2018 May 08 Tuesday

പത്തിലും ഗ്രേഡിനൊപ്പം മാര്‍ക്കും വേണം

ജോഷി ബി. ജോണ്‍ മണപ്പള്ളി , കൊല്ലം

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ഒഴിവാക്കി ഓരോ വിഷയത്തിന്റെയും ഗ്രേഡുകള്‍ മാത്രം നല്‍കുന്ന രീതി അശാസ്ത്രീയമാണ്. ഗ്രേഡുകള്‍ മാത്രം ചേര്‍ക്കുന്നത് മല്‍സര സ്വഭാവം ഒഴിവാക്കാന്‍ എന്നാണു വാദം. എന്നാല്‍, പുതിയൊരു ക്ലാസിലേക്കു പ്രവേശനം നല്‍കുന്നത് മല്‍സരസ്വഭാവമുള്ള റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായതിനാല്‍ അവിടെ മാര്‍ക്കും അത്യാവശ്യമാണ്.

ഡിഗ്രി പ്രവേശനത്തിന് പ്ലസ്ടുവിനു ലഭിച്ച മാര്‍ക്കാണ് നോക്കുന്നത്. എന്നാല്‍, പ്ലസ്ടു പ്രവേശനത്തിന് പത്തിലെ ഗ്രേഡാണ് ഇപ്പോള്‍ എടുക്കുന്നത്.
90 മുതല്‍ 100 ശതമാനം വരെ മാര്‍ക്കുളളയാള്‍ക്ക് എപ്ലസ് കിട്ടുമ്പോള്‍ 80 മുതല്‍ 89 ശതമാനംവരെ എ ഗ്രേഡും അങ്ങനെ താഴോട്ട് മറ്റ് ഗ്രേഡുകളും നല്‍കുന്നു. പത്തു വിഷയത്തിനും 90 മാര്‍ക്ക് വീതം നേടിയ കുട്ടി ആകെ 900 മാര്‍ക്കുമായി പത്ത് എപ്ലസിന്റെ 90 പോയിന്റ് നേടുമ്പോള്‍, ഒന്‍പതു വിഷയത്തിനും 100 മാര്‍ക്കുവീതവും ഒന്നിന് 88 മാര്‍ക്കും ലഭിച്ച കുട്ടിക്ക് ആകെ 988 മാര്‍ക്ക് ഉണ്ടെങ്കിലും ഒന്‍പത് എപ്ലസും ഒരു ‘എ’യും ആയതിനാല്‍ ഗ്രേഡ് പോയിന്റ് 89 ആയി താണ് റാങ്കില്‍ പിന്നിലാകുന്നു. പ്ലസ്ടുവിന് പ്രവേശനം കിട്ടിയില്ലെന്നും വരാം. 88 മാര്‍ക്ക് കൂടുതലുള്ളയാള്‍ റാങ്കില്‍ പിന്നിലാവുന്ന സ്ഥിതിയാണ് ഗ്രേഡ് നല്‍കല്‍ മൂലം ഉണ്ടാകുന്നത്.ഏതെങ്കിലുമൊക്കെ വകുപ്പിലുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എല്ലാ ഗ്രേഡും എപ്ലസില്‍ എത്തുമ്പോള്‍ നന്നായി പഠിക്കുന്ന കുട്ടിക്ക് നല്ല മാര്‍ക്ക് ഉണ്ടെങ്കിലും ഒന്നോ രണ്ടോ ഗ്രേഡ് കുറഞ്ഞാല്‍ പ്രവേശന മല്‍സരത്തില്‍ പിന്നിലാകുന്ന സ്ഥിതിയാണുള്ളത്.സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിന്റെയൊപ്പം മാര്‍ക്ക് കൂടി നല്‍കുകയും പ്ലസ്ടു പ്രവേശനം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആക്കുകയും വേണം. ഗ്രേസ് മാര്‍ക്കുകള്‍ കിട്ടിയ കുട്ടിക്ക് പിന്നീട് അതിനു വെയിറ്റേജ് നല്‍കാനും പാടില്ല. മാത്രമല്ല, പ്ലസ്ടു പ്രവേശനത്തിന് അതേ സ്‌കൂളിനും പഞ്ചായത്തിനും നല്‍കുന്ന അശാസ്ത്രീയ വെയിറ്റേജും നിര്‍ത്തലാക്കണം. ഒരു കുട്ടിയും സ്‌കൂളും പഞ്ചായത്തും മാറി പഠിക്കേണ്ടതില്ല എന്ന പിടിവാശി തുല്യനീതിയുടെ ലംഘനമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.