2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും: നഖ്‌വി

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയാണ് ഇതെന്നും മന്ത്രി അറിയിച്ചു. അഞ്ചുകോടി വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 50 ശതമാനം പെണ്‍കുട്ടികളായിരിക്കും.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്. ഇത് പരിഹരിക്കാന്‍ വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും നല്‍കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സ് അവര്‍ക്കായി ഒരുക്കും. ഇതിനായി പ്രശസ്തമായ സ്ഥാപനങ്ങളുടെ സഹായം തേടും. ഇവര്‍ക്ക് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ ശാക്തീകരണം ഉറപ്പാക്കും.
ഇതിന് പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ബീഗം ഹസ്രത്ത് മഹല്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കും. സ്‌കൂളുകള്‍, കോളജുകള്‍, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍, ഗുരുകുലം മാതൃകയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പ്രയോജനപ്പെടുത്തും.
വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പഠിക്കൂ, പഠിപ്പിക്കൂ എന്ന പേരില്‍ ബോധവല്‍ക്കരണ കാംപയിന്‍ രാജ്യവ്യാപകമായി നടത്തും. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ മുഖ്യമായും ലക്ഷ്യം വച്ചാണ് ഇത് നടത്തുക.
സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ മടികാണിക്കുന്ന രക്ഷിതാക്കളുടെ അവസ്ഥ തിരിച്ചറിഞ്ഞാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീ-യുവാക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലേക്കുള്ള വിവിധ ജോലികള്‍ക്കുള്ള പരീക്ഷ, ബാങ്കിങ്, സ്റ്റാഫ് സെലക്ഷന്‍, റെയില്‍വേ തുടങ്ങിയ പരീക്ഷകള്‍ എന്നിവക്ക് സൗജന്യ കോച്ചിങ് നല്‍കുമെന്നും നഖ്‌വി അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് മദ്‌റസാ അധ്യാപകര്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ പരിശീലന പരിപാടി നല്‍കുമെന്നും മന്ത്രി അറിയിച്ചു. അടുത്തമാസം മുതല്‍ ഇവര്‍ക്കുള്ള പരിശീലന പരിപാടി രാജ്യവ്യാപകമായി തുടങ്ങും.
മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷന്റെ 112ാം ഗവേണിങ് ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി,
സമന്വയം, ഉത്തരവാദിത്തം എന്നിവയിലൂന്നിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും നഖ്‌വി പറഞ്ഞു. വിശ്വസ്തതയോടെ വളര്‍ച്ച എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.
രാജ്യത്ത് വര്‍ഗീയതയുടെയും പ്രീണന രാഷ്ട്രീയത്തിന്റെയും ‘ രോഗം’ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നും രാജ്യത്ത് ആരോഗ്യകരമായി വളര്‍ച്ചയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.