2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നോട്ട് നിരോധനം: പ്രധാനമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: നോട്ട് നിരോധനത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ തീരാ ദുരിതത്തിലാക്കിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

 

എന്തിനു വേണ്ടിയാണ് നോട്ട് നിരോധനമെന്നതിന് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉത്തരമില്ല. അതുകൊണ്ടു മാത്രമാണ് ക്യാഷ്‌ലെസ് എക്കോണമിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റ് സംസ്ഥാങ്ങളിലെ ധനമന്ത്രിമാരുമായി നോട്ട് നിരോധന പ്രതിസന്ധിയില്‍ ഒരുമിച്ച് നിലപാടെടുക്കാന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അത് സംബന്ധിച്ചുള്ള ചര്‍ച്ച ഡല്‍ഹിയില്‍ അടുത്താഴ്ച സംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ആവശ്യപെടുന്നില്ലെന്നും എന്നാല്‍ വായ്പയാണ് ചോദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനം അകപ്പെട്ട കടുത്ത പ്രതിസന്ധിയിലാണ്. അടുത്തമാസം ശമ്പളം നല്‍കുന്നതിനായി സംസ്ഥാനത്ത് പണം ഉണ്ടാകില്ല. കേന്ദ്രത്തോട് കൂടുതല്‍ വായ്പ ആവശ്യപ്പെടണം. വായ്പ ലഭിച്ചാല്‍ മാത്രമെ ഈ വലിയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. നോട്ട് നിരോധനത്തെ തുടര്‍ന്ന് ട്രഷറികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്തെ ശമ്പളപെന്‍ഷന്‍ വിതരണം നിലവില്‍ താറുമാറായിരിക്കുകയാണ്.

 

അതേസമയം സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന തോമസ് ഐസക്ക് വ്യക്തമാക്കി. സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാലും ഇനി പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശനിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വീണ്ടും കാണുന്നുണ്ടെന്നും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഗുണമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ കേരളത്തില്‍ നിന്നുളള സര്‍വ്വകക്ഷി സംഘത്തെ കാണാനുളള അനുമതി നേരത്തെ പ്രധാനമന്ത്രി നല്‍കിയിരുന്നില്ല. ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇനി സമയം അനുവദിച്ചാലും പോകുന്നില്ലെന്ന നിലപാട് ഐസക്ക് അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.