2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഞ്ചവത്സര പദ്ധതിയില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗുമായി മുന്നോട്ടുപോകുമ്പോള്‍ പഞ്ചവത്സര പദ്ധതിയുടെ പേരില്‍ കേന്ദ്രവുമായി യാതൊരു വിധ ഏറ്റുമുട്ടലിനും സംസ്ഥാന സര്‍ക്കാരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രഥമ യോഗം ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് പഞ്ചവത്സര പദ്ധതി വേണ്ടെന്നു വച്ചെങ്കിലും കേരളത്തിന് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല. പഞ്ചവത്സര പദ്ധതി സംസ്ഥാനത്തിന് ആവശ്യമാണെന്നും പിണറായി പറഞ്ഞു. നീതി ആയോഗുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന് യാതൊരു പ്രയാസവുമില്ല. നല്ല കാര്യങ്ങള്‍ അവര്‍ പറഞ്ഞാല്‍ അതനുസരിച്ച് പദ്ധതിക്ക് രൂപം നല്‍കാനും മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വലിയ തോതില്‍ വികസനത്തിലേക്ക് നയിക്കുന്ന രീതിയില്‍ 13ാം പഞ്ചവത്സരപദ്ധതി തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തൊഴില്‍രംഗം, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനം തുടങ്ങിയവയില്‍ ഊന്നല്‍ നല്‍കും.
പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ആസൂത്രണ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്.

അടങ്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം രണ്ടുമാസത്തിനുള്ളില്‍ കൈക്കൊള്ളും. കേന്ദ്ര സ്‌കീമിന്റെ ഭാഗമായ തുക ഇതില്‍പ്പെടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സംസ്ഥാനം നീങ്ങും. തൊഴിലുറപ്പ് പദ്ധതി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കും.
കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിനു പുറമേയാണ് സംസ്ഥാനത്തിന്റെ പഞ്ചവത്സര പദ്ധതികള്‍ വരുന്നത്. ഇവ രണ്ടും നടപ്പാക്കുന്നതിന് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഫുള്‍ ബോര്‍ഡിന്റെ ആദ്യ സിറ്റിങ്ങാണ് ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്നത്.

മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍, അനൗദ്യോഗിക അംഗങ്ങളായ കെ.എന്‍ ഹരിലാല്‍, ഡോ. ബി ഇക്ബാല്‍, മൃദുല്‍ ഈപ്പന്‍, ആര്‍ രാമകുമാര്‍, ടി ജയരാമന്‍, കെ രവിരാമന്‍, മെമ്പര്‍ സെക്രട്ടറി വി.എസ് സെന്തില്‍, ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.എം എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.