2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

Editorial

പത്ത് കടക്കാത്തവര്‍ ഗള്‍ഫില്‍ പോയാലെന്താ?


ത്താം ക്ലാസ് പാസാകാത്തവര്‍ വിദേശത്ത് ജോലിക്ക് പോകേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പിറകോട്ടുപോയിരിക്കുകയാണ്. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. ഖത്തറിലും കുവൈത്തിലും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നത്. കുവൈത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലാളികളെ വേണ്ടിവരുമെന്നും ഇതില്‍ ഏറിയപങ്കും ഇന്ത്യയില്‍നിന്നും റിക്രൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കുവൈത്ത് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. 2022 ലെ ലോക ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കുന്ന ഖത്തറിലാണെങ്കില്‍ തൊഴില്‍ സാധ്യതകള്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്.

ഖത്തറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണിപ്പോള്‍. തൊഴില്‍ സാധ്യതകളുടെ കവാടങ്ങളാണ് ഇപ്പോള്‍ ഖത്തറിലും കുവൈത്തിലും ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും തുറന്നിട്ടിരിക്കുന്നത്. ഈയൊരുവേളയില്‍ ഗള്‍ഫിലേക്ക് കടക്കുവാന്‍ പത്ത് കടക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി തീര്‍ത്തും ദുരൂഹമാണ്. വിദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുവാന്‍ തൊഴിലുടമക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍, ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്തവര്‍ക്കേ പെര്‍മിറ്റ് നല്‍കൂ എന്നുമുള്ള സര്‍ക്കാരിന്റെ കടുംപിടുത്തം മുഖ്യമായും ബാധിക്കുക കേരളീയരെ തന്നെയായിരിക്കും.

ഗള്‍ഫ് രാഷ്ട്രങ്ങളിലെ ചെറുകിട തൊഴിലിടങ്ങളിലും കഫ്തീരിയകളിലും ഷോപ്പുകളിലും ജോലി ചെയ്യുന്ന എത്രയോ മലയാളികളുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമകള്‍ വിസ നല്‍കാറുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍, മറ്റു അനുമതി പത്രങ്ങള്‍ ഒന്നും നല്‍കാറില്ല. എന്നാല്‍ പുതുതായി പോകുന്നവര്‍ക്ക് ഇതെല്ലാം വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വിസക്ക് പണം നല്‍കി ഗള്‍ഫിലേക്ക് പോകാനായി കാത്തുനില്‍ക്കുന്നവര്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്. വൈദഗ്ധ്യമില്ലാത്ത ജോലിക്കായി പോകുന്നവരില്‍ അധികവും പത്താം ക്ലാസ് പാസായിക്കൊള്ളണമെന്നില്ല. വിദേശ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും തൊഴിലാളികള്‍ പത്താം ക്ലാസ് പാസാവണമെന്ന നിര്‍ബന്ധവുമില്ല. രാജ്യത്ത് ഏതായാലും തൊഴിലവസരങ്ങളില്ല. അവസരങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തതിനാല്‍ തൊഴില്‍ദാതാക്കള്‍ അധികവും കോര്‍പറേറ്റുകളാണ്. അവര്‍ക്കാവശ്യം വൈദഗ്ധ്യമുള്ളവരെയും. ചുരുങ്ങിയ കൂലിക്ക് പണിക്കാരെയും. ചുരുങ്ങിയ വേതനത്തിന് തൊഴിലാളികളെ നല്‍കാനാണോ പത്താം ക്ലാസ് നിബന്ധന. ചുരുങ്ങിയ ശമ്പളത്തില്‍ കൂടുതല്‍ നേരം ജോലി ചെയ്യിപ്പിച്ച് ലാഭം കൊയ്യുക എന്നതാണ് കോര്‍പറേറ്റ് നയം.

തൊഴിലാളികളെയും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരെയും ചൂഷണം ചെയ്തുകൊണ്ടിരിക്കുയാണ് സ്വകാര്യ കുത്തക മുതലാളിമാര്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഏതൊരു ജോലിക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. പ്ലസ്ടുക്കാര്‍ക്ക് പോലും യാതൊരു സാധ്യതയുമില്ലാത്ത ഇടമായി കേരളം മാറി. പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിങ്ങും മെഡിക്കല്‍ എന്‍ട്രന്‍സും പലവട്ടം എഴുതിയിട്ടും കരകയറാന്‍ കഴിയാതെ പോയവര്‍ക്ക് പോലും ഒരു തൊഴില്‍കിട്ടാന്‍ സാധ്യതയില്ലാത്ത നാടായി കേരളം. ആ നിലക്ക് പത്താം ക്ലാസ് കടക്കാത്തവര്‍ക്ക് ഇവിടെ എന്തുജോലി കിട്ടാനാണ്. ഇത്തരം ഒരവസ്ഥയില്‍ രാജ്യത്തെ യുവാക്കള്‍ എവിടെയെങ്കിലുംപോയി ജോലി ചെയ്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകട്ടെ എന്ന് ചിന്തിക്കുന്നതിന് പകരം അവരെ തടഞ്ഞുവെക്കുന്നത് ഒട്ടും ഭൂഷണമല്ല. ഇവിടെ ഏതായാലും അവസരങ്ങളില്ല. പുറമേക്ക് പോകാനും പറ്റില്ല എന്ന് വരുന്നത് അപലപനീയം തന്നെ. തൊഴിലില്ലാ പടയെ വര്‍ധിപ്പിക്കുവാന്‍ മാത്രമേ ഇത്തരം നടപടികള്‍കൊണ്ട് കഴിയൂ.

പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കൊടുക്കുകയില്ല എന്ന് തീരുമാനത്തിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുവാന്‍ മാത്രമേ പ്രകോപനപരമായ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ.
വിദേശ തൊഴിലുടമകള്‍ക്ക് ആവശ്യമില്ലാത്ത പത്താം ക്ലാസ് വിജയം ഇവിടെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കരുത്. വിദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്പി വളയ്ക്കാനും സിമന്റും മെറ്റലും ചേര്‍ക്കാനും പത്താം ക്ലാസ് പാസാകണമെന്ന് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിര്‍ബന്ധമില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നെന്തിനാണ് വാശി പിടിക്കുന്നത്?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.