2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പങ്കാളിത്ത പെന്‍ഷന്‍: മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസ ധനസഹായം വെട്ടിക്കുറച്ചു

ഫസല്‍ മറ്റത്തൂര്‍

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ വ്യവസ്ഥ ബാധകമായ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഗവണ്‍മെന്റ് വെട്ടിക്കുറച്ചു. ജീവനക്കാരന്‍ സര്‍വിസിലിരിക്കെ മരിച്ചാല്‍ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിനു തുല്യമായ തുക ആശ്വാസ ധനസഹായമായി അനുവദിക്കണമെന്നുള്ള മുന്‍സര്‍ക്കാര്‍ തീരുമാനമാണ് 30 ശതമാനമാക്കി വെട്ടിക്കുറച്ചത്.
2013 ഏപ്രില്‍ ഒന്നു മുതലാണ് പങ്കാളിത്ത പെന്‍ഷനു പദ്ധതി നിലവില്‍ വന്നത്. ഇതുപ്രകാരം 2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വിസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം അതതു മാസം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാനായി സര്‍ക്കാര്‍ പിടിക്കുന്നുണ്ട്. ഇതിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേര്‍ന്ന സംഖ്യ ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനായി നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.
എന്നാല്‍  ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരിക്കുകയും സര്‍വിസിലിരിക്കെ മരിക്കുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷനു അര്‍ഹതയില്ലെങ്കിലും മുന്‍മുഖ്യമന്ത്രിയുടെ ഉത്തരവുപ്രകാരം അവസാനം വാങ്ങിയ ശമ്പളത്തിനു തുല്യമായ തുക ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്നതു വരെ നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്കു വര്‍ഷങ്ങളായി സര്‍ക്കാര്‍ സഹായം നല്‍കിവരുന്നുണ്ട്. ഈ തുകയാണ്് സര്‍ക്കാറിനു ഉയര്‍ന്ന സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി വെട്ടിക്കുറച്ചിരിക്കുന്നത്. മരിച്ച ജീവനക്കാരന്‍ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനത്തിനു തുല്യമായ തുക ആശ്വാസ ധനസഹായമായി നല്‍കിയാല്‍ മതിയെന്നാണ് ഓഗസ്റ്റ് 25നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇത് ഓഗസ്റ്റ് 31നു ഉത്തരവായി ഇറങ്ങുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍വിസിലിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്കു ജോലി ലഭിക്കാന്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ എടുക്കാറുണ്ട്. ഈ ഘട്ടത്തിലാണ്  ആശ്വാസ ധനസഹായം അനുവദിക്കുന്നത്. 2013 ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കു ഒരു വര്‍ഷം 2,16000 രൂപ ആശ്വാസ ധനസഹായം ലഭിച്ചിരുന്നു. പുതിയ തീരുമനപ്രകാരം കൈപറ്റിയ തുകയില്‍ നിന്നു മരിച്ചവരുടെ ആശ്രിതര്‍ 1,51,200 രൂപ സര്‍ക്കാറിലേക്കു തിരിച്ചടക്കേണ്ടിവരും.
എന്നാല്‍ തുക തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഏറെ വിവാദമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുമെന്നു അറിയിച്ചിരുന്നു. എന്നാല്‍ ഇതു പിന്‍വലിക്കുമ്പോഴുണ്ടാകുന്ന  അധികബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം താല്‍ക്കാലികമായി മുന്‍ സര്‍ക്കാര്‍ തീരുമാനം തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.