2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

നോട്ട് നിരോധനം: യഥാര്‍ഥ തിരിച്ചടി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ

 

ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിന്റെ രണ്ടാംവാര്‍ഷികദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തികരംഗത്ത് മോദി സര്‍ക്കാര്‍ കൈക്കൊണ്ട അപക്വമായ തീരുമാനങ്ങള്‍ ഒരു രാജ്യത്തെ എത്രമാത്രം വിടാതെ പിന്തുടരുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് നോട്ട് നിരോധനമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. കുറച്ചു സമയം എടുത്താല്‍ ഏതുവലിയ മുറിവും ഭേദമാവുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ ഇതല്ല സ്ഥിതി. നിരോധനംമൂലം സമ്പദ്ഘടനയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അവ കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ടു വന്നുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു. നോട്ട് നിരോധന വാര്‍ഷികത്തില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരുപേജ് വരുന്ന കുറിപ്പിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പരാമര്‍ശങ്ങള്‍.
നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ തിരിച്ചടി രാജ്യം ഇനി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) നിരക്ക് ഇടിയുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല അത്. സമ്പദ്ഘടനയുടെ അടിത്തറയായ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ നിരോധനം മൂലമുണ്ടായ ആഘാതത്തില്‍ നിന്നു മുക്തമായിട്ടില്ല. സമ്പദ്ഘടന ഞെരുക്കത്തില്‍ ആയതിനാല്‍ യുവാക്കള്‍ക്ക് ആവശ്യമായ പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഇതു തൊഴില്‍ മേഖയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഓഹരിവിപണിയെയും ബാങ്കിങ്, സഹകരണമേഖലയെയും ഇത് ബാധിച്ചു. രൂപയുടെ മൂല്യം ഇടിയുന്നതിന്റെയും എണ്ണവില മുകളിലേക്കു പോവുന്നതിന്റെയും ദുരിതം വരാനിരിക്കുന്നതേയുള്ളൂ.
യാതൊരു കൂടിയാലോചന നടത്താതെയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെയും നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത തീരുമാനം പ്രായ, മത, ലിംഗ, ഉദ്യോഗ ഭേദമില്ലാതെ രാജ്യത്തെ എല്ലാവിഭാഗം ആളുകളെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുത്തുറ്റതും വ്യക്തതയുള്ളതുമായ സാമ്പത്തിക നയങ്ങള്‍ തിരിച്ചു കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സാമ്പത്തിക അബദ്ധങ്ങള്‍ വരുംദിവസങ്ങളില്‍ ഇന്ത്യയെ ഏതുനിലക്ക് ബാധിക്കുമെന്നതു കാത്തിരുന്നു കാണണം. സാമ്പത്തിക നയരൂപീകരണം ശ്രദ്ധയോടെയും വലിയ ആലോചനയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് തിരിച്ചറിയാനുള്ള ഓര്‍മപ്പെടുത്തല്‍ ദിനമാണ് നോട്ട് നിരോധനവാര്‍ഷികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News