2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പക്ഷി പ്രേമികളുടെ നല്ല മനസ്

കുമ്പള: കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. കുടിവെള്ളം തേടി വന്യമൃഗങ്ങളും പക്ഷികളും നാട്ടിലിറങ്ങി തുടങ്ങിയിരിക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ പ്രധാന പക്ഷിസങ്കേതങ്ങളിലൊന്നായ കിദൂര്‍ പക്ഷി സങ്കേതത്തില്‍ പക്ഷികളും വന്യമൃഗങ്ങളും കുടിവെള്ളം കിട്ടാതെ വലയില്ല. പക്ഷി സങ്കേതത്തിനകത്ത് തനതായുള്ള പള്ളങ്ങളില്‍ വെള്ളം നിറച്ചുവയ്ക്കുകയാണ് കിദൂര്‍ പക്ഷി പ്രേമി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുട്ടികളും നാട്ടുകാരും.
കിദൂര്‍ പക്ഷി സങ്കേതത്തില്‍ നിരവധി പക്ഷികളും മൃഗങ്ങളും അധിവസിക്കുന്നുണ്ട്. പക്ഷികള്‍ വെള്ളം കിട്ടാതെ വലയുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളം പക്ഷി സങ്കേതത്തിനകത്ത് സംഭരിക്കുന്നതിനെ കുറിച്ച് പക്ഷിപ്രേമികള്‍ ആലോചിച്ചത്. ടാങ്കുകളില്‍ വെള്ളം ശേഖരിച്ച് വയ്ക്കാമെന്ന് തീരുമാനിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കണ്ടെത്തി. അപ്പോഴാണ് പക്ഷി സങ്കേതത്തിനകത്ത് മുന്‍കാലങ്ങളില്‍ വെള്ളം കെട്ടിനിന്നിരുന്ന നിരവധി പള്ളങ്ങള്‍ അനാഥവാസ്ഥയിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഏതാനും പള്ളങ്ങളില്‍ കഴിഞ്ഞ ദിവസം വെള്ളം നിറച്ചത്. കിദൂര്‍ പക്ഷി സങ്കേതത്തോട് ചേര്‍ന്ന് താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റെ വീട്ടിലെ കിണറില്‍നിന്ന് പൈപ്പ് ഉപയോഗിച്ചാണ് പള്ളങ്ങളില്‍ വെള്ളം നിറച്ചത്. പള്ളങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിന്റെ ഉദ്ഘാടനം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് എന്‍. പുണ്ടരീകാക്ഷ നിര്‍വഹിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.