2019 June 17 Monday
വെളിച്ചം കൂടുതലുള്ളിടത്ത് നിഴല്‍ തീവ്രമായിരിക്കും -ഗെഥേ

പകര്‍ച്ചപ്പനിയോ, ജലദോഷമോ?

 

.പത്മകുമാര്‍
(എം.ബി.ബി.എസ്, എം.ഡി
പത്തനംതിട്ട)

ഒന്നു തുമ്മിയാല്‍ അത് പകര്‍ച്ചപ്പനിയുടെ ലക്ഷണമാണെന്നു പറയുന്നവരുണ്ട്. അതല്ല, ജലദോഷമാണ്, താനേ മാറിക്കൊള്ളും എന്നും പറയുന്നവരുണ്ട്. സത്യത്തില്‍ ഏതാണ് ശരി. പകര്‍ച്ചപ്പനിയും ജലദോഷവും എങ്ങനെ തിരിച്ചറിയും. പനിയും ജലദോഷവും തിരിച്ചറിയാന്‍ വൈകുന്നത് രോഗം കൂടുന്നതിനു കാരണമാകുമെന്നത് സ്വാഭാവികമാണ്. ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന രോഗങ്ങളാണ് ഇവരണ്ടും. രണ്ടിനേയും ഒന്നുപോലെ കണ്ടാല്‍ മതിയെന്നു കരുതുന്നുവെങ്കില്‍ തെറ്റി. ലക്ഷണങ്ങള്‍ ഒന്നായതിനാല്‍ രണ്ടിനും ഒരുപോലുള്ള ചികിത്സ മതിയാവുമെന്നാണ് പലരുടെയും ധാരണ. അത് അപകടകരമാണ്.
ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍ നിന്നു വ്യത്യാസമുണ്ട് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ക്ക്. ജലദോഷം താനേ മാറുന്നു എന്ന പ്രത്യേകത മാത്രമാണ് മനസിലാക്കാനുള്ളത്. പകര്‍ച്ചപ്പനി നേരേ മറിച്ചാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ രോഗത്തിനു കഴിയും. ന്യൂമോണിയ, ബാക്ടീരിയ ഇന്‍ഫെക്ഷന്‍ തുടങ്ങി മരണം പോലും സംഭവിക്കാന്‍ പകര്‍ച്ചപ്പനി കാരണമായേക്കാം. ആന്റി വൈറല്‍ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. അവ നിങ്ങളെ ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്തവുമാണ്. എന്നാലും അസുഖം തുടങ്ങി ആദ്യത്തെ രണ്ടു ദിവസത്തിനകം ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരാവസ്ഥയിലേക്ക് രോഗി എത്താന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ബാധിച്ചിരിക്കുന്നത് പകര്‍ച്ചപ്പനിയാണോ എന്നു നിര്‍ണയിക്കാന്‍ ലാബ് ടെസ്റ്റുകളുണ്ട്. നിങ്ങളുടെ ഡോക്ടര്‍ അത് കൃത്യമായി നിര്‍ണയിക്കും.\

 

തിരിച്ചറിയാന്‍

ജലദോഷവും പകര്‍ച്ചപ്പനിയും തിരിച്ചറിയാന്‍ മാര്‍ഗങ്ങളുണ്ട്. അതിലൊന്ന് നമ്മള്‍ മനസിലാക്കാനുള്ളത് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നുള്ളതാണ്. ക്ഷീണം തളര്‍ച്ചപോലെ തോന്നും. വളരെ വേഗത്തിലും ശക്തിയായുമാകും പകര്‍ച്ചപ്പനിയുടെ രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ശരീരത്തെ മൊത്തം അതു ബാധിക്കുന്നു. കടുത്ത വിളര്‍ച്ച, ശരീര വേദന, കഫമില്ലാത്ത ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പനിയുടേതിനു തുല്യമായിരിക്കും. രണ്ടു ദിവസം മുതല്‍ അഞ്ചുദിവസം വരെ കഴിയുമ്പോഴേക്കും ഗുരുതരമായ അവസ്ഥയിലേക്ക് രോഗം പ്രവേശിക്കും.
ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ഇത്ര കാഠിന്യമാകാറില്ല. തൊണ്ടവേദന, മൂക്കൊലിപ്പ് ഇവയൊക്കെയാവും സാധാരണ ലക്ഷണങ്ങള്‍. അതായത് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ എല്ലാം കഴുത്തിനു മുകളില്‍ ആണ് അനുഭവപ്പെടുക. വളരെ പതിയെ ലക്ഷണങ്ങള്‍ തുടങ്ങി ഒരാഴ്ചയോളം നിന്ന് വിടവാങ്ങുന്ന രീതിയിലാണ് ജലദോഷം ബാധിക്കുക.

ശരീരോഷ്മാവ്
ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നെങ്കില്‍ അത് പകര്‍ച്ചപ്പനിയുടെ ലക്ഷണമായി കണക്കാക്കാം. ജലദോഷത്തോടൊപ്പം സാധാരണഗതിയില്‍ ശരീരോഷ്മാവ് കൂടാറില്ല. അങ്ങനെയുണ്ടെങ്കില്‍ത്തന്നെ തുലോം കുറവായിരിക്കുകയും ചെയ്യും. കുട്ടികളിലാവട്ടെ ജലദോഷത്തോടൊപ്പം ശരീരത്തിന്റെ ഊഷ്മാവ് കൂടുന്നതായി കാണാറുണ്ട്.
പകര്‍ച്ചപ്പനിയ്‌ക്കൊപ്പം ശരീരോഷ്മാവ് കൂടുന്ന അവസ്ഥയുണ്ട്. 100 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില ഉയരുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ 102നു മുകളിലേക്ക് ശരീരോഷ്മാവ് ഉയരുന്നതായി കാണാം. അതേസമയം ഓര്‍ക്കേണ്ട ഒന്നുണ്ട്. പകര്‍ച്ചപ്പനിക്കൊപ്പം എല്ലാവര്‍ക്കും ശരീരോഷ്മാവ് കൂടണമെന്നില്ല. അതുകൊണ്ട് ശരീരോഷ്മാവ് കുറവാണെന്നു കരുതി പകര്‍ച്ചപ്പനി അല്ല എന്നു സ്ഥിരീകരിക്കാനുമാവില്ല.

തളര്‍ച്ച ലക്ഷണമാണോ

ജലദോഷമുണ്ടെങ്കിലും ക്ഷീണം സ്വാഭാവികമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതുമാറിവരികയും ചെയ്യും. അതേസമയം പകര്‍ച്ചപ്പനി മൂലമുണ്ടാകുന്ന ക്ഷീണം ശരീരത്തെ കൂടുതല്‍ തളര്‍ത്തും.
ശരീര വേദനം, ശക്തിക്ഷയം തുടങ്ങിയവ ആഴ്ചകളിലേക്ക് നീളുന്ന അവസ്ഥയാണ് പകര്‍ച്ചപ്പനി മൂലമുണ്ടാവുക. പ്രത്യേകിച്ച് പ്രായമുള്ളവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പകര്‍ച്ചപ്പനി മൂലമുണ്ടാകുന്ന തളര്‍ച്ച രണ്ടാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന സവിശേഷതയുമുണ്ട്.

തലവേദന
ജലദോഷത്തിനും പകര്‍ച്ചപ്പനിക്കും ഒപ്പം തലവേദന ഉണ്ടാവാറുണ്ട്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ടത് പകര്‍ച്ചപ്പനിയാണെങ്കില്‍ തലവേദന നിഛയമായും ഉണ്ടാവും എന്നാണ്. ജലദോഷത്തിന് തലവേദന എപ്പോഴും ഉണ്ടാവണമെന്നില്ല. മാത്രമല്ല, ജലദോഷത്തിലുണ്ടാകുന്ന തലവേദന പോലെയല്ല പകര്‍ച്ചപ്പനിക്കുണ്ടാകുന്ന തലവേദന. അത് കടുത്തതും അസ്വസ്ഥമാക്കുന്നതുമാകും.

 

ചുമ

ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അസുഖങ്ങളെന്ന നിലയില്‍ ജലദോഷത്തിലും പകര്‍ച്ചപ്പനിയിലും ചുമ ഉണ്ടാവാറുണ്ട്. ഇത് തിരിച്ചറിയാന്‍ മാര്‍ഗമുണ്ട്. ജലദോഷമാണെങ്കില്‍ ചുമയ്‌ക്കൊപ്പം കഫം പുറത്തുവരും. ക്രമേണ കഫത്തിന്റെ അളവ് കുറഞ്ഞ് കഫമില്ലാത്ത ചുമയായി രൂപാന്തരപ്പെടും.
പകര്‍ച്ചപ്പനിക്കൊപ്പം ചുമ ഉണ്ടാവാറുണ്ട്. കഫം പുറത്തുവരാത്ത ചുമയാണത്. മാത്രമല്ല, കൂടുതല്‍ കടുത്ത ചുമയുമായിരിക്കും.
പകര്‍ച്ചപ്പനി ഗുരുതരമാകുമ്പോള്‍ അത് ന്യൂമോണിയ ആയി പരിണമിക്കും. അത് കൂടുതല്‍ തളര്‍ത്തുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ചൂമ കൂടി വരികയും മഞ്ഞയോ പച്ചയോ രക്ത വര്‍ണത്തിലോ ഉള്ള ശ്ലേഷ്മം പുറത്തുവരികയും ചെയ്യും. 102 ഡിഗ്രി കടന്ന് ശരീരോഷ്മാവും ശ്വാസ തടസവും പൊതുവേ കാണപ്പെടുന്നു. ഈ സമയം ഡോക്ടറുടെ ഉപദേശം തേടിയില്ലെങ്കില്‍ രോഗിക്ക് മരണം പോലും സംഭവിക്കാം. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, കടുത്ത രോഗമുള്ള മുതിര്‍ന്നവര്‍ എന്നിവരില്‍ പകര്‍ച്ചപ്പനി ഗുരുതമായ സ്ഥിതിവിശേഷമുണ്ടാക്കും.

 

ചെവിക്കു വേദന

ചെവിക്ക് വേദന വരുന്നത് ജലദോഷത്തിന്റെയും പകര്‍ച്ചപ്പനിയുടേയും ലക്ഷണങ്ങളില്‍ പെടുന്നു. രണ്ടു രോഗവും ചെവിയുടെ ഇയര്‍ ഡ്രമ്മില്‍ പഴുപ്പുണ്ടാകാന്‍ കാരണമാകുന്നു.
പ്രത്യേകിച്ച് തൊണ്ടയേയും ചെവിയുടെ മധ്യഭാഗത്തെയും ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യന്‍ ട്യൂബില്‍ പഴുപ്പ് ഉണ്ടാകുന്നു. ചിലപ്പോള്‍ കടുത്ത വേദനയനുഭവപ്പെടാമെങ്കിലും സാധാരണഗതിയില്‍ അസുഖം കുറയുന്നതോടെ ചെവിവേദനയും മാറും.
എന്നാല്‍ ചില സമയങ്ങളില്‍ ചെവിയില്‍ മറ്റൊരു രീതിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നതായി കാണാറുണ്ട്. ജലദോഷത്തിലും പകര്‍ച്ചപ്പനിയിലും ഉണ്ടാകുന്നതുപോലെ ചെവിക്കു വേദന ഉണ്ടാവുന്നു. എങ്കിലും ഇത് അല്‍പം കൂടി ഗുരുതരമായാണ് അനുഭവപ്പെടാറ്. പെട്ടെന്ന് കുത്തുന്ന വേദനയാണ് ഉണ്ടാവാറ്. ഇത് ചെവിക്കു മാത്രമുളള അസുഖമായിക്കണ്ട് ഡോക്ടറുടെ ഉപദേശം തേടുകയാണ് വേണ്ടത്.

തൊണ്ടവേദന

തൊണ്ടവേദനയാണ് ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യത്തേത്. ഇതേത്തുടര്‍ന്ന് മൂക്കൊലിപ്പ് ഉണ്ടാവുന്നു. തുടര്‍ന്ന് മൂക്കടപ്പ്. പകര്‍ച്ചപ്പനിയിലും തൊണ്ടവേദന ഉണ്ടാവുന്നു. എന്നാല്‍ ഇതിനൊപ്പം ശരീരവേദന, തളര്‍ച്ച, ശരീരോഷ്മാവ് ഇവയൊക്കെ അനുബന്ധമായി വരുന്നു എന്ന വ്യത്യാസമുണ്ട്

.

മൂക്കടപ്പ്

ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കടപ്പും മൂക്കൊലിപ്പും. ശരീരത്തിന് മറ്റ് അസുഖങ്ങളൊന്നും അനുഭവപ്പെടുന്നില്ലെങ്കില്‍ ജലദോഷമാണ്. മൂക്കടപ്പ് പകര്‍ച്ചപ്പനിയിലും ഉണ്ടാവാം. എന്നാല്‍ ഒപ്പം തളര്‍ച്ചയും ശരീര വേദനയും ശരീരോഷ്മാവ് വര്‍ധനയും ഉണ്ടാവും.
സൈനസിന് ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നത് ജലദോഷത്തിന്റെയും പകര്‍ച്ചപ്പനിയുടെയും ലക്ഷണമാണ്. സൈനസ് ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ വേദന, മുഖത്ത് മര്‍ദമോ വീക്കമോ തോന്നുക (പ്രത്യേകിച്ച് കവിളെല്ലിനോടടുത്തും മൂക്കിന്റെ പാലത്തിലും കണ്ണിനു പിന്നിലും നെറ്റിത്തടത്തിലും). ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൈനസ് ഇന്‍ഫെക്ഷന് ചികിത്സ തേടേണ്ടതാണ്.

 

ടെസ്റ്റ്

ജലദോഷമാണോ പകര്‍ച്ചപ്പനിയാണോ എന്നറിയാന്‍ പനി തുടങ്ങി ആദ്യത്തെ രണ്ടു ദിവസത്തിനകം ഡോക്ടറെ കാണേണ്ടതുണ്ട്. 30 മിനിറ്റ് കൊണ്ട് രോഗം ടെസ്റ്റിലൂടെ തിരിച്ചറിയാന്‍ ഡോക്ടര്‍ക്കു സാധിക്കും. പകര്‍ച്ചപ്പനിയാണെങ്കില്‍ ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കി ലക്ഷണങ്ങള്‍ കുറച്ച് രോഗം സുഖപ്പെടുത്താന്‍ സാധിക്കും. ത്രോട്ട് സ്വാബ് ടെസ്റ്റിലൂടെയാണ് രോഗം തിരിച്ചറിയുക.

 

ആന്റി ബയോട്ടിക്

വൈറല്‍ രോഗങ്ങളാണ് ജലദോഷവും പകര്‍ച്ചപ്പനിയും. അതുകൊണ്ടുതന്നെ ആന്റി ബയോട്ടിക്കുകള്‍ ഫലപ്രദമല്ല. ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കി അസുഖത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. പകര്‍ച്ചപ്പനിയാണെന്നു കണ്ടെത്തി ആന്റി വൈറല്‍ മരുന്നുകള്‍ ഡോക്ടര്‍ നല്‍കിയെങ്കില്‍ അസുഖം തുടങ്ങി ആദ്യത്തെ രണ്ടുദിനത്തിനകം നിങ്ങള്‍ അതു കഴിച്ചു തുടങ്ങിയിരിക്കണം. രോഗം കാഠിന്യമാകാന്‍ സാധ്യത ഉള്ളവര്‍ അല്‍പം താമസിച്ചായാലും മരുന്നുകള്‍ കഴിക്കുന്നതാണ് നല്ലത്. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണമെന്നുമാത്രം.
കൈ കഴുകി രോഗം അകറ്റാം
പകര്‍ച്ചപ്പനിയും ജലദോഷവും വരാതിരിക്കാന്‍ കൈ എപ്പോഴും വൃത്തിയാക്കി വയ്‌ക്കേണ്ടതുണ്ട്. സാധാരണ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി കൈ എപ്പോഴും വൃത്തിയാക്കി വയ്ക്കണം. കഴുകുമ്പോള്‍ 20 സെക്കന്റെങ്കിലും കൈകള്‍ കൂട്ടിത്തിരുമ്മണം. സോപ്പില്ലെങ്കില്‍ 60 ശതമാനമെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ ആകാം. അണുനാശിനികള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവ കൈയില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. തുടച്ചുകളയരുത്. കൈ കഴുകിയിട്ടില്ലെങ്കില്‍ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക.
പകര്‍ച്ചപ്പനി, ജലദോഷം എന്നിവയുടെ കാലത്ത് കൈകള്‍ ഇടവിട്ട് കഴുകുന്നത് രോഗം അകറ്റും. പ്രത്യേകിച്ച് ചുമ, മൂക്കുചീറ്റല്‍, മൂക്കു തുടയ്ക്കല്‍, തുമ്മല്‍ എന്നിവയ്ക്കുശേഷം. കൈകളിലേക്ക് തുമ്മുകയോ ചുമയ്ക്കുകയോ അരുത്. ടൗവ്വലോ, ടിഷ്യുപേപ്പറോ ഉപയോഗിക്കുക. ഇല്ലെങ്കില്‍ ഷര്‍ട്ടിന്റെ കോളര്‍ വശമോ, കൈമുട്ട് ഭാഗമോ ഉപയോഗിച്ച് മൂക്കും വായയും മറച്ച് തുമ്മുക.

 

രോഗ പ്രതിരോധം

പകര്‍ച്ചപ്പനി സമയമാണെങ്കില്‍ രോഗപ്രതിരോധം നേടുന്നത് നല്ലതാണ്. ഇത് ഫ്‌ളൂ വൈറസ് ഒരു പ്രത്യേക അളവില്‍ അടങ്ങിയ മരുന്നാണ്. രോഗകാരികളായ വൈറസുകളെ തുരത്താന്‍ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ആറുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും 50 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ദീര്‍ഘകാല ചികിത്സയിലുള്ളവര്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്.
രണ്ടു വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും നേസല്‍ മിസ്റ്റ് വാക്‌സിന്‍ ചെയ്ത് രോഗപ്രതിരോധം നേടാം.

 

 

 

 

 

 

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.