2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

പണവും സ്വര്‍ണവും തട്ടിയെടുത്ത് മുങ്ങുന്ന വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍

കൊടുവള്ളി: പലയിടങ്ങളില്‍ നിന്നായി വിവാഹം കഴിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്ത് മുങ്ങുന്ന പാലക്കാട് സ്വദേശി കൊടുവള്ളിയില്‍ പിടിയിലായി.
പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യങ്ങള്‍ വഴി ബന്ധപ്പെട്ട് നിര്‍ദ്ധന യുവതികളെ വിവാഹം ചെയ്തു പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങുന്ന പാലക്കാട് പിറായില്‍ കണ്ണംപാഠം ആര്‍. സുമേഷ് എന്ന ആദിലിനെയാണ് (34) നാട്ടുകാര്‍ പിടികൂടി കൊടുവള്ളി പൊലിസിലേല്‍പ്പിച്ചത്. കോഴിക്കോട്ടുള്ള മത സ്ഥാപനത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയതാണെന്നും ആദ്യവിവാഹമാണെന്നും പറഞ്ഞു ആദില്‍ കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പ്പറമ്പ് മുക്കിലെ നിര്‍ദ്ധന കുടുംബത്തിലെ യുവതിയെ കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് വിവാഹം ചെയ്തിരുന്നു. പെരുമാറ്റത്തിലും പ്രവൃത്തികളിലും സംശയം തോന്നിയ കുടുംബങ്ങള്‍ ഇയാളെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമായി അഞ്ച് വിവാഹങ്ങള്‍ കൂടികഴിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇതിനിടെ യുവതിയില്‍ നിന്നും പണവും ലാപ്‌ടോപ്പും കൈക്കലാക്കി ആദില്‍ മുങ്ങുകയായിരുന്നു. ലാപ്‌ടോപ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തന്ത്ര പരമായി യുവതി ചൊവാഴ്ച്ച ആദിലിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിച്ച് പിടികൂടി നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൊടുവള്ളി പൊലിസിലേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് മഞ്ചേരിയില്‍ നിന്നും ഇയാള്‍ സമാനമായ രീതിയില്‍ വിവാഹം കഴിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ വിവാഹിതനായിട്ടുണ്ട്. സംഭവത്തില്‍ കൊടുവള്ളി പൊലിസ് കേസെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.