2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പണമില്ലെന്ന് എഴുതി തന്നാല്‍ യാത്രാബത്ത നല്‍കാം: ജോര്‍ജിനോട് ദേശീയ വനിതാകമ്മിഷന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ ആക്ഷേപിച്ച പി.സി ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍. പി.സി ജോര്‍ജിന് ഡല്‍ഹിക്ക് വരാന്‍ പണമില്ലെങ്കില്‍ നല്‍കുമെന്ന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. 

പണമില്ലെന്ന് എഴുതിനല്‍കിയാല്‍ യാത്രാബത്ത നല്‍കാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജില്‍ നിന്ന് കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നില്ല. പി.കെ ശശി എം.എല്‍.എക്കെതിരായ ആരോപണത്തില്‍ യുവതി പരാതിനല്‍കിയാല്‍ നിയമസഹായം അടക്കം പിന്തുണ നല്‍കും.
പീഡനത്തിനിരയായ കന്യാസ്ത്രീയെ ആക്ഷേപിച്ച കേസില്‍ ഈ മാസം 21ന് നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞദിവസം വനിതാ കമ്മിഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായി വണ്ടിക്കൂലി നല്‍കിയാല്‍ ഡല്‍ഹിക്ക് വരാമെന്നും അല്ലെങ്കില്‍ കമ്മിഷന്‍ കേരളത്തിലേക്ക് വരട്ടെയെന്നുമാണ് പി.സി ജോര്‍ജ് പറഞ്ഞത്.
കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങളും ഇതുമായി ബന്ധപ്പെട്ട പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും രേഖാ ശര്‍മ പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.
ഈ പരാതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് എന്തോ കുഴപ്പമുണ്ട്. ഒന്നുംചെയ്യാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാരെന്നും അവര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.