2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ന്യൂനമര്‍ദം: കടല്‍ പ്രക്ഷുബ്ധമാകും; 27 മുതല്‍ മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: ന്യൂനമര്‍ദം രൂപപ്പെട്ടുവരുന്നതിനാല്‍ ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാവുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ധധമാകും.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. ഈ മേഖലയില്‍ ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാകാനും നാളെ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. 27ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 മുതല്‍ 70കിലോമീറ്റര്‍ വരെയാകും. 28ന് കേരള തീരത്ത് മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും തമിഴ്‌നാട് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റടിക്കും.
മത്സ്യത്തൊഴിലാളികള്‍ 27 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 27ന് പുലര്‍ച്ചെ 12 മണിയോടെ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

ചുഴലിക്കാറ്റിന് സാധ്യത;  കേരളത്തിലും മഴ ലഭിച്ചേക്കും

 

കെ.ജംഷാദ്

കോഴിക്കോട്: ഭൂമധ്യ രേഖാ പ്രദേശത്തിനു സമീപം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദം ഫാനി ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ഇത് കേരളത്തില്‍ ശക്തമായ മഴക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.
ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് ലഭിക്കുന്ന വേനല്‍മഴയില്‍ കുറവുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാകും വേനല്‍മഴ ലഭിക്കുക. എന്നാല്‍ ഈമാസം 28 മുതല്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഈ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യത്തെ ന്യൂനമര്‍ദമാണിത്. ഇപ്പോഴത്തെ ചക്രവാതച്ചുഴി ഇന്ന് തന്നെ ന്യൂനമര്‍ദമായി മാറാനാണ് സാധ്യതയെന്നും തുടര്‍ന്ന് 36 മണിക്കൂറിനകം ശക്തിപ്രാപിച്ച് ഡിപ്രഷനായി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
തുടര്‍ന്ന് വീണ്ടും ശക്തിപ്പെട്ട് 29 നകം ചുഴലിക്കാറ്റായി മാറാനും തമിഴ്‌നാട്ടിലെ മധുരൈക്കും ചെന്നൈക്കും ഇടയില്‍ കരതൊടാനുമാണ് സാധ്യത. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ പാത സംബന്ധിച്ച് കൃത്യമായ വിവരം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ന്യൂനമര്‍ദം രൂപപ്പെട്ട ശേഷമാകും ഇതുണ്ടാകുക. വിദേശകാലാവസ്ഥാ ഏജന്‍സികളുടെ നിഗമനം അനുസരിച്ചും ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ സമുദ്രോപരിതല താപനില, മഴമേഘങ്ങളുടെ സമൂഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) തുടങ്ങിയ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നു.  ഭൂമധ്യരേഖാ പ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യം കേരളത്തില്‍ മഴക്ക് അനുകൂലമാണ്. ചുഴലിക്കാറ്റാകുകയും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുകയും ചെയ്താല്‍ ഈ മാസം അവസാനം വടക്കന്‍ കേരളത്തിലെ ജില്ലകളിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷകര്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തിന് നേരിട്ട് പ്രത്യാഘാതമുണ്ടാക്കില്ലെങ്കിലും മഴയും കാറ്റും പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News