2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

നോക്കുകുത്തിയായി ചേര്‍ത്തല താലൂക്ക് ആശുപത്രി ചികിത്സതേടി രോഗികള്‍ പുറത്തേക്ക്

ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങളില്ല. ചികിത്സതേടി രോഗികള്‍ പുറത്തേക്ക്. ട്രോമാകെയര്‍, സ്‌കാനിങ് തുടങ്ങിയ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ റോഡപകടങ്ങളില്‍പ്പെട്ട് വരുന്നവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ മാത്രമാണ്  നല്‍കുന്നതെന്ന് പരാതി.
ഇത് പലപ്പോഴും അകടത്തില്‍ പെടുന്നയാളിന്റ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന ഘട്ടത്തിലേയ്ക്ക് വഴി തുറക്കുന്നു.  ശനിയാഴ്ച ബൈക്ക് അവകട ത്തില്‍പ്പെട്ട കരുവ സ്വദേശി നിധിഷ് കുമാറിനും യഥാസമയം വേണ്ട ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിട്ടതാണ് ഇടയ്ക്ക് വെച്ച് ആ യുവാവ് മരണത്തിന് കീഴടങ്ങേണ്ടിവന്നത്. ഒരു പക്ഷെ നല്ല ചികിത്സ ഇവിടെ ലഭിച്ചിരുന്നെങ്കില്‍ അയാള്‍ രക്ഷപെടുമായിരുന്നു.ഇങ്ങനെ എത്ര എത്ര നിധീഷുമാരാണ് ചികിത്സ ലഭിക്കാതെ അകാലത്തില്‍ ഇവിടെ പൊലിഞ്ഞു പോകുന്നത്.
ദേശീയ അംഗീകാരം ലഭിച്ച ആശുപത്രിയില്‍ ഒരു ഹെല്‍ത്ത് സെന്ററിന്റെ സേവനം മാത്രമാണ് ഈ ഘട്ടത്തില്‍ ലഭിക്കുന്നതെന്ന് പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. നഗരത്തില്‍ തന്നെ എല്ലാ സൗകര്യവുമുള്ള സ്വകാര്യ ആശുപത്രികള്‍ ഉണ്ടെങ്കിലും ഇവിടുത്തെ ചികിത്സാ ചെലവ് താങ്ങാന്‍ പറ്റാത്തതിനാലാണ്  താലൂക്ക് ആശുപത്രിയെ സമീപിക്കുന്നത്.
പൊലീസ് വാഹന പരിശോധനയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിലാണ് നിധീഷ് മരിച്ചത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ച ബന്ധുവായ യുവതിക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ ചേര്‍ത്തല-കണിച്ചുകുളങ്ങര റോഡില്‍ അരീപ്പറമ്പ് പുല്ലംകുളത്തിന് സമീപമാണ് അപകടം. ഇവിടെ റോഡിലെ വളവില്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കൈകാണിച്ചപ്പോള്‍ പെട്ടെന്ന് നിര്‍ത്തിയ ലോറിക്കുപിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ രണ്ടാളെയും പോലീസ് ജീപ്പിലാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്‌കാനിംങ് ചെയ്യാനുള്ള സൗകര്യവും ചികിത്സയ്ക്ക് ട്രോമ കെയര്‍ യൂണിറ്റും ഇല്ലാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് റെഫര്‍ ചെയ്തു.
ആലപ്പുഴയിലേയ്ക്കുള്ള വഴി മദ്ധ്യേ   നിധീഷ് കുമാര്‍ മരിച്ചു.കേരളത്തില്‍ അരൂര്‍   ചേര്‍ത്തല നാലുവരി പാതയിലാണ് ഏറ്റവും കൂടുതല്‍ റോഡപകടം ഉണ്ടാകുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ വിലയിരുത്തല്‍.
എന്നാല്‍ ഈ മേഖലയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് വേണ്ട ചികിത്സ ലഭിക്കണമെങ്കില്‍ എറണാകുളത്തോ ആലപ്പുഴയിലോ എത്തിക്കേണ്ട അവസ്ഥയാണ്. ദേശീയപാതയോട് അടുത്തു പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ മികച്ച ചികിത്സയ്ക്കുള്ള സംവിധാനമെരുക്കിയാല്‍ വിലപ്പെട്ട പല ജീവനേയും രക്ഷിക്കാനാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.