2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പത്തു കടക്കാത്തവര്‍ ഗള്‍ഫില്‍ പോകേണ്ടെന്നു കേന്ദ്രം

ഫസല്‍ മറ്റത്തൂര്‍

മലപ്പുറം: പത്താംക്ലാസ് ജയിക്കാത്തവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതായതോടെ വിദേശത്തേക്കു പോകാന്‍ വഴിയില്ലാതെ ഉദ്യാഗാര്‍ഥികള്‍. ഉന്നത വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും വിദേശത്തു വിവിധ മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്കാണു കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്കു ഗ്യാരന്റി നല്‍കണമെന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.
തൊഴില്‍ ദാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേണ്ടഷന്‍, ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്തവര്‍ക്ക് പെര്‍മിറ്റ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നുള്ളു. ഹൗസ് ഡ്രൈവര്‍, ലേബര്‍, ലോഡിങ് പോലുള്ള തൊഴില്‍ മേഖലകളില്‍ പതിനായിരക്കണക്കിനു തൊഴിലവസരങ്ങളാണു വിവിധ വിദേശ രാജ്യങ്ങളില്‍ നിലവിലുള്ളത്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് ഈ മേഖലയില്‍ പ്രധാനമായും ജോലി നോക്കിയിരുന്നത്. ചെറു തൊഴില്‍ മേഖലകളില്‍ പലതിലും വിസ നല്‍കാറുണ്ടെങ്കിലും തൊഴില്‍ ദാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍, മറ്റ് അനുമതി പത്രങ്ങള്‍ എന്നിവയൊന്നും നല്‍കാറില്ല. ഇതുകാരണം വിസക്കു പണം നല്‍കിയിട്ടും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ യാത്ര മുടങ്ങുന്ന സാഹചര്യമുണ്ട്.

സാധാരണക്കാരായ ഉദ്യോഗാര്‍ഥികളാണ് ഇതുമൂലം പ്രയാസപ്പെടുന്നത്. പ്രതിമാസം പതിനായിരക്കണക്കിനു പേര്‍ വിവിധ തൊഴില്‍ ആവശ്യങ്ങള്‍ക്കു വേണ്ടി കേരളത്തില്‍ നിന്നു വിദേശത്തു പോവുന്നുണ്ട്. വിദേശത്തു ജോലി ചെയ്യാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ മൂന്നു വര്‍ഷം വിദേശത്തു ജോലി ചെയ്തവര്‍, 50 വയസ്സിനു മുകളിലുള്ളവര്‍, എസ്.എസ്.എല്‍.സി പാസായവര്‍, മൂന്നു വര്‍ഷമായി ഇന്‍കം ടാക്‌സ് അടച്ചുവരുന്നവര്‍ എന്നിവര്‍ക്കാണ് എമിഗ്രേഷന് ക്ലിയറന്‍സ് ലഭിക്കുക.
ഇ.അഹമ്മദ് കേന്ദ്ര മന്ത്രിയായ സമയത്ത് ഇത്തരം തൊഴിലന്വേഷകര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നു. പത്താംക്ലാസ് യോഗ്യതയില്ലാത്തവര്‍ വിസയുടെ കോപ്പിയോ, പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തതോ ഹാജരാക്കിയാലായിരുന്നു എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News