2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പച്ചമരുന്നുകളെ ജനകീയമാക്കാന്‍ ബാബു ഗുരുക്കളുടെ ഔഷധത്തോട്ടം

ആലക്കോട്: വീട്ടുമുറ്റത്തും തൊടിയിലും ഔഷധ തോട്ടമൊരുക്കി ശ്രദ്ധേയനാവുകയാണ് കരുവഞ്ചാലിലെ ഡോ. ടി.ഡി ബാബു ഗുരുക്കള്‍. പാരമ്പര്യ വൈദ്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹം നല്ലൊരു ജൈവ കര്‍ഷകന്‍ കൂടിയാണ്.
അപൂര്‍വ ഇനത്തില്‍ പെട്ട ഔഷധ സസ്യങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ബോര്‍ഡുകളാണ് ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് എത്തുന്നവരെ ആദ്യം വരവേല്‍ക്കുന്നത്. പാരമ്പര്യ ചികിത്സയുടെ ഭാഗമായി വനത്തിനുള്ളില്‍ നിന്ന് ശേഖരിക്കുന്ന ഔഷധ സസ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്തുക എന്നതാണ് ഇത്തരത്തില്‍ ഔഷധത്തോട്ടമൊരുക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് വിവിധയിനത്തില്‍ പെട്ട ജൈവ വിളകളും ഇദ്ദേഹം കൃഷി ചെയ്യുന്നു. കൊടും വേനലിലും പച്ച പിടിച്ചു കിടക്കുന്ന കൃഷിയിടം കാണാന്‍ നിരവധി പേരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. രാവിലെ ആറിന് തോട്ടത്തില്‍ ഇറങ്ങുന്ന ബാബു ഗുരുക്കള്‍ നേരം ഇരുട്ടുവോളം ഈ പച്ചപ്പിലാണ് ചെലവഴിക്കുന്നത്. വിവിധയിനത്തില്‍ പെട്ട വാഴകള്‍, പയറുകള്‍, സുഗന്ധ വിളകള്‍ എന്നുവേണ്ട ഒരു കുടുംബത്തിലേക്ക് ആവശ്യമായ സകല ആഹാര സാധനങ്ങളും ഈ കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നു.
വിളകള്‍ക്ക് കൃത്യമായി ജലസേചനം നടത്താന്‍ നിര്‍മിച്ച കുളം നൂറുകണക്കിന് മീനുകളുടെ വാസസ്ഥലം കൂടിയാണ്. അമൃത്, അങ്കോലം, അരൂത, വിഷ ചികിത്സക്ക് ഉപയോഗിക്കുന്ന അല്‍പ്പം കൊടാശ്ശേരി, യാഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന സോമലത എന്നിവക്ക് പുറമേ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍ വരെ ഇവിടെ നട്ട് പിടിപ്പിച്ചിരിക്കുന്നു.
മാവ്, പ്ലാവ്, മാംകോസ്റ്റിന്‍ തുടങ്ങി അപൂര്‍വ ഇനത്തില്‍ പെട്ട ഫലവൃക്ഷ തൈകളും ഇവിടെ കാണാം. പാരമ്പര്യ വൈദ്യത്തെ കുറിച്ചുള്ള അറിവുകളില്‍ ഒട്ടും മായം ചേര്‍ക്കാതെ പുതു തലമുറക്ക് പകര്‍ന്നു നല്‍കുക എന്നുകൂടി ഈ ഔഷധ തോട്ടം ഒരുക്കുക വഴി ബാബു ഗുരുക്കള്‍ ലക്ഷ്യമിടുന്നു. സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഗാന്ധി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് ബാബു ഗുരുക്കളെ തേടിയെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.