2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പഞ്ചായത്ത് ഓഫിസിനകത്തേക്ക് വിഷപ്പുക; കുടുംബശ്രീ ചെയര്‍പേഴ്‌സനടക്കം 30ഓളം പേര്‍ ചികിത്സയില്‍

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് കൂട്ടിയിട്ട ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിനകത്തേക്കുണ്ടായ പുകയില്‍ ശ്വാസംമുട്ടി കുടുംബശ്രീ ചെയര്‍പേഴ്‌സനുള്‍പ്പടെ മുപ്പതോളം പേര്‍ ചികിത്സയില്‍. സംഭത്തിനിടയില്‍ പരിഭ്രാന്തയായി ജനല്‍ വഴി പുറത്തേക്ക് ചാടിയ വീട്ടമ്മക്കും പരുക്ക്. ഇന്നലെ ഉച്ചക്ക് 12ഓടെ പുന്നയൂര്‍ പഞ്ചായത്തിന്റെ മൂന്നാം നിലയില്‍ യോഗത്തിനെത്തിയ 120 ഓളം സ്ത്രീകള്‍ പങ്കെടുത്ത യോഗത്തിനിടയിലാണ് സംഭവം. പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ ലിങ്കേജ് ലോണ്‍ എടുത്ത അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി വിതരണവും കുടുംബ ശ്രീ ക്ലാസിന്റെ രണ്ടാം ഘട്ടവും നടക്കുകയായിരുന്നു. പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് അക്കൗണ്ടന്റ് ടി.എസ് സ്മിത സംസാരിക്കുകയായിരുന്നു ഈ സമയം. പെട്ടെന്ന് തെക്കേ ഭാഗത്തെ ജനല്‍ വഴിയാണ് അകത്തേക്ക് കറുത്ത പുക എത്തിയത്. നിമിഷം കൊണ്ട് ആര്‍ക്കും കണ്ണ്തുറക്കാന്‍ കഴിയാത്ത ഇരുട്ടും ശ്വാസംവലിക്കാനാനവാത്ത വായു തടസവുമുണ്ടായി. എന്താണ് സംഭവിക്കുന്നതറിയാതെ എല്ലാരും അലമുറയിടാനും തുടങ്ങി.  താഴേക്കുള്ള കോണിപ്പടികള്‍ കാണാതെ പലരും നാല് ഭാഗത്തേക്കും തപ്പിത്തടയഞ്ഞു. കെട്ടിടത്തിനാണ് തീ കത്തുന്നതെന്ന് കരുതിയ എടക്കഴിയൂര്‍ സ്വദേശി നാലകത്ത് ഷഹന (36) മൂന്നാം നിലയില്‍ നിന്നും ചാടുകായിയരുന്നു. സംഭവ സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് പ്രതിനിധിയും സ്ഥിരം സമിതി അധ്യക്ഷനുമായ ശിവാനന്ദന്‍ പെരുവഴിപ്പുറം, കൃഷി അസിസ്റ്റന്റ് ദീപക് എന്നിവരുടെ ധീരമായ ഇടപെടലാണ് എല്ലാ വീട്ടമ്മമാര്‍ക്കും രക്ഷയായത്.
പഞ്ചായത്ത് ഓഫിസിന്റെ കിഴക്ക് ഭാഗത്ത് മതിലിനോട് ചേര്‍ന്ന ഭാഗത്താണ് കടലാസുകളും മറ്റും കത്തിക്കുന്നത്. പഞ്ചായത്ത് പിടികൂടിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്നാല്‍ തീ കത്താനും പടരാനുമുള്ള കാരണം അഞ്ജാതമാണ്. ചെറുതും വലുതുമായ ഇരുപതോളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് കത്തിയമര്‍ന്നത്. ഇതില്‍ നിന്നുയര്‍ന്ന കറുത്ത പുകയാണ് കിഴക്കു നിന്നുള്ള കാറ്റില്‍ കെട്ടിടത്തിന്റെ അകത്തേക്ക് കയറിയത്. കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ നസീമ മജീദ്, സി.ഡി.എസ് അംഗം കൂടിയായ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രേമാവതി ബാലന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രന്റെ ഭാര്യ ബിന്ദു, സജിത വലിയകത്ത്, എട്ടുമാസം പ്രായമുള്ള മകള്‍ ദക്ഷത്ര, വാലിപറമ്പില്‍ ജമീല,ഫാത്തിമ കണ്ണന്നൂര്‍ അമ്പലത്ത് വീട്ടില്‍, സജിത എടക്കഴിയൂര്‍ വീട്ടില്‍, സൗമ്യ പുല്ലാനി , നെസി പണിക്കവീട് , പ്രേമാവതി ബാകൃഷ്ണന്‍ എടക്കഴിയൂര്‍ വീട് , പുഷ്പ മുന്‍പറമ്പില്‍, സഫിയ മുക്രിയകത്ത്, സംഗീത ആയിനികുളം വീട് , ഷെറീന ചളിയില്‍ വീട് എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍െപ്പടെ പ്രദേശത്തെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി മൊത്തം മുപ്പതോളം വീട്ടമ്മമാരാണ് ചികിത്സ തേടിയത്. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എ. ഐഷ, ഹസീന താജുദ്ദീന്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, സ്ഥിരം സമിതി അധ്യക്ഷ ജാസിറ എന്നിവര്‍ പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീന്റെ നേതൃത്വതതില്‍ എല്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും താലൂക്ക് ആശുപത്രിയില്‍ പരുക്കേറ്റവരെ സാന്ത്വനിപ്പിക്കാന്‍ ക്യാംപ് ചെയ്യുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.