2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പടക്കവില്‍പ്പന നിരോധനത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യതലസ്ഥാനമേഖലയില്‍(എന്‍.സി.ആര്‍) പടക്കവില്‍പ്പന നിരോധിച്ച ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തിയതില്‍ ദുഃഖമുണ്ടെന്ന് സുപ്രിംകോടതി.
വില്‍പ്പന നിരോധിച്ചുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളിയാണ് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പരാമര്‍ശം. പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.
ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ പടക്കവില്‍പ്പന പാടെ നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് കോടതി ചെയ്തത്. നഗരവാസികളുടെ ആരോഗ്യത്തിനാണ് കോടതിയുടെ മുന്‍ഗണന. ഉത്തരവിനോടുള്ള ജനവികാരം കോടതി മനസിലാക്കുന്നു.
എന്നാല്‍ അതിന് വര്‍ഗീയനിറം നല്‍കിയ ചിലരുടെ താല്‍പ്പര്യങ്ങള്‍ വേദനിപ്പിക്കുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ വിശ്വാസപ്രകാരമാണെന്ന അഭിപ്രായക്കാരനാണെങ്കിലും നിയന്ത്രണം നിയമപരമായ കാര്യമാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
രാജ്യതലസ്ഥാനമേഖലയില്‍ പടക്കവില്‍പ്പന നിരോധിച്ചുള്ള കോടതി വിധിക്കെതിരേ വ്യാപാരികളാണ് പുനഃപരിശോധനാ ഹരജി നല്‍കിയത്. നിരോധനത്തിന് ഇളവ് വേണമെന്നും ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച പടക്കശേഖരങ്ങള്‍ വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുമെന്നും വ്യാപാരികള്‍ കോടതിയെ അറിയിച്ചു. പടക്കവില്‍പ്പന നടത്താന്‍ വ്യാപാരികള്‍ക്ക് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചില്ല. നിരോധനത്തില്‍ ഇളവ് വരുത്തില്ല. ഇത് ഒരു പരീക്ഷണമാണ്. ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.
അടുത്തമാസം ഒന്നുവരെയാണ് രാജ്യതലസ്ഥാന മേഖലയില്‍ പടക്കവില്‍പ്പന നിരോധിച്ചത്. കോടതി നടപടി ഹിന്ദുവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് സംഘ്പരിവാര്‍ സഹയാത്രികന്‍ ബാബാ രാംദേവ്, എഴുത്തുകാരന്‍ ചേതന്‍ഭഗത് തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.