2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

പച്ചയണിഞ്ഞ് കുട്ടിക്കൂട്ടത്തിന്റെ ‘കുട്ടിവനം’; കബനി തീരത്തെ കാനന ഭംഗി

പദ്ധതി നടപ്പാക്കിയത് പെരിക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍

കല്‍പ്പറ്റ: പുഷ്പ്പിച്ച മുളം കാടുകള്‍ ഉണങ്ങി നശിച്ച് മരുഭൂമിയായ കബനി നദിയുടെ കടവുകളില്‍ ഒന്ന് പച്ചപ്പണിയിച്ച് പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റ്.
കുട്ടിവനം പദ്ധതിയുടെ ഭാഗമായാണ് കടവില്‍ തണല്‍ പരത്തുന്ന അപൂര്‍വയിനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വള്ളിച്ചെടികളും വച്ചുപിടിപ്പിച്ചത്. ഏകദേശം 60 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ളതാണ് കുട്ടിക്കൂട്ടത്തിന്റെ ഈ കുട്ടിവനം.
വനം വകുപ്പിലെ സാമൂഹിക വനവല്‍കരണ വിഭാഗം, വിദ്യാലയത്തിലെ ഹരിതസേന, ഫോറസ്ട്രി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് എന്‍.എസ്.എസ് യൂനിറ്റ് 2015ല്‍ കുട്ടിവനം പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍ രവി, പ്രധാനാധ്യാപകന്‍ കെ.എന്‍ ബാലനാരായണന്‍, എന്‍.എസ.്എസ് യൂനിറ്റ് മുന്‍ പ്രോഗ്രാം ഓഫിസര്‍ ഒ.എസ് ബിജുമോന്‍, പി.ടി.എ മുന്‍ പ്രസിഡന്റ് ജോയി ജോസഫ് എന്നിവരുടേതായിരുന്നു കുട്ടിവനമെന്ന ആശയം.
ചെങ്കുറിഞ്ഞി, കൂനംപാല, ഞാറ, ഇരുമ്പകം, വെള്ളപൈന്‍, വെള്ളിലാവ്, വെട്ടി, മുക്കണ്ണ, പൂവം, കമ്പകം, കനല്‍, വെട്ടിപ്ലാവ്, രുദ്രാക്ഷം, വയനാവ്, കാട്ടുകറിവേപ്പില, ചോരപാലി, പനച്ചി, പുന്ന, ഇരിപ്പ, ഉലഞ്ചാടി, ചളിര്, കാക്കമരം, കാട്ടുചാമ്പ വെള്ളകില്‍, കുരങ്ങാടി, മുള്ളന്‍പാലി, ഇലഞ്ഞി, അശോകം തുടങ്ങിയയുടെ തൈകകളാണ് പദ്ധതിയുടെ ഭാഗമായി നദീതീരത്ത് നട്ടത്.
പ്രദേശത്തെ കുടുംബശ്രീ അംഗങ്ങളെയടക്കം പങ്കാളികളാക്കി വിദ്യാര്‍ഥികള്‍ കൃത്യതയോടെ നടത്തിയ പരിപാലനം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും തീരത്തിന്റെ മുഖച്ഛായ മാറ്റി.
പൊഴിഞ്ഞ മണ്ണില്‍ പുതഞ്ഞ മുളയരികള്‍ മുളച്ചുണ്ടായ തൈകളും കുട്ടിവനത്തിനു അഴകേകുകയാണ്.
കര്‍ണാടകയില്‍ നിന്നുള്ള മരുക്കാറ്റിനെ കഴിയുന്നത്ര പ്രതിരോധിക്കുക, നദീതീരം ഇടിഞ്ഞു നശിക്കുന്നതിനു തടയിടുക, പശ്ചിമഘട്ടത്തിലെ തനതു സസ്യജാലങ്ങളില്‍ വംശനാശം നേരിടുന്നവയെ സംരക്ഷിക്കുക, വൃക്ഷങ്ങളെയും ഔഷധസസ്യങ്ങളെയും പരിചയപ്പെടുന്നതിനു വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ചതാണ് കുട്ടിവനം പദ്ധതിയെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എന്‍ സജി, പി.ടി.എ പ്രസിഡന്റ് സാന്‍സ് ജോസ് എന്നിവര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.