2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

Editorial

നോട്ട് നിരോധനം; ഒരു സെക്കന്‍ഡ് റിവ്യൂ


ശരീഫ് എക്കാപറമ്പ്@

 

‘രാത്രി 10 മണി. അയാള്‍ അസ്വസ്ഥനായി പുറത്തിറങ്ങി ടി.വിയിലേക്കും ഫോണിലേക്കും മാറിമാറി നോക്കി. പിന്നീട് ടോര്‍ച്ചുമെടുത്തു അങ്ങാടിയിലേക്ക് നടന്നു. ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍. എല്ലാവരും തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് ‘. നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ അനുഭവ കുറിപ്പല്ലിത്. 2016 നവംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനപ്രഖ്യാപനം കേട്ട ജനങ്ങളുടെ അവസ്ഥയാണിത്.
ഓപ്പറേഷനായി കാത്തിരിക്കുന്ന രോഗി, നിശ്ചയിച്ചുറപ്പിച്ച കല്യാണം, പാതി പൂര്‍ത്തിയായ വീട്, മകളുടെ കൈയിലേല്‍പ്പിച്ച ഫീസ് തുടങ്ങിയവയെല്ലാം ഒറ്റ രാത്രി കൊണ്ട് അസാധുവായി. രാവിലെ ഒരു ക്ലാസ് ചായയും കുടിച്ച് ഒരു ഏത്തപ്പഴം പേപ്പറില്‍ പൊതിഞ്ഞ് ആദ്യത്തെ ബസിന് അവര്‍ ബാങ്കിന്റെ മുന്‍പിലെത്തി. അപ്പൊഴേക്കും ബാങ്കിന്റെ മുന്‍പില്‍ നീണ്ടവരി രൂപപ്പെട്ടിരുന്നു. വരിയുടെ വലുപ്പം ഓരോ മിനുട്ടിലും കൂടിക്കൊണ്ടേയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് പത്രക്കാരന്‍ വന്നു. പത്രം വായിക്കാന്‍ എന്തെന്നില്ലാത്ത ആവേശം. മുന്‍പിലൊരാള്‍ നിവര്‍ത്തിപ്പിടിച്ച പത്രത്തില്‍ പ്രധാന മന്ത്രിയുടെ ആഹ്വാനം കണ്ടു. ‘കള്ളപ്പണം പിടിക്കുന്നതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമാണ് നോട്ടുകള്‍ നിരോധിച്ചിരിക്കുന്നത്. അതുകൊണ്ട് ജനങ്ങള്‍ സഹകരിക്കണം’. വാര്‍ത്തകണ്ട ആളുകള്‍ പരസ്പരം പറഞ്ഞു. ‘അല്‍പ്പം ബുദ്ധിമുട്ടിയാല്‍ എന്താ ഒരു നല്ല കാര്യത്തിനല്ലേ’. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനുശേഷം ബാങ്ക് തുറന്നു. അരമണിക്കൂറിനകം ആ വാര്‍ത്ത വന്നു. ‘നോട്ട് തീര്‍ന്നു’. ആദ്യത്തെ ദിവസം വലിയ ആവേശത്തോടെ വീട്ടിലേക്കു മടങ്ങിയെങ്കിലും ഒരു മാസത്തോളം ഇതു തന്നെ തുടര്‍ന്നു. ഓരോ ദിവസം കഴിയുംതോറും ആവേശവും കുറഞ്ഞുവന്നു.
15.41 ലക്ഷം കോടി രൂപയുടെ 500 ന്റെയും 1000 ന്റെയും നോട്ടുകളാണ് ഒറ്റ രാത്രികൊണ്ട് നിരോധിച്ചത്. ആകെയുള്ള നോട്ടിന്റെ 86.4 ശതമാനത്തോളം വരുമിത്. ഇരുട്ടി വെളുത്തപ്പോഴേക്കും രാജ്യം പൂര്‍ണമായും സ്തംഭിച്ചു. ബാങ്കുകള്‍ക്ക് മുന്‍പില്‍ സംഘര്‍ഷങ്ങളുണ്ടായി. പൊലിസ് ലാത്തിവീശി. നിരവധി ആളുകള്‍ കുഴഞ്ഞുവീണു. ദിവസവും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക മാപിനികളായ സെന്‍സെക്‌സും നിഫ്റ്റിയും ആറു ശതമാനത്തോളം താഴ്ന്നു. നടപ്പു സമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി രണ്ടുശതമാനത്തോളം കുറയുമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ തീരുമാനമാണെന്നാണ് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രതികരിച്ചത്.
സാധാരണ ജനങ്ങള്‍ രണ്ടായിരം രൂപ മാറിക്കിട്ടാന്‍ കഷ്ടപ്പെടുമ്പോഴും പാര്‍ട്ടി നേതാക്കന്മാരുടെ മക്കളുടെ കല്യാണങ്ങള്‍ കോടികള്‍ പൊടിച്ച് ആര്‍ഭാടമായിതന്നെ നടന്നു. പാര്‍ട്ടി മേലാളന്മാര്‍ ഡയരക്ടര്‍മാരായ ബാങ്കിലൂടെ കോടികള്‍ വെളുത്തു. അപ്പോഴും സാധാരണക്കാര്‍ രണ്ടായിരം രൂപക്കുവേണ്ടി ബാങ്കിന് മുന്‍പില്‍ നില്‍പ്പ് തുടര്‍ന്നു. അവരില്‍ ചിലരാവട്ടെ ഒരു ദിവസം രണ്ടു തവണ നോട്ട് മാറിയെടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അവരുടെ കൈ വിരലില്‍ മഷി പുരട്ടി അടയാളംവച്ചു. ഉദ്യോഗസ്ഥന്മാര്‍ ഹാഫ് ഡേ ലീവ് എടുത്ത് ബാങ്കിന് മുന്‍പില്‍ വരിനിന്നു. പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ പ്രധാനമന്ത്രി അടുത്ത വാചകക്കസര്‍ത്തുമായി വന്നു.’എനിക്കൊരു അന്‍പത് ദിവസം തരൂ. അതോടെ എല്ലാം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ നിങ്ങള്‍ തരുന്ന ഏതു ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്’. അതുകേട്ട് മോദിഭക്തരുടെ ആവേശം കൂടി.
ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന്റെ ആധാരം ജനങ്ങള്‍ ഭരണഘടനയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ്. എന്നാല്‍ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന പല അവകാശങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. മൗലികാവകാശങ്ങളില്‍ മൂന്നാമത്തേത് ചൂഷണത്തിനെതിരേയുള്ള അവകാശമാണ്. ജനങ്ങളാവട്ടെ കൊടിയ ചൂഷണത്തിന് ഇരയായതും നോട്ട് നിരോധനത്തിലൂടെയാണ്.
ഭരണകൂടം ഭരണഘടനയോട് നീതിപുലര്‍ത്തുമ്പോഴാണ് ജനങ്ങളോടുള്ള ഉത്തരവാദിത്തംനിര്‍വഹിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ കാട്ടിക്കൂട്ടുന്ന കോപ്രായത്തരങ്ങള്‍ പോലെയാകരുത് നിലനില്‍പ്പിന്റെ ആധാരശിലകളില്‍ രാജ്യം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍. നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികം വിഡ്ഢി ദിനമായും വഞ്ചനാ ദിനമായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആചരിച്ചു. ബി.ജെ.പി ഇത് കള്ളപ്പണവിരുദ്ധ ദിനമായും ആചരിച്ചു. നിരോധനകാലത്ത് ഏറ്റവും കൂടുതല്‍ നോട്ട് മാറ്റിയെടുത്തത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഡയരക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍നിന്നാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം സംഭവങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നുണ്ട്. ഏകദേശം 745 കോടി രൂപയാണ് അമിത്ഷാ മാറ്റിയെടുത്തത്.
ഈ മഹാദുരന്തത്തിന്റെ രണ്ടാം ആണ്ട് പൂര്‍ത്തിയാകുമ്പോഴുള്ള ചര്‍ച്ചകളുടെ കേന്ദ്രം റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടാണ്. തിരിച്ചെത്തിയ നോട്ട് എണ്ണിത്തീര്‍ക്കാന്‍ ഏകദേശം രണ്ടു വര്‍ഷമെടുത്തു. 2018 ഓഗസ്റ്റ് 29നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും അഥവാ 15.31 കോടി രൂപയും തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ട്. അങ്ങിനെയെങ്കില്‍ ഈ മഹാദുരന്തങ്ങളെല്ലാം അനുഭവിച്ചത് എന്തിന്. നോട്ടുനിരോധനത്തിന്റെ ഫലം കിട്ടിയതാര്‍ക്ക്. അദാനിക്കും അംബാനിക്കും നേരത്തെ വിവരം ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ്. തിരിച്ചെത്തുന്ന നോട്ടില്‍ മിനിമം മൂന്നുലക്ഷം കോടി രൂപയുടെ കമ്മിയെങ്കിലും ഉണ്ടാകുമെന്നാണ് കേരളത്തിലെ ഒരു കാവി രാഷ്ട്രീയക്കാരന്‍ ചാനലില്‍വന്ന് വെല്ലുവിളി നടത്തിയത്. എന്നിട്ടും കള്ളപ്പണം മാത്രം ആരും കണ്ടില്ല. മന്‍മോഹന്‍ സിങ് പറഞ്ഞതുപോലെ ജി.ഡി.പി രണ്ടുശതമാനം കുറഞ്ഞു.
2016 ല്‍ ഒരു ഡോളറിന് 66 രൂപയുണ്ടായിരുന്നത് 2018ല്‍ 72 രൂപയായി കൂടി. 2016 ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 66 രൂപയുണ്ടായിരുന്നത് 2018 ല്‍ 81 രൂപയായി ഉയര്‍ന്നു. അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചു. രണ്ടു വര്‍ഷത്തിന് ശേഷവും കെടുതികള്‍ അടങ്ങിയിട്ടില്ല. 1991ലെ സാമ്പത്തിക പരിഷ്‌കരണത്തിനുശേഷം ഇന്ത്യ മുന്നോട്ടുനടന്ന ദൂരമത്രയും മോദി സര്‍ക്കാരിന്റെ തല തിരിഞ്ഞ സാമ്പത്തിക നയം കൊണ്ട് ഇന്ത്യ തിരിഞ്ഞുനടക്കുകയാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണറുടെ അഭിപ്രായത്തില്‍ ഈ ദുരന്തം മറികടക്കാന്‍ ഏകദേശം ഇരുപത് വര്‍ഷമെങ്കിലും എടുക്കുമെന്നാണ്. ലളിതമായി പറഞ്ഞാല്‍ എലിയെ പേടിച്ച് ഇല്ലം ചുട്ടു. എലിയെ കിട്ടിയതുമില്ല, ഇല്ലം ചാമ്പലാവുകയും ചെയ്തു. അപ്പോഴും ആ ഗീര്‍വാണം അന്തരീക്ഷത്തില്‍ തട്ടി പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു.’ മേരെ ദേശ് വാസിയോം……….’

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.