2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

പണിയെടുക്കാന്‍ വയ്യ; മുഖ്യമന്ത്രിയെ തള്ളി മന്ത്രിമാര്‍

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ അഞ്ചു ദിവസം സെക്രട്ടേറിയറ്റില്‍ ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മന്ത്രമാര്‍ തള്ളി. കഴിഞ്ഞദിവസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിണറായി വിജയനു പുറമേ എ.കെ.ബാലന്‍, തോമസ് ഐസക്, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, സി. രവീന്ദ്രനാഥ്, മാത്യു ടി.തോമസ് എന്നിവര്‍ മാത്രമാണ് യോഗത്തിനെത്തിയത്. ക്വാറം തികയാത്തതിനാല്‍ പകരം ഇന്നലെ വീണ്ടും പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. ഇന്നലത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിലും മൂന്ന് മന്ത്രിമാര്‍ പങ്കടുത്തില്ല. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ധനമന്ത്രി തോമസ് ഐസക്, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് എത്താതിരുന്നത്. കണ്ണൂരില്‍ സഹകരണ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കടകംപള്ളി . തോമസ് ഐസക് വ്യക്തിപരമായ ആവശ്യത്തിന് അവധിയെടുക്കുകയായിരുന്നു. സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിരക്കിലായിരുന്നു ഇ.ചന്ദ്രശേഖരന്‍.
ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം അവതരിപ്പിച്ചു. എല്ലാ മന്ത്രിമാരും അഞ്ചു ദിവസം നിര്‍ബന്ധമായും തലസ്ഥാനത്ത് ഉണ്ടാകണം. വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ചകള്‍ നടത്തി ഭരണം കാര്യക്ഷമമാക്കാന്‍ വകുപ്പുകളുടെ ചുമതലയുള്ളവര്‍ ശ്രദ്ധിക്കണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നിശ്ചിതസമയം നീക്കിവയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശം ഭൂരിഭാഗം മന്ത്രിമാരും തള്ളുകയായിരുന്നു. അഞ്ചു ദിവസം സെക്രട്ടേറിയറ്റില്‍ ഉണ്ടാകണമെന്നത് നടക്കുന്ന കാര്യമല്ല. വകുപ്പുകളുടെ യോഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകും. മാത്രമല്ല മന്ത്രിയായാലും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം. അവിടെ വിളിക്കുന്ന പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടവ ഉപേക്ഷിക്കാന്‍ പറ്റില്ല. വീണ്ടും മണ്ഡലത്തില്‍ വോട്ട് തേടി പോകേണ്ടതാണ്. പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കേണ്ടിവരും. അഞ്ചു ദിവസം ഇവിടെ അടയിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
എന്നാല്‍ മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു തടസവുമില്ലെന്നും അതിന് അനുമതി വാങ്ങിയിരിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എന്തുതന്നെയായാലും അഞ്ചു ദിവസം നിശ്ചയമായും മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടാകണമെന്നും പിണറായി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും അഞ്ചു ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിപാട് സ്വീകരിച്ചിരുന്നു. മൂന്നു മാസത്തോളം ഈ നിര്‍ദേശം പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിമാര്‍ കൃത്യത പാലിക്കാതായി. തലസ്ഥാനത്തുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ആഴ്ചയില്‍ മൂന്നു ദിവസം പോലും ഓഫിസില്‍ വരാതെ ദിവസം മുഴുവനും പരിപാടികളുമായി ഊരുചുറ്റലായിരുന്നു.
അതേസമയം, മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി വാശി പിടിച്ചിട്ടില്ലെന്നും, മന്ത്രിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടിവരിക സ്വാഭാവികമാണെന്നും കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാറം തികയാതെ പിരിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് മറ്റു പരിപാടികളില്‍ പങ്കെടുക്കാന്‍ തലസ്ഥാനം വിട്ടതെന്നായിരുന്നു മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. ഇത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരസ്യമാക്കുകയും ചെയ്തു. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അനുമതി സി.പി.ഐ മന്ത്രിമാര്‍ മാത്രമാണ് വാങ്ങിയത്.
അവര്‍ക്ക് വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അനുമതി നല്‍കിയത്. എന്നാല്‍ കുണ്ടറ ഉണ്ടായിരുന്ന മേഴ്‌സികുട്ടിയമ്മയോ ആലപ്പുഴ ഉണ്ടായിരുന്ന സുധാകരനോ പങ്കെടുത്തില്ല. ഇവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കണക്കുകൂട്ടിയിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.