2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പട്ടയം നല്‍കിയപ്പോള്‍ നമ്പര്‍ തെറ്റി; നിര്‍ധനയായ വീട്ടമ്മയെ സഹായിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുടെ അമ്മക്ക് പട്ടയം നല്‍കിയപ്പോള്‍ സംഭവിച്ച തെറ്റ് തിരുത്തുന്നതിന് നിയമാനുസൃത നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മണക്കാട് സ്വദേശിനി ബി. ശ്യാമള നല്‍കിയ പരാതിയിലാണ് നടപടി.
പട്ടികജാതിക്കാരിയായ പരാതിക്കാരിക്ക് 2015 ല്‍ ലാന്റ് ട്രിബ്യൂണല്‍ മൂന്ന് സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചു. എന്നാല്‍ പട്ടയ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് കാരണം ഭൂമി പോക്കുവരവ് ചെയ്യാനോ കരം ഒടുക്കാനോ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച പരാതിക്കാരിയും മക്കളും ഓല കൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസിക്കുന്നത്. ഇന്ദിരാ ആവാസ് യോജന പ്രകാരം വീട് വയ്ക്കാന്‍ വായ്പ അനുവദിച്ചെങ്കിലും ഭൂമിക്ക് കരം ഒടുക്കാന്‍ കഴിയാത്തതിനാല്‍ വായ്പതുക ലഭ്യമായില്ല.
കമ്മിഷന്‍ തിരുവനന്തപുരം ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മണക്കാട് വില്ലേജിലെ സര്‍വേ നമ്പര്‍ 940 ആണ് പരാതിക്കാരിക്ക് അനുവദിച്ചത്. എന്നാല്‍ യഥാര്‍ഥ സര്‍വേ നമ്പര്‍ 935 ആണെന്നാണ് പരാതിക്കാരിയുടെ വാദം. എന്നാല്‍ ഉത്തരവിലെ പിശക് തിരുത്തണമെങ്കില്‍ 1970 കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരമേ സാധിക്കുകയുള്ളൂവെന്ന് കലക്ടര്‍ കമ്മിഷനെ അറിയിച്ചു.
പരാതിക്കാരി സമര്‍പ്പിച്ച പുതിയ അപേക്ഷ തിരുവനന്തപുരം ലാന്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും കലക്ടര്‍ അറിയിച്ചു.
പരാതിക്കാരിയുടെ ദയനീയാവസ്ഥയും അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ സുരക്ഷയും കലക്ടര്‍ കണക്കിലെടുത്ത് സാധ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News