2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പണ്ഡിതന്മാര്‍ വാദങ്ങള്‍ മിതമാക്കണം

ശൈഖ് അബ്ദുല്‍ ഹകീം മുറാദ്

ശൈഖ് അബ്ദുല്‍ ഹകീം മുറാദ്

നാം വെല്ലുവിളികള്‍ക്ക് നടുവിലാണ്. ഒന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കേണ്ട സമയമാണിത്. വിഭാഗീയതയും തീവ്രവീക്ഷണവും നമ്മെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല ശത്രുവിനെ സന്തോഷിപ്പിക്കുകയും അവന്റെ പണി എളുപ്പമാക്കുക കൂടി ചെയ്യുന്നു.

ഇന്നലെകളില്‍നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. സുല്‍ത്താന്‍ ഇബ്‌റാഹിം ഇഅ്ത്തിമാദിനെ പോലുള്ള ചില ഓട്ടോമന്‍ ഭരണാധികാരികളുടെ അഴിമതിയും മോശം നയങ്ങളും സാമ്പത്തികമായും രാഷ്ട്രീയമായും ഒട്ടോമന്‍ സാമ്രാജ്യത്തെ ദുര്‍ബലപ്പെടുത്തിയ സാഹചര്യം ഓര്‍ക്കുക. അന്ന് അത് മുതലാക്കാന്‍ എത്തിയ ക്രൈസ്തവ ശക്തികള്‍ കൃത്രിമമായ പൂഴ്ത്തിവയ്പ് നടത്തി ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് വിലകൂട്ടുകയും നഗരാതിര്‍ത്തിയില്‍ വന്‍വിലക്ക് വില്‍പന നടത്തി ലാഭം കൊയ്യുകയും പാവങ്ങളുടെ നട്ടെല്ല് ഒടിക്കുകയും ചെയ്തു.
നാട്ടില്‍ തെറ്റായ മതവീക്ഷണങ്ങളും പ്രയോഗങ്ങളും അക്കാലത്ത് വ്യാപകമായി. രാജ്യത്ത് പ്രതിസന്ധി രൂക്ഷമായ ആ സമയത്ത് ഖലീഫയുടെ ആസ്ഥാനനഗരത്തില്‍ പരസ്പരം തീര്‍ത്തും ഭിന്നവീക്ഷണം പുലര്‍ത്തിയ രണ്ടുപണ്ഡിതന്‍മാര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. ഒരാള്‍ ബൈസീറ്റ് പള്ളിയിലെ ഖാദി സാദെ മെഹ്മെറ്റാണ്. അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടുകളും അപക്വമായ വീക്ഷണങ്ങളും പലേടത്തും ആള്‍ക്കൂട്ട ആക്രമങ്ങള്‍ ഉണ്ടാക്കി. സെഹ്‌സാദെ പള്ളിയിലെ അബ്ദുല്‍ മസീദ് സിവാസിയാണ് മറ്റൊരാള്‍. സിവാസിയുടേത് കുറെക്കൂടി സഹവര്‍ത്തിത്വത്തിന്റെ നിലപാടായിരുന്നു. സാധാരണക്കാരുടെ നേര്‍ക്ക് കടുത്ത വീക്ഷണം പുലര്‍ത്തുന്നത് സമുദായത്തെ പിന്നെയും ക്ഷയിപ്പിക്കുമെന്നായിരുന്നു സിവാസിയുടെ കാഴ്ചപ്പാട്.
മഹാനായ അനസ് ബിനു മാലിക് (റ)ന്റെ ശിഷ്യന്‍ സുലൈമാന് ബിനു തര്‍ക്കാനിന്റെ വീക്ഷണമാണിത്. ‘മാ അഗ്‌ളബത്ത റജുലന്‍ ഫഖബില മിന്ക’, അതായത് പ്രകോപിപ്പിച്ചു അനുസരിപ്പിക്കുക സാധ്യമല്ലെന്ന പ്രായോഗിക നിലപാടായിരുന്നു അത്. സ്വാഭാവികമായും ഖാദി സാദെയുടെ കടുത്ത നിലപാടിനൊപ്പമായിരുന്നില്ല ജനം. അവര്‍ അദ്ദേഹത്തെ തിരസ്‌കരിച്ചു.
എന്റെ ഗുരുനാഥന്‍ ശൈഖ് അബ്ദുല്‍ വദൂദു ശഅലബി (മരണം 2008) യുടെ കൂടെ ലണ്ടനിലെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തത് ഓര്‍ക്കുന്നു. അദ്ദേഹം അസാധാരണ ധൈര്യശാലിയായിരുന്നു. ഡെപ്യൂട്ടി ശൈഖുല്‍ അസ്ഹറായിരുന്ന അദ്ദേഹത്തെ ഭരണകൂടം അഞ്ചുവര്‍ഷം ജയിലിലടച്ചിരുന്നു.
അന്ന് ലണ്ടനില്‍ ഞങ്ങള്‍ ഒരു ന്യൂസ് എജന്റ് കടയില്‍ കയറി. അലോസരപ്പെടുത്തുന്ന പശ്ചാത്തലമായിരുന്നു അവിടെ. ധാരാളം അശ്ലീല മാസികകളും മദ്യചഷകങ്ങളും നിരത്തിവച്ച ആ ഷോപ്പില്‍ ജീവനക്കാരി ഒരു മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു. ശൈഖ് അബ്ദുല്‍ വദൂദ് ഒട്ടും അസ്വസ്ഥത കാണിച്ചില്ല. അവരോടു പേര് ചോദിക്കുകയും വളരെ മാന്യമായി സംസാരിക്കുകയും ചെയ്തു. അവരുടെ മുസ്‌ലിംസ്വത്വത്തിനു ചേര്‍ന്ന പണിയല്ല ഇതെന്ന് അവരോടു പറയാതെ പറയുന്ന തരത്തിലായിരുന്നു സംസാരം. ആര്‍ദ്രമായ പുഞ്ചിരിയിലൂടെ മതത്തിന്റെ ശാന്തിദൂതിലേക്ക് അവരെ സ്വാഗതം ചെയ്യുകയായിരുന്നു ശൈഖ്. ഇമാം ഖാദി ഇയാദ് (റ) ന്റെ ഉസ്താദ് ഇബ്‌നു റുഷ്ദു അല്‍ ജദ്ദ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു പരീക്ഷണ കാലം വരാനുണ്ട്. അന്ന് മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുന്നതാകും നന്നാകുക. കാരണം അത് ഒന്നുകില്‍ ആരും ഗൗനിക്കാതിരിക്കും അല്ലെങ്കില്‍ എതിര്‍ഫലം ചെയ്യും. എതിര്‍ ഫലങ്ങളാകട്ടെ പരീക്ഷണത്തെ ശതഗുണീഭവിപ്പിക്കുകയാണ് ചെയ്യുക. തുടര്‍ന്ന് അഴിമതിയും കെടുകാര്യസ്ഥതയും തലപോക്കിയിരുന്ന തന്റെ കാലഘട്ടത്തെ പരാമര്‍ശിച്ചു അദ്ദേഹം പറഞ്ഞു. ആ കാലം തന്നെയാണ് ഇതെന്ന് പറയേണ്ടി വരുമെന്ന്.
തൊള്ളായിരം കൊല്ലം മുന്‍പായിരുന്നു ഈ പ്രസ്താവന എന്ന് നാം ഓര്‍ക്കണം. എങ്കില്‍ പിന്നെ നമ്മുടെ ഈ കാലഘട്ടത്തെപ്പറ്റി പറയാനുണ്ടോ? തെറ്റുകളെ വിമര്‍ശിക്കരുത് എന്ന് ഇതിനു അര്‍ഥമില്ല. വിമര്‍ശനം സൃഷ്ടിക്കാവുന്ന ഫലം കൂടി മുന്‍കൂട്ടി കണക്ക് കൂട്ടിയായിരിക്കണം നമ്മുടെ ഇടപെടലുകള്‍ എന്നാണു പറഞ്ഞുവരുന്നത്. പ്രത്യേകിച്ച് നമ്മുടെ മാറിയ പരിതസ്ഥിതിയില്‍.

(കാംബ്രിഡ്ജ് മുസ്‌ലിം കോളജിലെ ഡീനാണ് തിമോത്തി വിന്റര്‍ എന്ന ശൈഖ് അബ്ദുല്‍ ഹകീം മുറാദ്. ഇഹ്‌യാ ഉലൂമിദ്ദീന്റെ രണ്ടുവാള്യങ്ങള്‍ ഉള്‍പ്പെടെ ധാരാളം ഇസ്‌ലാമിക ക്ലാസിക് കൃതികള്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്)
മൊഴിമാറ്റം: മിഥിലാജ് റഹ്മാനി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.