2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പടിഞ്ഞാറത്തറയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 15ന്

 

പടിഞ്ഞാറത്തറ: പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഈ മാസം 15ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
ഇടതുപക്ഷത്തിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച് യു.ഡി.എഫ് പക്ഷത്തെത്തിയ സ്വതന്ത്രനായ എം.പി നൗഷാദ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. നൗഷാദിനെ പ്രസിഡന്റാക്കാന്‍ യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ധാരണ പ്രകാരം നൗഷാദ് മുസ്‌ലിം ലീഗില്‍ അംഗത്വമെടുക്കും. നേരത്തെ വിമത പ്രവര്‍ത്തനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിര്‍ത്തിയിരുന്ന പന്തിപ്പൊയിലിലെ കെ. മമ്മൂട്ടിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടിയെ ലീഗില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും. ഇതോടെ ഇടതു മുന്നണി പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരേ നൗഷാദിന് ഏഴു വോട്ടും എല്‍.ഡി.എഫിന് ആറ് വോട്ടും ലഭിക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പിയിലെ ഏക അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാനാണ് സാധ്യത.
ഇടതുമുന്നണി ഭരണം നടത്തിയിരുന്ന പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷിനെതിരേ ഇടതുമുന്നണി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് പാര്‍ട്ടി അംഗത്വമെടുക്കുകയും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുയും ചെയ്ത എം.പി നൗഷാദായിരുന്നു യു.ഡി.എഫിന്റെ പിന്തുണയോടെ അവിശ്വാസം കൊണ്ടു വന്ന് പുറത്താക്കിയത്. ആകെയുള്ള 16 അംഗങ്ങളില്‍ യു.ഡി.എഫ്- ഏഴ്, എല്‍.ഡി.എഫ്- അഞ്ച്, ബി.ജെ.പി- ഒന്ന്, എല്‍.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്രരായി മത്സരിച്ചു ജയിച്ച സ്വതന്ത്രര്‍- രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
സ്വതന്ത്രരായി ജയിച്ചവരില്‍ നസീമാ പൊന്നാണ്ടിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും എം.പി നൗഷാദിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും നല്‍കിയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരണം നടത്തി വന്നിരുന്നത്. ഇടതുപക്ഷത്തോടൊപ്പം അഞ്ച് വര്‍ഷവും നില്‍ക്കാമെന്ന കരാറിലായിരുന്നു ഇവര്‍ ഇടത് പിന്തുണയോടെ മത്സരിച്ച് വിജയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.