2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പത്തൊമ്പത് വര്‍ഷത്തിന്റെ വിശ്വാസവുമായി ഗുജറാത്ത് കൈത്തറി, കരകൗശല പ്രദര്‍ശനം

കൊച്ചി: ഗുജറാത്ത് എംപോറിയം സംഘടിപ്പിക്കുന്ന കൈത്തറി, കരകൗശല പ്രദര്‍ശനം പത്തൊമ്പതാം വര്‍ഷത്തിലേക്ക് ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, ഒറീസ്സ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ ഒന്‍പത് സംസ്ഥാനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ടസ്സര്‍, മുഗ, സില്‍ക്ക് സാരികളോടൊപ്പം ഗാഗ്രാ പോളി കഫ്ത്താനുകള്‍, ജയ്പൂരിയന്‍ ചന്യാചോളി തുടങ്ങിയ വസ്ത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. രാജസ്ഥാന്‍ രത്‌നം കൊണ്ടുള്ള നെക്ലേസുകള്‍, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍, പവിഴത്തിലും പച്ചക്കല്ലിലും മറ്റ് വിവിധ സ്റ്റോണുകളിലുമുള്ള ആഭരണങ്ങളും സ്ത്രീ ഹൃദയങ്ങളെ ആകര്‍ഷിക്കുന്നു.
പുരുഷന്‍മാര്‍ക്കായി കോട്ടണ്‍, ഖാദി ഷര്‍ട്ടുകളും കുര്‍ത്തകളും ഒരുക്കിയിട്ടുണ്ട്. തുകയിലും തുണിയിലും നിര്‍മിച്ച പരിസ്ഥിതി സൗഹൃദ ലേഡീസ് ബാഗുകള്‍ പേഴ്‌സുകളും വാങ്ങാന്‍ വന്‍തിരക്കാണെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.
ആപഌക്, എംബ്രോയിഡറി വര്‍ക്ക് ചെയ്ത ബെഡ് ഷീറ്റുകള്‍, കുഷ്യന്‍ കവറുകള്‍, ലേസ് വര്‍ക്ക് ചെയ്തിട്ടുള്ള അലങ്കാര മാറ്റുകള്‍ എന്നിവയ്ക്കും ആവശ്യക്കാരേറെയുണ്ട്. ഒറീസ്സയില്‍ നിന്നുള്ള പനയോല പെയിന്റിങ്ങുകള്‍, പല മീഡിയങ്ങളിലുള്ള പെയിന്റിങ്ങുകള്‍, കര്‍ണാടകയിലെ ചനാ പട്ടനാ പളിപ്പാട്ടങ്ങള്‍, വിഗ്രങ്ങള്‍, ശില്‍പ്പങ്ങള്‍, ചുവര്‍ അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയും ലഭ്യമാണ്.
മരത്തിന്റെ മുള്ളുപാകി ആസാം തേക്കില്‍ തയ്യാറാക്കിയ അക്യൂപ്രഷര്‍ ചികിത്സാ ഉപകരണങ്ങളും മേളയുടെ ആകര്‍ഷണമാണ്.
അത് ഉപയോഗിക്കേണ്ട രീതിയും വില്‍പ്പനക്കാര്‍ വിശദീകരിക്കും.
പത്ത് രൂപ മുതല്‍ 10000 രൂപ വരെയുള്ള വസ്തുക്കള്‍ മേളയിലുണ്ട്. കൈത്തറിക്ക് 20 ശതമാനവും കരകൗശല ഉല്‍പന്നങ്ങള്‍ക്ക് പത്ത് ശതമാനവും സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണെന്ന് മാനേജര്‍ കെ. അരുണാചലം അറിയിച്ചു.
ഭാരത സര്‍ക്കാരിന്റെ ഡവലപ്‌മെന്റ് സ്‌കീം പ്രകാരം കൈത്തറി, കരകൗശല കലാകാരന്മാരെ സഹായിക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതോടൊപ്പം പരമ്പരാഗത ഉല്‍പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മാണം തത്‌സമയം കാണാന്‍ കഴിയും. അവാര്‍ഡ് ജേതാക്കള്‍ സ്വന്തം ഉല്‍പന്നങ്ങളുമായി പങ്കെടുക്കുന്നുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെയാണ് പ്രദര്‍ശനം. 15ന് സമാപിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.