
ന്യൂഡല്‍ഹി: 10 കോടി രൂപ നിക്ഷേപിച്ചാല്‍ വിദേശികള്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസമാക്കാം. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച നയം മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചു.
വിദേശികള്‍ക്കുള്ള വിവിധ സൗകര്യങ്ങളില്‍ ഇളവുകളും സൗകര്യങ്ങളും നല്‍കുന്നതാണ് പുതിയ തീരുമാനം. നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് സ്വത്ത് വാങ്ങാനും വില്‍ക്കാനും അനുമതിയുണ്ടാകും. വിസാ ചട്ടങ്ങള്‍ ലഘൂകരിക്കാനും കുടുംബാംഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നേടാനും മറ്റു ആനുകൂല്യങ്ങള്‍ക്കും അവസരമുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 10 വര്‍ഷത്തേക്കായിരിക്കും അനുമതി നല്‍കുക. ഇതിനുശേഷം അനുവാദം പുതുക്കേണ്ടി വരും. താമസ അനുമതി ലഭിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപം നടത്തണം. പാകിസ്താനികള്‍ ഒഴികെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യമെന്ന് മന്ത്രി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.