2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പഠന ലക്ഷ്യത്തിന് ടൈം ടേബിള്‍

ഡോ. പി.എന്‍ സുരേഷ് കുമാര്‍

സ്‌കൂള്‍ തുറന്നു കഴിഞ്ഞല്ലോ. പഠനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കുമുണ്ട് സംശയങ്ങള്‍. തീര്‍ത്താലും തീരാത്ത ആശങ്കകള്‍. ഇത് എല്ലാ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും അവരെ അലട്ടുന്നതുമാണ്. ചില കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം.
അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ എങ്ങനെയാകണം കുട്ടിയുടെ പഠനം? എങ്ങനെ കുട്ടിക്ക് പഠനത്തോട് താല്‍പര്യം ഉണ്ടാക്കാം തുടങ്ങിയവയെക്കുറിച്ചെല്ലാം വിചാരപ്പെടേണ്ട സമയമാണിത്. പ്രധാനമായും മാതാപിതാക്കള്‍ക്കാണ് ഇക്കാര്യത്തില്‍ പങ്കുള്ളത്. അവരുടെ ആകാംക്ഷയും ജിജ്ഞാസയമെല്ലാം സ്വാഭാവികമാണ്, അതുകൊണ്ടുതന്നെ പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ കുട്ടികളുടെ ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

 

എന്താണ് ലക്ഷ്യം?

എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിക്ക് ഹ്രസ്വകാല ലക്ഷ്യം, ദീര്‍ഘ കാല ലക്ഷ്യം എന്നിവയുണ്ടാകും. ദീര്‍ഘകാല ലക്ഷ്യമാണ് ഭാവിയില്‍ ഡോക്ടര്‍, കലക്ടര്‍, എന്‍ജിനീയര്‍ എന്നിവയാകാമെന്നത്. അല്ലെങ്കില്‍ മറ്റെന്തങ്കിലും കരിയര്‍. പക്ഷേ ഈ ലക്ഷ്യം നേടണമെങ്കില്‍ ഹ്രസ്വകാല ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. അതായത് പഠിക്കുന്ന ക്ലാസിലെ ടോപ് സ്‌കോററാവുക, ഭാഷാമികവ്, പൊതുവിജ്ഞാനം, വ്യക്തിത്വ വൈഭവം, സ്വഭാവം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം ആര്‍ജിക്കുകയെന്നതാണ് അതിലേക്കുള്ള റിഹേഴ്‌സല്‍.
ഒരു വിദ്യാര്‍ഥി വര്‍ഷാരംഭത്തില്‍ തന്നെ മൂന്ന് കാര്യങ്ങളാണ് പഠനത്തിലും മേല്‍ പറഞ്ഞ ഹ്രസ്വകാല ലക്ഷ്യം നേടിയെടുക്കുന്നതിലും ശ്രദ്ധിക്കേണ്ടത്.

ി സിലബസ് മനസിലാക്കണം
ി പാഠ പുസ്തകങ്ങള്‍
ി മുന്‍ വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകള്‍

സിലബസ് അറിഞ്ഞേപറ്റൂ

സിലബസ് എന്നതു വലിയ ക്ലാസിലെ കുട്ടികളെ ഉദ്ദേശിച്ചാണ്.(പ്ലസ് വണ്ണിനു മീതെ). ആദ്യമായിത്തന്നെ സിലബസ് കുട്ടികള്‍ സംഘടിപ്പിക്കണം. ചില പരീക്ഷകളില്‍ സിലബസിലില്ലാത്ത ചോദ്യങ്ങള്‍ വരാറുണ്ട്. ഇതു കൃത്യമായി മനസിലാക്കാന്‍ സിലബസ് സംഘടിപ്പിക്കുന്നതിലൂടെ അറിയാം. പലപ്പോഴും പലകാരണങ്ങളാല്‍ (സമരം,അവധി) അധ്യാപകര്‍ക്ക് സിലബസിലുള്ള മുഴുവന്‍ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
ഒരുപക്ഷേ സിലബസ് നേരത്തെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനു മുന്‍പുതന്നെ ഒരാവര്‍ത്തി മനസിലാക്കാന്‍ ശ്രമിക്കാം. കൂടെ സിലബസിലുള്ള ടെക്സ്റ്റ്, നോട്ട്‌സ് എന്നിവ മാത്രം വായിച്ചുപഠിച്ചാല്‍ പഠനം പരിമിതപ്പെടും.

ആഴത്തിലാവണം വായന
പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ന്നിറങ്ങി വായിക്കേണ്ടി വരും. ഇതിനായി റഫറന്‍സ് ഗ്രന്ഥങ്ങള്‍ എടുത്തുവായിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന മാര്‍ക്കും റാങ്കും നേടുന്നവര്‍ അധ്യാപകര്‍ നല്‍കുന്ന നോട്ട്‌സ് മാത്രം വായിച്ചുപഠിക്കുന്നവരാകില്ല. അതിലുപരി ഒരു വിഷയത്തില്‍ കൂടുതല്‍ അറിവു നേടുന്നതിനായി അവര്‍ പലവഴികളും അന്വേഷിച്ചിറങ്ങും. ഇതിന്റെ മറ്റൊരു ഗുണം ഇങ്ങനെ തേടിപ്പിടിച്ച് പഠിക്കുന്നത് ഒരിക്കലും മറക്കില്ല എന്നതാണ്. ഇന്നത്തെ കാലത്ത് റഫറന്‍സിനായി വിവിധ പുസ്തകങ്ങളും പുറമെ ഗൂഗിളും നമ്മെ സഹായിക്കും.

ദീര്‍ഘകാല ലക്ഷ്യം

വാക്കുകളുടെ അര്‍ഥം അറിയാന്‍ മുതിര്‍ന്നവരോട് ചോദിക്കുന്നതും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതും നല്ലതാണ്. ഗൂഗിളില്‍ ഒരു വാക്കിന്റെ പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ഒരു ഡിക്ഷനറിയെങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഒരു പ്ലാന്‍ തയാറാക്കി പഠിക്കാനിരുന്നാല്‍ തീര്‍ച്ചയായും മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും. ഓരോ വര്‍ഷവും ഓരോ ക്ലാസിലും ഉന്നത വിജയം നേടിയാല്‍ നമ്മുടെ ദീര്‍ഘകാല ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ പ്രയാസമുണ്ടാകില്ല.
എന്റെ മകന്‍ മകള്‍ രാവിലെ നാലു മണിക്ക് എഴുന്നേറ്റ് പഠിക്കും, രാത്രി വൈകിവരെ പഠിക്കും എന്നിങ്ങനെ അഭിമാനമായി പറയുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ കൂടുതല്‍ നേരം പഠിച്ചതുകൊണ്ട് പഠനം ഫലപ്രദമാകുമെന്ന ധാരണ തെറ്റാണ്. എത്രനേരം പഠിക്കുന്നുണ്ട് എന്നല്ല, പഠിക്കുന്ന സമയം എത്ര ഫലപ്രദമായി പഠിക്കാന്‍ കഴിയുമെന്നതാണ് പ്രധാനം. അതായത് മനസ് പഠിക്കുന്ന വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതാണ് മര്‍മം. കാര്യക്ഷമമായി പഠനശൈലികള്‍ രൂപപ്പെടുത്തിയെടുക്കുന്നതും പ്രധാനമാണ്.

കുട്ടിക്ക് സമ്മാനം നല്‍കണം

ടൈം ടേബിളിന്റെ അവസാനത്തില്‍ റിമാര്‍ക്ക്‌സ് എന്ന കോളം ചേര്‍ക്കണം. ഇത് അതതു ദിവസങ്ങളില്‍ എഴുതി വാരാവസാനം അവലോകനം ചെയ്യാം. എന്നും കൃത്യമായി കോളങ്ങളില്‍ അടയാളപ്പെടുത്താന്‍ മറക്കരുത്. ആഴ്ചയില്‍ മാതാപിതാക്കള്‍ ടേബിള്‍ അവലോകനം ചെയ്തിട്ട് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ സമ്മാനമായി എന്തെങ്കിലും കുട്ടിക്ക് നല്‍കിയാല്‍ അതൊരു പ്രോത്സാഹനമാകും.
കുട്ടിയെ പഠിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാകണം സമ്മാനങ്ങള്‍ കൊടുക്കാന്‍, പുസ്തകം, ഇഷ്ടപ്പെട്ട ഭക്ഷണം എന്നിവ വാങ്ങിക്കൊടുക്കാവുന്നതാണ്. അതേസമയം തന്നെ പഠനത്തില്‍ വിട്ടുവീഴ്ച നല്‍കാന്‍ പ്രത്യേകം രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

ഈ പഠന രീതി അമിത ഭാരം ലഘൂകരിക്കും

ടൈം ടേബിള്‍ കുട്ടിയുടെ ജീവിതത്തെ നല്ല രീതിയില്‍ ബാധിക്കും. പഠനത്തിലുള്ള കാര്യക്ഷമത, കാര്യങ്ങള്‍ വിഭജിച്ച് ചെയ്യാന്‍ സാധിക്കും, അമിത ഭാരം ലഘൂകരിക്കും, ആത്മവിശ്വാസം വര്‍ധിപ്പിക്കും, ലക്ഷ്യം അടുത്തായി വരുന്ന പ്രതീതിയുണ്ടാക്കും.
നമ്മുടെ പ്രതീക്ഷകള്‍ ആകാശത്തോളമാകട്ടെ, ലഭിക്കുന്നതു കുന്നിനു സമാനമുള്ളതുമാകട്ടെ. ഒരു ടൈംടേബിള്‍ രൂപപ്പെടുത്തി അതിനനുസരിച്ചുള്ള മുന്നൊരുക്കത്തിന് ഉടനെ തയാറാകുക. അതിന്റെ ഫലം അടുത്ത വര്‍ഷം തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.