്ഞാനപ്രദമായൊരു വായനാനുഭവമാണ് ഈ പുസ്തകം നല്‍കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.