2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പതിനഞ്ചു വര്‍ഷത്തെ സൈനിക സേവനം; 38 വര്‍ഷം പ്രവാസി, ഇനി സ്വന്തം നാടിന്റെ ശാന്തിയിലേക്ക് ഷംസുദ്ദീന്‍ കുഞ്ഞി മടങ്ങി

നിസാര്‍ കലയത്ത്

ജിദ്ദ: അഞ്ചു പതിറ്റാണ്ടിന്റെ പ്രവാസത്തിനു വിട നല്‍കി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ കുഞ്ഞ് തന്റെ എഴുപതാമത്തെ വയസ്സില്‍ സ്വന്തം നാടിന്റെ ശാന്തിയിലേക്ക് മടങ്ങി. 15 വര്‍ഷത്തെ സൈനിക സേവനവും 38 വര്‍ഷത്തെ ജിദ്ദ പ്രവാസവും ഉള്‍പ്പെടെ ഷംസുദ്ദീന്‍ നാടുവിട്ടിട്ട് അമ്പത്തിമൂന്ന് കൊല്ലമായി.
1981 ഡിസംബര്‍ 12 നാണ് മുംബൈയില്‍ നിന്ന് കറാച്ചി വഴി സഊദിയിലെ ജിദ്ദയില്‍ എത്തുന്നത്. സഊദിയിലേയ്ക്ക് ആദ്യമായി വന്നിറങ്ങിയ സഊദി എയര്‍ലൈന്‍സ് ടിക്കറ്റ് ഇന്നും നിധിപോലെ ഷംസുദ്ദീന്‍ സൂക്ഷിക്കുന്നു. സൈനികവൃത്തിയില്‍ നിന്ന് സ്വയം വിരമിച്ച അദ്ദേഹം ഒരു വര്‍ഷം ഔറംഗാബാദില്‍ സബ് ഡിവിഷന്‍ ഓഫിസില്‍ ടെലി ഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു വര്‍ഷത്തെ ജോലി നോക്കിയതിന് ശേഷമാണ് ജിദ്ദയില്‍ വന്നിറങ്ങുന്നത്. തൊഴിലിനായി കുറേ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും അന്ന് ജിദ്ദ ബാഗ്ദാദിയയിലെ ന്യൂഡല്‍ഹി സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യ
എംബസിയില്‍ ആവശ്യക്കാര്‍ക്ക് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയും ഹജിനും ഉംറക്കുമെത്തുന്നവരെ സേവിച്ചുമാണ് തുടക്കം.

37 വര്‍ഷം മുമ്പ് ആദ്യമായി സഊദിയില്‍ വന്നിറങ്ങിയ വിമാന ടിക്കറ്റ്

സൈനിക കാലത്ത് ലഭിച്ച ഭാഷാ പരിജ്ഞാനം ഇത്തരം കാര്യങ്ങള്‍ക്ക് തുണയായതായി ഷംസുദ്ദീന്‍ കുഞ്ഞ് ഓര്‍ക്കുന്നു. ഇഖാമ കിട്ടാന്‍ പിന്നെയും സമയമെടുത്തു. ഒടുക്കം 1982 മേയ് നാസു മുതല്‍ ജിദ്ദയിലെ അസ്ഫാനില്‍ അല്‍ ഹംറാനി കമ്പനി ഫോര്‍ ഇന്‍ഡസ്ട്രിയലില്‍ ജോലിയില്‍ പ്രവേശിച്ചു. അന്ന് തൊട്ട് ഇന്ന് വരെ നീണ്ട 38 വര്‍ഷം ഒരേ കമ്പനിയില്‍ ഒരേ തസ്തികയില്‍ തുടര്‍ന്ന ഷംസുദ്ദീന്‍ ആരോഗ്യസ്ഥിതി തുടരാന്‍ അനുവാദിക്കാത്തതുകൊണ്ടാണ് വിരമിച്ചത്. മുമ്പും പലതവണ രാജിയെക്കുറിച്ച് ആലോചിച്ചപ്പോഴൂം തൊഴിലുടമയുടെ നിര്‍ബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നു. ഇന്ത്യന്‍ ഇന്ത്യന്‍ സേനയില്‍ നിന്നും നേടിയ അച്ചടക്കവും അനുഭവസമ്പത്തുമാണ് കമ്പനിയെ വികസനത്തിലേക്ക് നയിക്കാനും ഉടമയുടെ പ്രീതി നേടാനും ഷംസുദ്ദീനെ പ്രാപ്തമാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെത്തന്നെ ഇന്ത്യ സൈന്യത്തില്‍ ആര്‍മി സര്‍വീസ് കോര്‍പ്പില്‍ ചേര്‍ന്നിരുന്നു. ഷിംല, പത്താന്‍കോട്ട്, കൊല്‍ക്കത്ത തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തതിന്റെ അനുഭവ സമ്പത്ത് പ്രവാസ തൊഴിലില്‍ വലിയ മുതല്‍ക്കൂട്ടായി. നിറഞ്ഞ സംതൃപ്തിയോടെയാണ് മടക്കമെന്നും പ്രവാസ ജിവിതത്തിനിടെ പതിനഞ്ച് തവണ ഹജ് ചെയ്യാനും നിരവധി തവണ ഉംറ ചെയ്യുവാനും സാധിച്ചു. മദീനയില്‍ നിരവധി തവണ പോയി ഈ ആയുസ്സില്‍ ഇനി വേറെയെന്ത് വേണമെന്നാണ് ഷംസുദ്ദീന്‍ കുഞ്ഞിന്റെ ചോദ്യം. സഊദിയിലെ നീണ്ട 21 വര്‍ഷവും ഭാര്യ നഫീസാ ബീവി ഇദ്ദേഹത്തിന് കൂടെയുണ്ട്. തന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ പുണ്യ മണ്ണിനോട് വിട പറഞ്ഞ് അന്ന് വന്നിറങ്ങിയ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ സന്തോഷത്തോടെയാണ് ഷൂസുദ്ദീന്‍ കുഞ്ഞ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നു മക്കളില്‍ മൂത്തമകന്‍ മുഹമ്മദ് ഷഫീഖ് റിയാദിലും രണ്ടാമത്തെ മകന്‍ ഷംനാദ് കുരുനാഗപ്പള്ളി ജീവന്‍ ടി.വി സഊദി ബ്യൂറോ ചീഫായും മകള്‍ ഷജിന മോള്‍ ബാംഗ്ലൂരിലുമാണ് താമസം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.