
മലപ്പുറം: പട്ടികജാതി വികസനവകുപ്പിലെ 54 ക്ലറിക്കല്‍ തസ്തികകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. നാലു തസ്തിക വീതം ഓരോ ജില്ലക്കും നഷ്ടപ്പെടും. പട്ടികജാതി വികസന വകുപ്പിലെ ഒട്ടേറെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും ഇതു പ്രതികൂലമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍.
പട്ടികജാതി വികസന വകുപ്പില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ആവശ്യത്തിനു ഓഫിസര്‍ തസ്തികയില്ലാത്ത സാഹചര്യമാണ്. വിരലിലെണ്ണാവുന്ന നഗരസഭകളില്‍ മാത്രമെ ഓഫിസര്‍ തസ്തികയുള്ളൂ. ക്ലറിക്കല്‍ തസ്തികയും കുറവാണ്. മലപ്പുറം ജില്ലയില്‍ രണ്ടു നഗരസഭകളില്‍ മാത്രമാണ് ഓഫിസര്‍ തസ്തികയുള്ളത്. ക്ലറിക്കല്‍ തസ്തികയുള്ളത് ഏഴ് ബ്ലോക്കുകളിലും.
കോഴിക്കോട് ജില്ലയിലും സ്ഥിതി തഥൈവ. കൊയിലാണ്ടി നഗരസഭ ഒഴികെ മറ്റൊരു നഗരസഭയിലും ഓഫിസര്‍ തസ്തികയില്ല. ജില്ലാ ഓഫിസില്‍ ആകെയുള്ളത് ഏഴു തസ്തിക. കണ്ണൂര്‍ ജില്ലയില്‍ ആകെയുള്ള 21 ബ്ലോക്ക് നഗരസഭകളിലേക്ക് വെറും ഏഴു പട്ടികജാതി വികസന ഓഫിസര്‍മാരും ഒരു ക്ലര്‍ക്കും മാത്രം. ജില്ലാ ഓഫിസിലാവട്ടെ ആറ് തസ്തികയും.1972ലെ സ്റ്റാഫ് പാറ്റേണാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ഓരോ വര്‍ഷവും ആവിഷ്ക്കരിക്കുന്ന പുതിയ പദ്ധതികള്‍, പുതിയ ജാതികളെ കൂടി ഉള്‍പ്പെടുത്തല്‍ എന്നിവ കാരണം ഓരോ പദ്ധതികളിലെയും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകള്‍, എം.എല്‍.എ , എം.പി എന്നിവര്‍ നിര്‍ദേശിക്കുന്ന വകുപ്പിനു കീഴിലെ നിര്‍മാണ പ്രവൃത്തികളുടെ സോഷ്യല്മാപ്പ് ,ഫിസിബിലിറ്റി എന്നിവ തയാറാക്കുന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടത് എസ്.സി ഡെവലപ്മെന്റ് ഓഫിസര്‍മാരാണ്. ഒന്നു മുതല്‍ പത്തുവരെയുള്ള എസ്.സി വിദ്യാര്‍ഥികളുടെ ഗ്രാന്റ്, പ്രൈമറി എയ്ഡ്, 9, 10 വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക സ്കോളര്‍ഷിപ്പ്, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, ഭവന നിര്‍മാണം, ഭൂമി വാങ്ങല്‍, പാരലല്‍ കോളജ് ധനസഹായം, ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായം, അയ്യങ്കാളി സ്കോളര്‍ഷിപ്പ് തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ ബ്ലോക്ക് പട്ടിക ജാതി ഓഫിസ് വഴിയാണ് നടപ്പാക്കുന്നത്.