2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പഞ്ചായത്തിന്റെ വികസന ഫണ്ട് പ്രയോജനപ്പെടുത്തിയുള്ള നിര്‍മാണം; ഗ്രാമീണ റോഡുകളില്‍ വന്‍ അഴിമതിയെന്ന്

ചാരുംമൂട്: പഞ്ചായത്തുകള്‍ ഗ്രാമീണ ജനങ്ങളുടെ സഞ്ചാര സാതന്ത്ര്യം സുഗമമാക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ വാരിക്കേരി പണി കഴിപ്പിക്കുന്ന റോഡുകള്‍ ഒന്നും ജനങ്ങള്‍ക്ക് ഉപകാരപ്രഥമാകുന്നില്ലന്നാക്ഷേപം ശക്തമാകുന്നു. എസ്റ്റിമേറ്റ് തുകയുടെ നാലില്‍ ഒരു ഭാഗം പോലും നിര്‍മ്മാണത്തിനു ചെലവാക്കാതെ കരാറുകാരനും ഉദ്യോഗസ്ഥരും ഭരണപക്ഷവും വീതം വെയ്ക്കുന്നതായി നാട്ടുകാര്‍ ആക്ഷേപമുന്നയിക്കുന്നു. 

പതിനഞ്ചും ഇരുപതും ലക്ഷം ചെലവാക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പല റോഡുകളും പതിനഞ്ചു ദിവസംപോലും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണു കാണാന്‍ സാധിക്കുന്നതെന്നും ജനങ്ങള്‍.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വള്ളികുന്നം, താമരക്കുളം, ചുനക്കര, പാലമേല്‍, നൂറനാട് പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നൂറുക്കണക്കിനു ഗ്രാമീണ റോഡുകള്‍ ജില്ലാ പഞ്ചായത്തിന്റെയും, ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടേയും ഫണ്ട് മുടക്കി നിര്‍മ്മാണം നടത്തി. ഇന്ന് അതില്‍ എത്ര റോഡുകള്‍ സഞ്ചാരയോഗ്യമാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
പഞ്ചായത്ത് ടെന്‍ഡര്‍ വെയ്ക്കുന്ന തുകക്ക് കരാറുകാരന്‍ പണി ഏറ്റെടുക്കാതെ ഭരണക്കാരെ സമര്‍ദ്ദത്തിലാക്കുന്നതായും തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി കൂടി എസ്റ്റിമേറ്റ് തുക കൂട്ടി കരാര്‍ നല്‍കുന്നതും വഴി രണ്ടുകൂട്ടരും ഇതില്‍ കൂടി വന്‍സാമ്പത്തിക തട്ടിപ്പുകളാണ് നടത്തുന്നുവെന്നാണ് ആരോപണം.
മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ പാലമേല്‍ പഞ്ചായത്തിലെ മുതുകാട്ടുകര വാര്‍ഡില്‍ ചെമ്പകശേരി മുക്ക് റേഷന്‍ക്കടമുക്ക് കുഴിയത്ത് റോഡിന് നാലു ലക്ഷം രൂപ ചെലവില്‍ മെറ്റലിംങും ടാറിംങ് കരാര്‍ കൊടുത്തിരുന്നു. കരാര്‍ എടുത്തയാള്‍ ആദ്യത്തെ മെറ്റലിംങ് പണി തുടങ്ങിയപ്പോള്‍ സമീപവാസിയായ ഒരാള്‍ തടസവാദവുമായി ബ്ലോക്കിനെ സമീപിച്ചതോടെ കരാറുകാരന്‍ തുടര്‍ ജോലിയില്‍ നിന്നും പിന്‍വാങ്ങി. ഇതോടെ ബ്ലോക്ക് അനുവദിച്ച പണം ലാപ്‌സായി. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് റോഡിനു വേണ്ടിയുള്ള ജനത്തിന്റെ നിലവിളിയെത്തുര്‍ന്ന് പാലമേല്‍ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും കേവലം 280 മീറ്റര്‍ നീളം വരുന്ന റോഡിന് അഞ്ചു ലക്ഷത്തി എണ്‍പതിനായിരം അനുവദിച്ചെങ്കിലും ഈ പണി എടുത്തു നടത്താന്‍ കരാറുകാരനെ കിട്ടിയില്ലന്നാണ് പഞ്ചായത്ത് അധികാരികള്‍ പറഞ്ഞത്.
ഇത്രയും വലിയ തുകക്ക് റോഡുപണിയാന്‍ ആരു വന്നാലും പണിയില്‍ ക്രമക്കേട് നടത്താതെ തുടക്കം മുതല്‍ പണി തീര്‍ക്കുന്നതുവരെ ഒപ്പം നിന്ന് മേല്‍നോട്ടം നോക്കാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രാമീണ റോഡുകളുടെ പണി എവിടെ നടന്നാലും റോഡുപണിയിലെ കൃത്രിമം ഒഴിവാക്കാന്‍ ആ മേഖലയിലെ ആളുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചാല്‍ പണിയുന്ന റോഡുകള്‍ക്ക് ആയുസ് കൂടുമെന്നാണ് വിദ്ഗരുടെ വിലയിരുത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.