2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഠിപ്പ് മതി; മുടക്ക് വേണ്ട….. കലാലയത്തില്‍ സമരംവേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥിസമരം പാടില്ലെന്നു ഹൈക്കോടതി. കലാലയങ്ങളില്‍ പഠനവും സമരവും ഒന്നിച്ചു പോകേണ്ടതില്ലെന്നും പഠിപ്പുമുടക്കി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കലാലയങ്ങളില്‍ സമരം, ധര്‍ണ, സത്യഗ്രഹം എന്നിവ അനുവദിക്കേണ്ടതില്ല. കോളജില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് മാനേജ്‌മെന്റിന് പൊലിസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പൊന്നാനി എം.ഇ.എസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥിസമരത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയത്.
കോളജില്‍ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാനാവില്ല. രാഷ്ട്രീയവും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നത് ശരിയല്ല. രാഷ്ട്രീയപ്രവര്‍ത്തനമാണോ പഠനമാണോ വേണ്ടതെന്നു വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ രണ്ടും ഒരുമിച്ചുകൊണ്ടുപോകാന്‍ അനുവദിക്കില്ല.
കുട്ടികള്‍ കലാലയങ്ങളില്‍ എത്തുന്നത് പഠിക്കാനാകണം. അക്കാദമിക് സ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കേണ്ടതില്ല. ധര്‍ണ, പട്ടിണിസമരം, സത്യഗ്രഹം മുതലായവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലല്ല നടത്തേണ്ടത്. ഏതെങ്കിലും വിദ്യാര്‍ഥികള്‍ കലാലയത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ പുറത്താക്കപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനത്തിനുള്ളവയാണ്, രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉള്ളവയല്ല. രാഷ്ട്രീയകക്ഷികള്‍ രാഷ്ട്രീയലക്ഷ്യത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തരുത്. ഒരു സാധാരണ പൗരന്റെ വിദ്യാഭ്യാസ അവകാശത്തെ ഇല്ലാതാക്കുന്ന നടപടികള്‍ അനുവദിക്കാനാകില്ല.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത് കോളജിനു പുറത്താണ് സമരമെന്നാണ്. എന്നാല്‍ മാനേജ്‌മെന്റ് ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ കലാലയത്തിനുള്ളില്‍ ബാനറുകളും ലൗഡ്‌സ്പീക്കറുകളും മറ്റും കാണാം. ഇത്തരം നടപടി കലാലയത്തിനുള്ളില്‍ അനുവദിക്കരുത്.
പൊലിസ് ഇവയെല്ലാം നീക്കണം. മാനേജ്‌മെന്റ് നല്‍കിയ ഫോട്ടോഗ്രാഫില്‍ കുട്ടികള്‍ കോളജ് മതില്‍ക്കെട്ടിനകത്തിരുന്ന് സമരം ചെയ്യുന്നത് കാണാം. ഇത്തരം നടപടികള്‍ പൊലിസ് അനുവദിക്കരുത്. കലാലയത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനും പഠനം നടക്കുന്നതിനും സാഹചര്യം ഒരുക്കണം. പാതയോരത്ത് യാത്രക്കാരെ തടസപ്പെടുത്തിയുള്ള സമരവും അനുവദിക്കരുത്. കലാലയത്തില്‍ സമരം, ധര്‍ണ എന്നിവയുമായി ബന്ധപ്പെട്ട ഏത് നടപടിയും തടയാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ പൊലിസ് സഹായം നല്‍കണം.
എന്നാല്‍ നിയമപരമായ അവകാശങ്ങള്‍ക്കായി കോടതിയെ സമീപിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടുത്ത 16നു ഹരജി പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും കോടതി നല്‍കിയ ഉത്തരവ് അനുസരിച്ച് നടപടി സ്വീകരിച്ചുവെന്നും സമരപ്പന്തല്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തുവെന്നും പൊലിസ് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.